ലോകേഷിന് 75 കോടി, അനിരുദ്ധിന് 25 കോടി, AA 23യില്‍ അല്ലുവിന് എങ്ങനെ പോയാലും 300 കോടിയാകും പ്രതിഫലമെന്ന് ആരാധകര്‍
Indian Cinema
ലോകേഷിന് 75 കോടി, അനിരുദ്ധിന് 25 കോടി, AA 23യില്‍ അല്ലുവിന് എങ്ങനെ പോയാലും 300 കോടിയാകും പ്രതിഫലമെന്ന് ആരാധകര്‍
അമര്‍നാഥ് എം.
Monday, 9th March 2026, 10:50 pm

കൈതി 2 പ്രതീക്ഷിച്ചിരുന്നവര്‍ക്ക് മുന്നില്‍ ലോകേഷ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു AA 23. തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനെ നായകനാക്കി ലോകേഷ് അടുത്ത ചിത്രമൊരുക്കുന്നു എന്ന വാര്‍ത്ത പലരെയും അത്ഭുതപ്പെടുത്തി. കൂലി പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാത്തതിന് പിന്നാലെ ലോകേഷ് വലിയ സൈബര്‍ അറ്റാക്ക് നേരിട്ടിരുന്നു.

ഇതിന് മറുപടി നല്‍കാനാണ് അല്ലു അര്‍ജുനുമൊത്തുള്ള പ്രൊജക്ട് ചെയ്യുന്നതെന്നാണ് പലരുടെയും അഭിപ്രായം. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ട് ആരംഭിക്കുന്ന ചിത്രം 2027ല്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. കൂലിയില്‍ 50 കോടി പ്രതിഫലം വാങ്ങിയ ലോകേഷ് ഈ ചിത്രത്തില്‍ 75 കോടിയാകും പ്രതിഫലമായി വാങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.

 

ചിത്രത്തിലെ സംവിധായകന്‍ 75 കോടിയോളം വാങ്ങുമ്പോള്‍ നായകനായ അല്ലു അര്‍ജുന്‍ എത്രയാകും പ്രതിഫലം വാങ്ങുകയെന്നാണ് പലരും കണക്കുകൂട്ടുന്നത്. പുഷ്പ 2ലും ഇനി പുറത്തിറങ്ങാനുള്ള AA 22ലും ഫിക്‌സഡ് പ്രതിഫലത്തിന് പകരം ലാഭവിഹിതമാണ് അല്ലു വാങ്ങുന്നത്. ഈ ചിത്രത്തിലും അങ്ങനെ തന്നെയാകുമോ എന്നാണ് പലരും കരുതുന്നത്. എങ്ങനെ പോയാലും 300 കോടിയിലധികമാകും ഈ ചിത്രത്തിലൂടെ അല്ലുവിന് ലഭിക്കുകയെന്നാണ് കണക്കൂകൂട്ടല്‍.

അല്ലുവും ലോകേഷും മാത്രമല്ല, സംഗീത സംവിധായകനായ അനിരുദ്ധിനും റെക്കോഡ് പ്രതിഫലമാകും ഈ ചിത്രത്തില്‍ ലഭിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. 25 കോടിയാകും അനിരുദ്ധിന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഗീത സംവിധായകനും സംവിധായകനും റെക്കോഡ് പ്രതിഫലം വാങ്ങുന്ന ചിത്രത്തിന്റെ ബജറ്റ് എത്രയാകുമെന്നും സിനിമാപേജുകള്‍ കണക്കുകൂട്ടുന്നു.

രാജമൗലിക്ക് ശേഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമുയര്‍ന്ന പ്രതിഫലം വാങ്ങുന്ന സംവിധായകനായി ലോകേഷ് മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. എന്നാല്‍ പ്രതിഫലം ഉയരുന്തോറും സിനിമയുടെ ക്വാളിറ്റി കുറയാന്‍ പാടില്ലെന്നും കൂലി ഉദാഹരണമാക്കി പലരും അഭിപ്രായപ്പെടുന്നുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തമിഴിലെ ബ്രാന്‍ഡ് സംവിധായകനെന്ന് പേരെടുത്ത ലോകേഷ് പഴയതിലും ശക്തമായി തിരിച്ചുവരുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ അണിനിരന്ന കൂലി പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ലോകേഷിന് തിരിച്ചടിയായത്. വിക്രത്തിലൂടെ ആരംഭിച്ച സിനിമാറ്റിക് യൂണിവേഴ്‌സ് എങ്ങുമെത്താത്ത രീതിയിലാക്കിയതും ട്രോളിന് കാരണമായി. ഒരുകാലത്ത് പലരും തലയിലേറ്റി കൊണ്ടാടിയ ലോകേഷ് ട്രോള്‍ മെറ്റീരിയലായത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്.

Content Highlight: Reports that Lokesh charging remuneration of 75 crores in AA 23 movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം