മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഏറ്റവും വലിയ ക്രൗഡ്പുള്ളറായ മലയാളി താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. 14 വര്‍ഷം കൊണ്ട് ദുല്‍ഖര്‍ സിനിമാലോകത്ത് സൃഷ്ടിച്ച സാമ്രാജ്യം ചെറുതല്ല. ഭാഷാതിര്‍ത്തികള്‍ കടന്നും ദുല്‍ഖര്‍ തന്റെ റേഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിന് മുമ്പ് തെലുങ്കില്‍ കരിയറിലെ ആദ്യ 100 കോടി ചിത്രം സൃഷ്ടിച്ചതും ദുല്‍ഖറിന്റെ സ്റ്റാര്‍ഡത്തിന്റെ തെളിവാണ്.
മലയാളസിനിമയില്‍ നിന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി താരം മാറിനില്‍ക്കുകയാണ്. കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം തുടര്‍ച്ചയായി അന്യഭാഷാ സിനിമകളില്‍ മാത്രമായിരുന്നു ദുല്‍ഖര്‍ ശ്രദ്ധ നല്‍കിയത്. തിരിച്ചുവരവില്‍ ഗംഭീര പ്രൊജക്ടുകളാണ് താരം തെരഞ്ഞടുത്തിരിക്കുന്നത്. ഈ വര്‍ഷം റിലീസിന് തയാറെടുക്കുന്ന ഐ ആം ഗെയിം അതിന് ഉദാഹരണമാണ്.
I’m game/ Dulquer salmaan X page
ആര്‍.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. അവസാനഘട്ട ഷൂട്ടിലേക്ക് കടക്കുന്ന ഐ ആം ഗെയിം ഈ വര്‍ഷത്തെ ഓണം റിലീസാണ് ലക്ഷ്യം വെക്കുന്നത്. പൊസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ കരിയറിലെ ആദ്യ ഇന്‍ഡസ്ട്രി ഹിറ്റ് ഐ ആം ഗെയിമിലൂടെ പിറവിയെടുക്കും. ഈ വര്‍ഷത്തെ മാത്രമല്ല, അടുത്ത വര്‍ഷത്തെ ഓണം സീസണും ദുല്‍ഖര്‍ നോട്ടമിട്ടിരിക്കുകയാണ്.
ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകഃയുടെ രണ്ടാം ഭാഗം 2027 ഓണം റിലീസായി പ്രേക്ഷകരിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യഭാഗത്തില്‍ അതിഥിവേഷം ചെയ്ത ടൊവിനോയാണ് രണ്ടാം ഭാഗത്തിലെ നായകന്‍. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
ഇതോടെ തുടര്‍ച്ചയായ മൂന്ന് ഓണം സീസണ്‍ ദുല്‍ഖര്‍ സ്വന്തമാക്കിയേക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഒപ്പം ക്ലാഷിനിറങ്ങുന്ന സിനിമകളെ മറികടന്ന് ബോക്‌സ് ഓഫീസില്‍ ഐ ആം ഗെയിമും ലോകഃ 2വും മുന്നേറുമെന്നാണ് പ്രതീക്ഷ. ഐ ആം ഗെയിമിനൊപ്പം നിലവില്‍ രണ്ട് സിനിമകളാണ് ക്ലാഷിനെത്താന്‍ സാധ്യത.
പൃഥ്വിരാജ് നായകനായ ഖലീഫയാണ് ഇതില്‍ പ്രധാനം. വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഗ്യാങ്സ്റ്റര്‍ ത്രില്ലറാണ്. മാമ്പറക്കല്‍ അമീര്‍ അലി എന്ന സ്വര്‍ണക്കടത്തുകാരനായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മലയാളത്തിന്റെ മോഹന്‍ലാലും ഖലീഫയില്‍ അതിഥിവേഷം കൈകാര്യം ചെയ്യുന്നുണ്ട്. അമീറിന്റെ മുത്തശ്ശന്‍ മാമ്പറക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് ഖലീഫയില്‍ മോഹന്‍ലാല്‍ വേഷമിടുക.
ഖലീഫ, ബെത്‌ലഹേം കുടുംബ യൂണിറ്റ് Photo: Reddit
ഗിരീഷ് എ.ഡി- നിവിന്‍ പോളി കോമ്പോയിലൊരുങ്ങുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റും ഈ വര്‍ഷത്തെ ഓണം റിലീസാണ് ലക്ഷ്യമിടുന്നത്. ഈ സിനിമകളെ മറികടന്ന് ഐ ആം ഗെയിം ഓണ കപ്പ് തൂക്കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
Content Highlight: Reports that Lokah Chapter two aiming for 2027 Onam release