നിലവില്‍ മലയാളത്തിലെ ഏറ്റവും മൂല്യമേറിയ താരമാണ് മോഹന്‍ലാല്‍. കഴിഞ്ഞവര്‍ഷം നടനായും താരമായും ഒരുപോലെ അഴിഞ്ഞാടിയ മോഹന്‍ലാല്‍ 2026ലും അത് തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ലൈനപ്പും പ്രതീക്ഷ നല്‍കുന്നതാണ്. നായകനായെത്തുന്ന സിനിമകള്‍ക്ക് പുറമെ മറ്റ് പ്രൊജക്ടുകളില്‍ അതിഥിവേഷത്തിലും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
പൃഥ്വിരാജ് നായകനാകുന്ന ഖലീഫയാണ് ഇതില്‍ പ്രധാനം. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വളരെ ശക്തമായ വേഷമാണ് മോഹന്‍ലാലിന്റേത്. മാമ്പറക്കല്‍ അഹമ്മദ് അലി എന്ന ഗ്യാങ്സ്റ്ററായാണ് മലയാളത്തിന്റെ മോഹന്‍ലാല്‍ വേഷമിടുന്നത്. ചിത്രത്തിന്റെ സെറ്റില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്‌തെന്നാണ് പുതിയ റിപ്പോര്‍ട്ട്.
എറണാകുളത്ത് പുരോഗമിക്കുന്ന പുതിയ ഷെഡ്യൂളില്‍ മോഹന്‍ലാലും പങ്കെടുക്കുന്നുണ്ടെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൃഥ്വിരാജും മോഹന്‍ലാലുമൊത്തുള്ള സീനുകളാണ് ഷൂട്ട് ചെയ്യുന്നത്. എത്ര ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ഖലീഫക്കായി നല്‍കിയിരിക്കുന്നതെന്ന് ഇനിയും വ്യക്തമല്ല. എമ്പുരാന് ശേഷം പൃഥ്വിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്.
രണ്ട് ഭാഗങ്ങളിലായാണ് ഖലീഫ ഒരുങ്ങുന്നത്. ആദ്യ ഭാഗത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിര്‍ അലിയുടെ കഥയാണെങ്കില്‍ രണ്ടാം ഭാഗം കൂടുതലും കേന്ദ്രീകരിക്കുന്നത് അഹമ്മദ് അലിയുടെ കഥാപാത്രത്തെയാണ്. ഖലീഫയുടെ പ്രൊമോയില്‍ ഇന്ദ്രന്‍സിന്റെ കഥാപാത്രം അഹമ്മദ് അലിയെന്ന കഥാപാത്രത്തിന് നല്‍കുന്ന ബില്‍ഡപ്പ് അതിഗംഭീരമാണ്.
ഈ വര്‍ഷം ഓണം റിലീസായാണ് ഖലീഫ പ്രേക്ഷകരിലേക്കെത്തുക. ദുബായ്, ലണ്ടന്‍, ഹൈദരബാദ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. പോക്കിരിരാജക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന L365 എന്നിവയാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രങ്ങള്‍. മഹേഷ് നാരായണന്റെ പാട്രിയറ്റ്, നെല്‍സണ്‍ ഒരുക്കുന്ന ജയിലര്‍ 2 എന്നീ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടുക. കഴിഞ്ഞവര്‍ഷത്തേത് പോലെ ഈ വര്‍ഷവും മോഹന്‍ലാല്‍ തൂക്കുമെന്നാണ് കരുതുന്നത്.
Content Highlight: Reports that Mohanlal joined in the sets of Khalifa movie