പ്രഭാസില്ലാതെ കല്‍ക്കി 2 ഷൂട്ട് അടുത്ത മാസം തുടങ്ങും, ഒരുങ്ങുന്നത് കൊലകൊല്ലി ഐറ്റം
Indian Cinema
പ്രഭാസില്ലാതെ കല്‍ക്കി 2 ഷൂട്ട് അടുത്ത മാസം തുടങ്ങും, ഒരുങ്ങുന്നത് കൊലകൊല്ലി ഐറ്റം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th September 2025, 5:30 pm

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു കല്‍ക്കി 2898 എ.ഡി. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം പ്രഭാസിന് ലഭിച്ച ഏറ്റവും മികച്ച തിരിച്ചുവരവായിരുന്നു ഈ ചിത്രം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 1000 കോടിയായിരുന്നു സ്വന്തമാക്കിയത്. ബാഹുബലി 2-ന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ചിത്രമായി കല്‍ക്കി മാറി.

രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. മഹാഭാരത കാലത്ത് ആരംഭിച്ച് എ.ഡി. 2898ല്‍ അവസാനിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. മേക്കിങ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും കല്‍ക്കി ഗംഭീര ദൃശ്യവിസ്മയമായി മാറി. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് ആരംഭിക്കുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍.

 

ഒക്ടോബറില്‍ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നായകനായ പ്രഭാസില്ലാതെയാണ് രണ്ടാം ഭാഗത്തിന്റെ ഷൂട്ട് ആരംഭിക്കുക. ആദ്യഭാഗത്തില്‍ വെറും 10 മിനിറ്റ് മാത്രം പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ മുഴുവന്‍ ഞെട്ടിച്ച കമല്‍ ഹാസനാണ് ആദ്യ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യുക. കഥയിലെ പ്രധാന വില്ലനായ സുപ്രീം യാസ്‌കിനെയാണ് കമല്‍ അവതരിപ്പിക്കുന്നത്.

രണ്ടാം ഭാഗത്തില്‍ ഒന്നര മണിക്കൂറോളം കമല്‍ ഹാസന് വേഷമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 70 ദിവസത്തെ ഡേറ്റാണ് കമല്‍ ഹാസന്‍ കല്‍ക്കിക്കായി നല്‍കിയിരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ കമലിന്റെ അഴിഞ്ഞാട്ടമായിരിക്കുമെന്ന് ആദ്യഭാഗത്തിന്റെ ടെയ്ല്‍ എന്‍ഡ് സൂചന നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കമലിനെ പൂര്‍ണമായും വില്ലന്‍ വേഷത്തില്‍ കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

2026 ജനുവരിയിലാകും പ്രഭാസ് കല്‍ക്കി 2വില്‍ വേഷമിടുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. രാജാ സാബിന്റെ റീഷൂട്ട്, ഫൗജിയുടെ ഷൂട്ട് എന്നിവക്ക് ശേഷം താരം സ്പിരിറ്റിന്റെ ഷൂട്ട് ആരംഭിക്കുമെന്നും റൂമറുകളുണ്ട്. ഇതിന് ശേഷമേ പ്രഭാസ് കല്‍ക്കിയില്‍ ജോയിന്‍ ചെയ്യുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2027ലാകും ചിത്രം തിയേറ്ററുകളിലെത്തുക.

അതേസമയം കല്‍ക്കിയുടെ തുടര്‍ഭാഗങ്ങളില്‍ ദീപിക പദുകോണ്‍ ഉണ്ടാകില്ലെന്ന് നിര്‍മാതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. താരത്തിന്റെ ഡിമാന്‍ഡുകള്‍ അംഗീകരിക്കാനാകാത്തതിനാലാണ് നിര്‍മാതാക്കള്‍ ഇത്തരമൊരു നീക്കം നടത്തിയത്. ദീപികയില്ലാതെ രണ്ടാം ഭാഗം എങ്ങനെ പുറത്തിറങ്ങുമെന്നാണ് പലരും ചോദിക്കുന്നത്.

Content Highlight: Reports that Kalki 2 shoot will start from next month with Kamal Hassan