മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഈസ്റ്റര്‍ ദിനം പുലര്‍ച്ചെ സിഡ്‌നിയില്‍ നടന്ന മിന്നല്‍ പരിശോധനയിലാണ് വാര്‍ണര്‍ പിടിയിലായത്.
വഴിയരികില്‍ നിന്നിരുന്ന പൊലീസ് സംഘം ബ്രത്ത് അനലൈസര്‍ കൊണ്ട് പരിശോധിച്ചപ്പോള്‍ വാര്‍ണര്‍ മദ്യപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലും മദ്യത്തിന്റെ സാന്നിധ്യം അനുവദനീയമായതിലും ഇരട്ടിയുള്ളതായി കണ്ടെത്തി. തുടര്‍ന്ന് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഊബര്‍ വിളിച്ച് പോകുന്നതായിരുന്നു സുരക്ഷിതമെന്നും വിവേകശൂന്യമായ പ്രവര്‍ത്തിയാണ് തന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും വാര്‍ണര്‍ കുറ്റസമ്മതം നടത്തി. സിഡ്‌നി കോടതിയില്‍ താരത്തിന്റെ അഭിഭാഷകന്‍ ഹാജരായാണ് കുറ്റസമ്മതം നടത്തിയത്.
ഓഗസ്റ്റ് 18ന് ശിക്ഷ വിധിക്കുമെന്നാണ് വിവരം. ഒമ്പത് മാസം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. അല്ലെങ്കില്‍ ആറുമാസത്തേക്ക് ഡ്രൈവിങ്ങില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയോ 2200 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴ നല്‍കുകയോ ചെയ്യേണ്ടി വരും.
ഇതാദ്യമായല്ല വാര്‍ണര്‍ മദ്യപിച്ച് വാഹനമോടിച്ച കേസുകളില്‍ പിടിക്കപ്പെടുന്നത്. 2018ല്‍ പന്ത് ചുരണ്ടിയതിനെ തുടര്‍ന്ന് ഒരു വര്‍ഷം താരത്തിന് ഓസ്‌ട്രേലിയന്‍ ടീമില്‍നിന്നും വിലക്ക് ലഭിച്ചിരുന്നു. പിന്നാലെ ദേശീയ ടീമിന്റെ നേതൃസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കിയെങ്കിലും താരത്തെ പിന്നീട് ടീമിലേക്ക് തിരിച്ചെടുത്തിരുന്നു. 2013ല്‍ ഇംഗ്ലീഷ് താരം ജോ റൂട്ടിനെ ഇടിച്ച കേസിലും വാര്‍ണര്‍ സസ്‌പെന്‍ഷന്‍ വാങ്ങിയിരുന്നു.