പുഷ്പ 2വിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ തന്റെ സ്റ്റാര്‍ഡം ഉയര്‍ത്തിയിരിക്കുകയാണ് അല്ലു അര്‍ജുന്‍. ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാന്റെ ജവാനെ മറികടന്ന് ഹിന്ദിയില്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് സ്വന്തമാക്കാന്‍ അല്ലുവിന് സാധിച്ചു. പുഷ്പ 2വിന് ശേഷം താരം നായകനായെത്തുന്ന ചിത്രം ഏതാകുമെന്ന് പല തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഷാരൂഖിന് ഇന്‍ഡസ്ട്രി ഹിറ്റ് സമ്മാനിച്ച അറ്റ്‌ലീയോടൊപ്പമാണ് അല്ലു കൈകോര്‍ക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഇന്ത്യന്‍ സിനിമയുടെ അഭിമാന പ്രൊജക്ടാകുമെന്നാണ് കരുതുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ അല്ലു അര്‍ജുന്‍ നാല് വേഷത്തിലെത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
മുത്തശ്ശന്‍, അച്ഛന്‍, രണ്ട് മക്കള്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളെയും അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കരിയറില്‍ ഇതുവരെ ഡബിള്‍ റോള്‍ ചെയ്യാത്ത അല്ലു അര്‍ജുന്‍ ആദ്യമായി നാല് വേഷത്തിലെത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. ആദ്യം രണ്ട് കഥാപാത്രങ്ങളെ മാത്രമാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കാനിരുന്നതെന്ന് കേള്‍ക്കുന്നു.
മറ്റ് രണ്ട് വേഷത്തിലേക്ക് തെലുങ്കിലെ മുന്‍നിര താരങ്ങളെ കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചെന്നും എന്നാല്‍ ലുക്ക് ടെസ്റ്റ് ചെയ്യാമെന്ന നിര്‍ദേശം അല്ലു അര്‍ജുന്‍ മുന്നോട്ടുവെക്കുകയായിരുന്നെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ലുക്ക് ടെസ്റ്റില്‍ അണിയറപ്രവര്‍ത്തകര്‍ ഓക്കെയായെന്നും പിന്നാലെയാണ് നാല് വേഷവും അല്ലു അര്‍ജുന്‍ തന്നെ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ബോളിവുഡ് ഹങ്കാമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാല് നായികമാരാണ് ചിത്രത്തിലുള്ളത്. ബോളിവുഡിലെ മുന്‍നിര താരമായ ദീപിക പദുകോണാണ് പ്രധാന നായിക. മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യശ്രീ ബോസ് എന്നിവരാണ് മറ്റ് നായികമാര്‍. AA 22 x A6 എന്ന് താത്കാലിക ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ മുംബൈയില്‍ പുരോഗമിക്കുകയാണ്.
650 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് കേള്‍ക്കുന്നു. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, അക്വാമാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ആര്‍ട് വര്‍ക്ക് ചെയ്ത അയണ്‍ഹെഡ് സ്റ്റുഡിയോസ്, മാര്‍വല്‍ സിനിമകള്‍ക്ക് വി.എഫ്.എക്‌സ് ചെയ്യുന്ന ലോല വി.എഫ്.എക്‌സ് തുടങ്ങി വമ്പന്‍ ക്രൂവാണ് ചിത്രത്തിനായി പ്രവര്‍ത്തിക്കുന്നത്. 2026ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
Content Highlight: Reports that Allu Arjun will play four characters in AA 22 A6 movie