ഇന്ത്യന്‍ സിനിമയിലെ വെറ്റെറന്‍ സംവിധായകനാണ് മണിരത്‌നം. പ്രേക്ഷകരെ എല്ലാ കാലത്തും വിസ്മയിപ്പിച്ച മണിരത്‌നത്തിന്റെ അവസാന ചിത്രം ഹൈപ്പിനോട് നീതി പുലര്‍ത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മോശം സിനിമയായാണ് തഗ് ലൈഫിനെ പലരും വിലയിരുത്തുന്നത്. എന്നാല്‍ തഗ് ലൈഫിന് ശേഷം തന്റെ സ്‌ട്രോങ് സോണായ റൊമാന്റിക് ഡ്രാമയിലേക്ക് അദ്ദേഹം തിരിച്ചുപോകുന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. സിലമ്പരസനെ നായകനാക്കി ഒരുക്കാന്‍ പ്ലാന്‍ ചെയ്ത് പ്രൊജക്ടിലേക്ക് വിജയ് സേതുപതി വന്നിരിക്കുകയാണ്. അരസനടക്കം മൂന്ന് സിനിമകളുടെ തിരക്കിലായതിനാലാണ് എസ്.ടി.ആര്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെക്ക ചിവന്ത വാനത്തിന് ശേഷം മണിരത്‌നം- വിജയ് സേതുപതി കോമ്പോ ഒന്നിക്കുന്ന പ്രൊജക്ടാകും ഇത്. ചിത്രത്തിലെ നായികയായി സായ് പല്ലവിയും വേഷമിടുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഒപ്പം വര്‍ക്ക് ചെയ്യണമെന്ന് താന്‍ ഒരുപാട് ആഗ്രഹിക്കുന്ന നടിയാണ് സായ് പല്ലവിയെന്ന് അടുത്തിടെ മണിരത്‌നം പറഞ്ഞിരുന്നു. ഈ കോമ്പോ എങ്ങനെയുണ്ടെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് 2026 പൊങ്കലിന് നടത്തുമെന്നാണ് പുതിയ വിവരം. 2026 ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിജയ് സേതുപതി- സായ് പല്ലവിയും തമ്മിലുള്ള കെമിസ്ട്രി തന്നെയാകും ചിത്രത്തിന്റെ ഹൈലൈറ്റ്. എ.ആര്‍. റഹ്‌മാന്‍ തന്നെയാകും ഈ ചിത്രത്തിന്റെ സംഗീതം.
വന്‍ ഹൈപ്പിലെത്തി ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാത്ത തഗ് ലൈഫിന്റെ നിരാശ ഈ പ്രൊജക്ടിലൂടെ മണിരത്‌നം മാറ്റുമെന്നാണ് കരുതുന്നത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്. 250 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 100 കോടി പോലും നേടാനാകാതെയാണ് കളംവിട്ടത്.
നേരത്തെ മണിരത്‌നത്തിന്റെ അടുത്ത പ്രൊജക്ടിലേക്ക് പല പേരുകളും നായകസ്ഥാനത്ത് ഉയര്‍ന്നുകേട്ടിരുന്നു. ധ്രുവ് വിക്രം, അശോക് സെല്‍വന്‍ എന്നിവര്‍ നായകനായി വേഷമിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഏറ്റവുമൊടുവില്‍ വിജയ് സേതുപതിക്ക് നറുക്ക് വീഴുകയായിരുന്നു. 2026 ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: Reports that Maniratnam’s next project with Vijay Sethupathi and Sai Pallavi in lead