2025 ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂസ് 24 സ്‌പോര്‍ട്‌സിലെ വൈഭവ് ഭോലയാണ് ഇക്കര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈഭവ് ഭോലയുടെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് വിവിധ കായിക മാധ്യമങ്ങളും സൂര്യയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടൂര്‍ണമെന്റില്‍ സൂര്യയുടെ ഡെപ്യൂട്ടിയായി സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലെത്തുമെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
🚨GOOD NEWS FOR INDIAN CRICKET 🚨
– Suryakumar Yadav will lead Indian team in the Asia Cup 2025. [Vaibhav Bhola from News 24 Sports] pic.twitter.com/k3cmA0gaqJ
സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ ഏഷ്യയുടെ രാജാക്കന്‍മാരാകാന്‍ കച്ചമുറുക്കും. യു.എ.ഇയിലാണ് മത്സരം.
ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. പതിവുകള്‍ തെറ്റിക്കാതെ പാകിസ്ഥാനും ഗ്രൂപ്പ് എ-യില്‍ തന്നെയുണ്ട്.
സെപ്റ്റംബര്‍ 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിത്തിലിറങ്ങുമോ എന്ന് കണ്ടുതന്നെ അറിയണം.
ഇക്കഴിഞ്ഞ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ഇന്ത്യ ചാമ്പ്യന്‍സ് പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരെ കളിച്ചിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും തമ്മിലുള്ള മത്സരം ഉപേക്ഷിക്കുകയും സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറുകയും ചെയ്തു.
ഏഷ്യാ കപ്പില്‍ ഫൈനലടക്കം മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.