കോഹ്‌ലിക്കൊപ്പം രോഹിത്തുമില്ല! സഞ്ജുവിന്റെ റീ എന്‍ട്രിയുണ്ടാകുമോ?
Cricket
കോഹ്‌ലിക്കൊപ്പം രോഹിത്തുമില്ല! സഞ്ജുവിന്റെ റീ എന്‍ട്രിയുണ്ടാകുമോ?
ഫസീഹ പി.സി.
Friday, 5th June 2026, 7:11 am

ഇന്ത്യന്‍ ടീമിന്റെ വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് പരമ്പരയാണ് ആദ്യമെത്തുന്നത്. പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയുമുണ്ട്.

വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും ഒരിക്കല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ക്രിക്കറ്റ് പ്രേമികള്‍. എന്നാല്‍, അവരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കോഹ്‌ലി ഹാംസ്ട്രിങ് ഇഞ്ചുറി കാരണം പരമ്പരയില്‍ കളിച്ചേക്കില്ലെന്നാണ് വിവരം.

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും. Photo: BCCI/x.com

രോഹിത്തിന്റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വമുണ്ട്. ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയമായാണ് താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടെന്നും താരവും അഫ്ഗാനെതിരെ കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അറിയിപ്പുകള്‍ നല്‍കിയിട്ടില്ല.

റിപ്പോര്‍ട്ടുകള്‍ യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ഓപ്പണിങ് സ്ലോട്ടിലേക്ക് ഉടനെ തന്നെ ബി.സി.സി.ഐ പ്രഖ്യാപിച്ചേക്കും. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു സാംസണിന് അവസരം കിട്ടുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

2023ലാണ് സഞ്ജു അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ ഏകദിന മത്സരം കളിച്ചത്. അന്ന് സൗത്ത് ആഫ്രിക്കക്ക് എതിരെ സെഞ്ച്വറിയടിച്ചാണ് താരം തിരികെ കയറിയത്. 114 പന്തില്‍ 108 റണ്‍സായിരുന്നു വിക്കറ്റ് കീപ്പറുടെ സമ്പാദ്യം. എന്നാല്‍, അതിന് ശേഷം താരത്തെ തേടി ഏകദിനത്തില്‍ ഒരു അവസരം പോലും ലഭിച്ചില്ല.

2023ൽ സൗത്ത് ആഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയ സംസ്ജ് സാംസൺ.

ഈ മൂന്ന് വര്‍ഷത്തിനിടയില്‍ ഇന്ത്യ വിവിധ ഏകദിന പരമ്പര കളിച്ചെങ്കിലും സഞ്ജുവിനെ തഴഞ്ഞു. ഇതിനിടയില്‍ കേരളത്തിനായി വിജയ് ഹസാരെയിലും താരം സെഞ്ച്വറി അടിച്ചു. ഓപ്പണറായി ഇറങ്ങിയതായിരുന്നു ഇത്. ഇതൊക്കെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പരിഗണിച്ചാല്‍ ചേട്ടന് ഒരു തിരിച്ചുവരവ് സാധ്യമായേക്കും.

എന്നാല്‍, ടീമില്‍ ഇതിനകം രണ്ട് വിക്കറ്റ് കീപ്പര്‍മാരുണ്ടെന്നത് സഞ്ജുവിന് തിരിച്ചടിയായേക്കും. ഓപ്പണിങ് സ്ഥാനത്തേക്ക് യുവതാരങ്ങളെ പരീക്ഷിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചാലും താരത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കേണ്ടി വരും. പക്ഷേ, അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറിയടിച്ചത് സഞ്ജുവിന് ഗുണം ചെയ്യുന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Reports Suggests Virat Kohli and Rohit Sharma  ruled out of Afghanistan ODI series; will it help Sanju Samson for a comeback?

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി