ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ക്ലാഷാണ് മാര്‍ച്ച് 19ന് അരങ്ങേറുന്നത്. ഹൈപ്പിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന രണ്ട് പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടും. ബോളിവുഡ് ചിത്രം ധുരന്ധര്‍ 2വും യഷ് നായകനായ ടോക്‌സിക്കും തമ്മിലാണ് ക്ലാഷ്. ഏത് ചിത്രമാകും ക്ലാഷില്‍ വിജയിക്കുക എന്ന വിഷയത്തില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
ഗ്രാന്‍ഡ് റിലീസാണ് ഇരുചിത്രങ്ങളും ലക്ഷ്യം വെക്കുന്നത്. ഇന്ത്യയില്‍ മാത്രം പതിനായിരത്തിനടുത്ത് സ്‌ക്രീനുകളിലാണ് രണ്ട് സിനിമകളും റിലീസ് ചെയ്യാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്‌ക്രീനുകളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ടോക്‌സിക്കാണ്. 5500 സ്‌ക്രീനുകളാണ് ടോക്‌സിക് ഇന്ത്യയില്‍ മാത്രം ലക്ഷ്യം വെക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ധുരന്ധര്‍ 2 ധുരന്ധര്‍ Photo: Theatrical Poster
ധുരന്ധറാകട്ടെ 4300 സ്‌ക്രീനുകളിലും റിലീസ് ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട്. ആദ്യഭാഗം ഹിന്ദിയില്‍ മാത്രമായിരുന്നു റിലീസ് ചെയ്തതെങ്കില്‍ രണ്ടാം ഭാഗം അഞ്ച് ഭാഷകളിലാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കുന്നത്. ഹിന്ദി വേര്‍ഷന്‍ മാത്രം റിലീസ് ചെയ്ത് കേരള, തമിഴ്‌നാട്, ആന്ധ്ര/ തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 150 കോടിയോളമായിരുന്നു ധുരന്ധറിന്റെ ആദ്യ ഭാഗം കളക്ട് ചെയ്തത്.
കെ.ജി.എഫിന് ശേഷം യഷ് നായകനാകുന്ന സിനിമ എന്നത് മാത്രമാണ് കര്‍ണാടകക്ക് പുറത്ത് ടോക്‌സിക്കിന് അഡ്വാന്റേജ് നല്‍കുന്ന പ്രധാന ഘടകം. കെ.ജി.എഫ് 2 റിലീസ് ചെയ്ത് മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് യഷ് നായകനാകുന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത്. അനൗണ്‍സ് ചെയ്ത സമയത്ത് വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഷൂട്ട് നീണ്ടുപോയതും ചിത്രത്തെക്കുറിച്ച് കേട്ട റൂമറുകളും ഹൈപ്പിന്റെ ലെവല്‍ കുറച്ചു.
Photo: screen grab/ kvn productions/ youtube.com
മൂത്തോന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കും വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. ഏറ്റവുമൊടുവില്‍ പുറത്തുവിട്ട ടീസറിനും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മൂന്ന് ലുക്കിലാണ് യഷ് ടോക്‌സിക്കില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ രണ്ട് ലുക്ക് പുറത്തുവിട്ടപ്പോള്‍ ഒരു ലുക്ക് മാത്രം സര്‍പ്രൈസായി വെച്ചിരിക്കുകയാണ്.
ഇരട്ടവേഷത്തിലാണ് യഷ് ടോക്‌സിക്കില്‍ എത്തുന്നത്. രായ, ടിക്കറ്റ് എന്നീ കഥാപാത്രങ്ങളുടെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. നിലവിലെ ഹൈപ്പില്‍ ടോക്‌സിക്കിന് ധുരന്ധറിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഇന്ത്യക്ക് പുറത്ത് മാത്രം ടോക്‌സിക്കിന് മുന്‍കൈയുണ്ടെന്നത് ഗുണകരമാണ്.
ധുരന്ധറിന്റെ ആദ്യഭാഗത്തിന് ജി.സി.സിയടക്കം ആറ് രാജ്യങ്ങളില്‍ വിലക്ക് നേരിട്ടിരുന്നു. രണ്ടാം ഭാഗത്തിനും ഇതുപോലെ വിലക്ക് നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ധുരന്ധറുംടോക്സിക്കും ക്ലാഷ് റിലീസ് ചെയ്യുമ്പോള്‍ മറ്റ് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചെറിയ സിനിമകള്‍ക്ക് വെല്ലുവിളിയാകുമെന്നും പലരും കരുതുന്നു. മലയാളത്തില്‍ ആട് 3, പ്രതിഛായ എന്നീ ചിത്രങ്ങളും തമിഴില്‍ യൂത്ത്, റേജ് എന്നീ ചിത്രങ്ങളും റിലീസിനൊരുങ്ങുന്നുണ്ട്. ഇതില്‍ ഏത് ചിത്രം കപ്പുയര്‍ത്തുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
Content Highlight: Reports that Dhurandhar 2 and Toxic movie aiming to release in 10000 screens in India