ഇന്ത്യന്‍ സിനിമയിലെ സകലമാന കളക്ഷന്‍ റെക്കോഡും തകര്‍ക്കുമെന്ന് ഉറപ്പിച്ച് പറയാവുന്ന പ്രൊജക്ടാണ് എസ്.എസ്. രാജമൗലി അണിയറയില്‍ ഒരുക്കുന്നത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിനെ നായകനാക്കിയാണ് രാജമൗലി ചിത്രം ഒരുക്കുന്നത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പ്രീ പ്രൊഡക്ഷനായിരുന്നു ചിത്രത്തിന്റേത്.
ഈ വര്‍ഷം മാര്‍ച്ചില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഒഡിഷയില്‍ ആരംഭിച്ചിരുന്നു. മഹേഷ് ബാബുവിനൊപ്പം മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. എസ്.എസ്.എം.ബി 29 എന്ന് താത്കാലികമായി ടൈറ്റിലിട്ടിരിക്കുന്ന പ്രൊജക്ടിന്റെ ഫസ്റ്റ് ലുക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മഹേഷ് ബാബുവിന്റെ പിറന്നാള്‍ദിനമായ ഓഗസ്റ്റ് എട്ടിന് ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്തുവിടുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല. പകരം ഫസ്റ്റ് ലുക്ക് റിലീസിന്റെ ഡേറ്റ് മാത്രമാണ് രാജമൗലി പുറത്തുവിട്ടത്. നവംബറില്‍ ആദ്യ റിവീല്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഇപ്പോഴിതാ ഫസ്റ്റ് ലുക്ക് പുറത്തുവിടുന്നത് ലോകസിനിമ കണ്ട മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ സംവിധായകന്‍ ജെയിംസ് കാമറൂണായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാമറൂണിന്റെ ഏറ്റവും പുതിയ ചിത്രം അവതാര്‍: ഫയര്‍ ആന്‍ഡ് ആഷിന്റെ പ്രൊമോഷന്റെ ഭാഗമായി അദ്ദേഹം ഇന്ത്യയിലെത്തുന്നുണ്ടെന്നും ആ സമയത്ത് എസ്.എസ്.എംബി 29ന്റെ ഫസ്റ്റ് ലുക്കും ആദ്യ ഗ്ലിംപ്‌സും പുറത്തുവിടുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഒരു ഇന്ത്യന്‍ സിനിമക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ലോഞ്ചാണ് നവംബറില്‍ നടക്കാന്‍ പോകുന്നത്.
ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ഗ്രാന്‍ഡ് ചിത്രമാകും ഇതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ‘ഗ്ലോബ് റോട്ടര്‍’ എന്ന ടാഗ് ലൈനാണ് രാജമൗലി ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഇന്ത്യയെക്കാള്‍ കൂടുതല്‍ വിദേശ ലൊക്കേഷനുകളാണ് ചിത്രത്തിന് കൂടുതലുള്ളത്. കരിയറിലെ മൂന്ന് വര്‍ഷമാണ് മഹേഷ് ബാബു ഈ പ്രൊജക്ടിനായി മാറ്റിവെക്കുന്നത്.
ചിത്രത്തില്‍ കാശിയും പ്രധാന ലൊക്കേഷനായി വരുന്നുണ്ട്. യഥാര്‍ത്ഥ കാശിയില്‍ ഷൂട്ട് ചെയ്യുന്നത് അസാധ്യമായതിനാല്‍ ഹൈദരബാദില്‍ 57 കോടിക്ക് കാശി പുനസൃഷ്ടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ടാന്‍സാനിയ, ലണ്ടന്‍, യു.എസ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍. 2027ലാകും ചിത്രം തിയേറ്ററുകളിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്
Content Highlight: Reports that James Cameron will reveal the first look glimpse of SSMB 29