തുടര്‍ച്ചയായ രണ്ടാം ദിവസവും ഷെല്ലാക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍; 15പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
national news
തുടര്‍ച്ചയായ രണ്ടാം ദിവസവും ഷെല്ലാക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍; 15പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th May 2025, 8:03 am

ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യ-പാക് നിയന്ത്രണ രേഖയില്‍ ഷെല്ലാക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍. വ്യാഴാഴ്ച പുലര്‍ച്ചെയടക്കം ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഷെല്ലാക്രമണം നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാ മേഖലയിലെ സിവിലിയന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിച്ചാണ് പാകിസ്ഥാന്‍ സൈന്യം അര്‍ധരാത്രിക്ക് ശേഷം ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെല്ലുകളും മോര്‍ട്ടാറുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രകോപനങ്ങളൊന്നുമില്ലാതെ നടന്ന വെടിവെയ്പ്പിനെതിരെ ഇന്ത്യന്‍ സായുധ സേന തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഇതുവരെ 15 പേര്‍ കൊല്ലപ്പെട്ടതായും 43 പേര്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. നാല് കുട്ടികള്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ തന്നെ പാകിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച (ഇന്നലെ) സ്ഥലത്തെ ഭൂരിഭാഗം ആളുകളെയും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു.

ഷെല്ലാക്രമണത്തില്‍ ജമ്മു മേഖലയിലെ പൂഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പട്ടണത്തിലെ പൊതുസ്ഥലത്ത് ഷെല്‍ പൊട്ടിത്തെറിച്ച് രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

പൂഞ്ച്-രജൗരി മേഖലയില്‍ ഭീംബര്‍ ഗാലിയില്‍ പാക് സൈന്യം പീരങ്കികള്‍ ഉപയോഗിച്ചതായും വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും സൈന്യം അറിയിച്ചിരുന്നു.

പഹല്‍ഹാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം ഇന്നലെ (ബുധനാഴ്ച) ആക്രമണം നടത്തിയത്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായും 60ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുലര്‍ച്ചെ 1:44 നായിരുന്നു ആക്രമണം നടത്തിയത്. മുസാഫറാബാദ്, ബഹവല്‍പൂര്‍, കോട്ലി, ചക് അമ്രു, ഗുല്‍പൂര്‍, ഭീംബര്‍, മുരിഡ്‌കെ, സിയാല്‍കോട്ടിനടുത്തുള്ള ക്യാമ്പ് എന്നിവിടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.

ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരകേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുമ്പുതന്നെ ശേഖരിച്ചിരുന്നു. വിവിധ സേനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കത്തിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നല്‍കിയത്.

Content Highlight:  reports says Pakistan shelling continues for second day; 15 killed