ഒളിമ്പിക്‌സിലേക്കുള്ള ക്രിക്കറ്റിന്റെ തിരിച്ചുവരവിനാണ് കായികലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. 2028ല്‍ ലോസ് ആഞ്ചലസ് ആതിഥേയത്വം വഹിക്കുന്ന ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലാണ് ക്രിക്കറ്റ് ഗ്രാന്‍ഡ് കംബാക്കിനൊരുങ്ങുന്നത്.
ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് ലോസ് ആഞ്ചലസ് ഒളിമ്പിക്‌സ് വേദിയാകില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓരോ ഭൂഖണ്ഡത്തിലെയും ടോപ് റാങ്കിങ് ടീമുകള്‍ മാത്രം പങ്കെടുക്കുന്ന ഇവന്റായാണ് ക്രിക്കറ്റ് 2028 ഒളിമ്പിക്‌സിന്റെ ഭാഗമാവുക. ആറ് ടീമുകളാണ് ഒളിമ്പിക്‌സ് മെഡലിനായി പോരാട്ടത്തിനിറങ്ങുന്നത്.
ഏഷ്യയില്‍ നിന്നും ഇന്ത്യയാകും ഒളിമ്പിക്‌സിനെത്തുക. ഏറ്റവുമധികം ക്രിക്കറ്റിങ് നേഷന്‍സുള്ള ഏഷ്യയില്‍ നിന്നും ഇതോടെ പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഫുള്‍ മെമ്പര്‍ നേഷന്‍സിന് യോഗ്യത ലഭിച്ചേക്കില്ല.
സമാനമായി ഒഷ്യാനിയയില്‍ നിന്ന് ന്യൂസിലാന്‍ഡിനെ മറികടന്ന് ഓസ്‌ട്രേലിയയും ആഫ്രിക്കയില്‍ നിന്നും സൗത്ത് ആഫ്രിക്കയും ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തിനെത്തും. യൂറോപ്പില്‍ നിന്നും ഇംഗ്ലണ്ടല്ല കളത്തിലിറങ്ങുക. മറിച്ച് അവര്‍ ഗ്രേറ്റ് ബ്രിട്ടണായിക്കൊണ്ടാകും ഒളിമ്പിക്‌സിനെത്തുക. ഇംഗ്ലണ്ടിന് പുറമെ സ്‌കോട്‌ലാന്‍ഡും വെയ്ല്‍സുമാണ് ഗ്രേറ്റ് ബ്രിട്ടണിലുള്ളത്. ഈ നാല് ടീമുകളായിരിക്കും ഓട്ടോമാറ്റിക് ക്വാളിഫിക്കേഷന്‍ നേടിയത് എന്നാണ് റിപ്പോര്‍ട്ട്.
ആതിഥേയരെന്ന നിലയില്‍ അമേരിക്കയും ഒളിമ്പിക്‌സിന്റെ ഭാഗമാകും.
ലോകത്തിന്റെ എല്ലാ ഭാഗത്തും നിന്നുമുള്ള ടീമുകള്‍ പങ്കെടുത്ത് ഇതൊരു ഗ്ലോബല്‍ ഇവന്റ് ആകേണ്ടതിനാല്‍ റീജ്യണല്‍ ക്വാളിഫിക്കേഷനെയാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി പിന്തുണയ്ക്കുന്നതെന്ന് എന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യ, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ഗ്രേറ്റ് ബ്രിട്ടണ്‍, ആതിഥേയരായ യു.എസ്.എ എന്നീ ടീമുകള്‍ യോഗ്യത നേടിക്കഴിഞ്ഞതിനാല്‍ ശേഷിക്കുന്ന ഒരു സ്ലോട്ടില്‍ ഇനിയാര് എന്ന ചോദ്യവുമുയരുന്നുണ്ട്. ഈ ടീം ഏതായിരിക്കണമെന്ന് തീരുമാനിക്കാന്‍ ഐ.ഒ.സി ഐ.സി.സിയോടാവശ്യപ്പെട്ടേക്കും.
കരിബിയന്‍ ദ്വീപുകള്‍ക്ക് ആറാം സ്ലോട്ട് ലഭിക്കാനാണ് സാധ്യത. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (വനിതാ) കരീബിയന്‍ ദ്വീപുകളെ പ്രതിനിധീകരിച്ച് ബാര്‍ബഡോസ് പങ്കെടുത്തിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് എന്ന നിലയില്‍ ടീമിനെ പങ്കെടുപ്പിക്കാന്‍ സാധിക്കില്ല എന്നതും ശ്രദ്ധേയമാണ്. ജമൈക്കയും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ബാര്‍ബഡോസ് അടക്കമുള്ള രാജ്യങ്ങള്‍ അവരുടെ പേരില്‍ തന്നെ ഒളിമ്പിക്‌സില്‍ മത്സരിക്കുന്നതിനാലാണ് ഇവരുടെയെല്ലാം കൂട്ടായ്മയായ വെസ്റ്റ് ഇന്‍ഡീസിന് മത്സരിക്കാന്‍ സാധിക്കാതെ പോകുന്നത്.
Content highlight: Reports says India-Pakistan match will not be held at 2028 Olympics