ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തുന്നു? റിപ്പോര്‍ട്ടുകള്‍
Cricket
ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തുന്നു? റിപ്പോര്‍ട്ടുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd November 2023, 6:07 pm

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും ഹര്‍ദികുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ന്യൂസ് 18 പറയുന്നതനുസരിച്ച് ഹര്‍ദികിന് പകരക്കാരനായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേയോ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറേയോ പകരക്കാരനായി ഗുജറാത്ത് ടൈറ്റന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിടാന്‍ സാധ്യത കുറവാണെങ്കിലും ആര്‍ച്ചര്‍ അടുത്ത സീസണില്‍ ഗുജറാത്തിലേക്ക് ചേക്കേറിയേക്കും.

2021ലാണ് ഹര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സില്‍ എത്തുന്നത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്തിലെ ആദ്യ കിരീടത്തിലേക്ക് നയിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നു. ക്യാപ്റ്റന്‍ ആയുള്ള രണ്ടാം സീസണിലും ഇതേ മികച്ച പ്രകടനം ആവര്‍ത്തിക്കാനും ഹര്‍ദിക്കിന് സാധിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ ഹര്‍ദിക്കിന്റെ നേതൃത്വത്തില്‍ ഗുജറാത്ത് ഫൈനല്‍ വരെ എത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്നില്‍ വീഴുകയായിരുന്നു. ഹര്‍ദിക് ടീം പോവുകയാണെങ്കില്‍ അഫ്ഗാന്‍ ബൗളര്‍ റാഷിദ് ഖാനോ ന്യൂസിലാന്‍ഡ് ബാറ്റര്‍ കെയ്ന്‍ വില്ലിംസണോ ആയിരിക്കും ഗുജറാത്തിന്റെ അടുത്ത നായകസ്ഥാനം ഏറ്റെടുക്കുക.

അതേസമയം മുംബൈ ഇന്ത്യന്‍സിലേക്കുള്ള ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയത്. രോഹിത്തിന്റെ കീഴില്‍ അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഭാവിയില്‍ ഹര്‍ദിക് ഏറ്റെടുക്കാനും സാധ്യതകളുണ്ട്.

ഐ.പി.എല്ലില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച ഹര്‍ദിക് 1763 റണ്‍സാണ് നേടിയത്. 53 വിക്കറ്റുകളും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഹര്‍ദിക് കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുകയും എന്നാല്‍ പരിക്കിന്റെ പിടിയില്‍ ആയതിനാല്‍ ലോകകപ്പിന്റെ പകുതിയില്‍ വെച്ച് താരം പുറത്താവുകയായിരുന്നു.

Content Highlight: Reports says Mumbai Indians looking to trade in Hardik Pandya for new season.