വീണ്ടും മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യം, ജന നായകന്‍ ആരാധകര്‍ക്ക് വിരുന്നാകുമെന്ന് ഉറപ്പ്
Indian Cinema
വീണ്ടും മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യം, ജന നായകന്‍ ആരാധകര്‍ക്ക് വിരുന്നാകുമെന്ന് ഉറപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th December 2025, 11:11 pm

ഈ വര്‍ഷം മിസ്സായ സകല കളക്ഷന്‍ റെക്കോഡുകളും 2026ല്‍ വിജയ് തിരിച്ചുപിടിക്കുമെന്ന് ഉറപ്പുള്ള ചിത്രമായാണ് ആരാധകര്‍ ജന നായകനെ കണക്കാക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി ഇറങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രമെന്ന രീതിയിലാണ് ജന നായകന്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്. ദളപതിയുടെ അവസാന ചിത്രം എല്ലാ തരത്തിലും ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ആരാധകര്‍.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. മൂന്ന് മണിക്കൂര്‍ ആറ് മിനിറ്റാകും ജന നായകന്റെ ദൈര്‍ഘ്യമെന്നാണ് പുതിയ റിപ്പോര്‍ട്ട്. വിജയ്‌യുടെ കരിയറിലെ ഏറ്റവും ദൈര്‍ഘ്യമുള്ള സിനിമകളില്‍ രണ്ടാമത്തേതാകും ജന നായകനെന്നാണ് ഇതിന് പിന്നാലെ പലരും അഭിപ്രായപ്പെടുന്നത്. ശങ്കര്‍ സംവിധാനം ചെയ്ത നന്‍പനാണ് ഏറ്റവും ദൈര്‍ഘ്യമുള്ള ചിത്രം. മൂന്ന് മണിക്കൂര്‍ എട്ട് മിനിറ്റായിരുന്നു നന്‍പന്റെ ദൈര്‍ഘ്യം.

തുടര്‍ച്ചയായി രണ്ടാം തവണയാണ് വിജയ് ചിത്രം മൂന്ന് മണിക്കൂറിലേറെ വരുന്നത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം മൂന്ന് മണിക്കൂര്‍ രണ്ട് മിനിറ്റായിരുന്നു. അവസാനമായി വിജയ്‌യെ കാണാന്‍ തിയേറ്ററിലെത്തുന്ന ആരാധകര്‍ക്ക് പരമാവധി ട്രീറ്റ് നല്‍കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

എന്നാല്‍ ആരാധകര്‍ക്ക് ചെറിയ രീതിയില്‍ നിരാശ നല്‍കുന്ന മറ്റൊരു റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ജന നായകന്റെ ഓഡിയോ ലോഞ്ചിന് ലൈവ് ടെലികാസ്റ്റ് ഉണ്ടായേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. മലേഷ്യയില്‍ വെച്ച് നടക്കുന്ന ഓഡിയോ ലോഞ്ച് ഒരാഴ്ചക്ക് ശേഷം ടി.വിയില്‍ ടെലികാസ്റ്റ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

രണ്ട് വര്‍ഷത്തിന് ശേഷമാണ് വിജയ് ചിത്രത്തിന് ഓഡിയോ ലോഞ്ച് നടക്കുന്നത്. വാരിസിന് ശേഷം പുറത്തിറങ്ങിയ ലിയോ, ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നീ ചിത്രങ്ങള്‍ക്ക് ഓഡിയോ ലോഞ്ച് ഉണ്ടായിരുന്നില്ല. ഇത്തവണ മലേഷ്യന്‍ മണ്ണില്‍ നടക്കുന്ന ഓഡിയോ ലോഞ്ച് തമിഴകം കാണാത്ത തരത്തില്‍ ഗ്രാന്‍ഡായി അവതരിപ്പിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

മലേഷ്യയിലെ ബുക്കിത് ജലീല്‍ സ്റ്റേഡിയത്തിലാണ് ഓഡിയോ ലോഞ്ച് അരങ്ങേറുക. ദളപതിയുടെ അവസാന ‘കുട്ടി സ്റ്റോറി’ കേള്‍ക്കാന്‍ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്. തുനിവിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകനില്‍ പൂജ ഹെഗ്‌ഡേ, മമിത ബൈജു, ബോബി ഡിയോള്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Reports that Jana Nayagan movie will have duration of Three hours