WWEയെക്കുറിച്ച് മലയാള സിനിമ, ഗസ്റ്റ് റോളില്‍ മമ്മൂട്ടിയും, ചര്‍ച്ചയായി ചത്ത പച്ച
Malayalam Cinema
WWEയെക്കുറിച്ച് മലയാള സിനിമ, ഗസ്റ്റ് റോളില്‍ മമ്മൂട്ടിയും, ചര്‍ച്ചയായി ചത്ത പച്ച
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd October 2025, 10:18 pm

90’s കിഡ്‌സിന്റെ നൊസ്റ്റാള്‍ജിയകളിലൊന്നാണ് റെസ്‌ലിങ് കായികയിനമായ WWE. സ്‌ക്രിപ്റ്റഡായിട്ടുള്ള പ്രോഗ്രമായിരുന്നെങ്കിലും പല WWE താരങ്ങള്‍ക്കും കേരളത്തില്‍ ആരാധകരുണ്ട്. അണ്ടര്‍ ടേക്കര്‍, ജോണ്‍ സീന, ബിഗ് ഷോ, റോമന്‍ റെയ്ന്‍സ് തുടങ്ങിയവര്‍ക്ക് വലിയ ഫാന്‍ ഫോളോയിങ്ങുണ്ട്. ഈ കായികയിനത്തെ ആസ്പദമാക്കി മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ചത്ത പച്ച.

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍. റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി WWE ആസ്പദമാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് ചത്ത പച്ചയെന്നതും സിനിമാപ്രേമികളെ ആവേശത്തിലാക്കുന്നുണ്ട്.

ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും അതിഥിവേഷത്തിലെത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അണിയറപ്രവര്‍ത്തകര്‍ മമ്മൂട്ടിയുമായി ചര്‍ച്ച നടത്തിയെന്നും അധികം വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് സൂചന. കോച്ചിന്റെ വേഷത്തിലാകും മമ്മൂട്ടി ചത്ത പച്ചയില്‍ വേഷമിടുകയെന്നും കേള്‍ക്കുന്നുണ്ട്.

കൊച്ചിയിലെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് നടത്തുന്ന ക്ലബ്ബും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വലുതാകുന്നതുമാണ് ചിത്രത്തിന്റെ കഥയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമറക്ക് പിന്നിലും വമ്പന്‍ ക്രൂവാണ് അണിനിരക്കുന്നത്. കലൈ കിങ്‌സ്റ്റനാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പ്രേമത്തിനും ഭീഷ്മ പര്‍വത്തിനും ശേഷം ആനന്ദ് സി. ചന്ദ്രന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്.

ബോളിവുഡ് വമ്പന്മാരായ ശങ്കര്‍- എഹ്‌സാന്‍- ലോയ് ട്രയോയാണ് ചത്ത പച്ചയുടെ സംഗീതം ഒരുക്കുന്നത്. ബോളിവുഡ്, തെലുങ്ക്, തമിഴ് എന്നീ ഇന്‍ഡസ്ട്രികളില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ച ട്രയോയുടെ മലയാളത്തിലെ അരങ്ങേറ്റം കൂടിയാണ് ചിത്രം. സാധാ സ്‌പോര്‍ട്‌സ് സിനിമ എന്നതിലുപരി ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സാകും ചിത്രമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ചിത്രത്തിന്റെ ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2026 ആദ്യപകുതിയില്‍ ചത്ത പച്ച തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. ഒരു തലമുറയുടെ നൊസ്റ്റാള്‍ജിയയെക്കുറിച്ച് ഒരുക്കുന്ന ചിത്രം സിനിമാപ്രേമികള്‍ക്ക് മികച്ച ദൃശ്യാനുഭവമാകുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Reports that Mammootty will do a cameo in Chatha Pacha movie starring Arjun Ashokan