ടി-20 ലോകകപ്പ് 2024; കപ്പ് നിലനിര്‍ത്താന്‍ പൊള്ളാര്‍ഡിനെ കൂടെകൂട്ടി ഇംഗ്ലണ്ട്; റിപ്പോര്‍ട്ട്
T20 World Cup 2024
ടി-20 ലോകകപ്പ് 2024; കപ്പ് നിലനിര്‍ത്താന്‍ പൊള്ളാര്‍ഡിനെ കൂടെകൂട്ടി ഇംഗ്ലണ്ട്; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd December 2023, 8:21 pm

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിനൊപ്പം കെയ്‌റോണ്‍ പൊള്ളാര്‍ഡുമെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ടീമിന്റെ കോച്ചിങ് സ്റ്റാഫിലാണ് മുന്‍ വിന്‍ഡീസ് നായകനെത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടീമിന്റെ കണ്‍സള്‍ട്ടന്റായാണ് താരം ടീമിനൊപ്പം ചേരുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അടുത്ത വര്‍ഷം വിന്‍ഡീസില്‍ നടക്കുന്ന ലോകകപ്പില്‍, പ്രാദേശിക സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായ ഇന്‍സൈറ്റ് നല്‍കാന്‍ സാധിക്കുന്ന താരം എന്ന നിലയിലാണ് ഇംഗ്ലണ്ട് ടീം പൊള്ളാര്‍ഡിനെ സമീപിച്ചതെന്നാണ് ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

‘ടി-20യില്‍ വളരെ മികച്ച കരിയറുള്ള ആക്ടീവ് താരമാണ് 36കാരനായ കെയ്‌റോണ്‍ പൊള്ളാര്‍ഡ്. അദ്ദേഹം അഞ്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടവും 2012ലെ ടി-20 ലോകകപ്പും നേടിയ താരമാണ്.

ടി-20 ചരിത്രത്തിലെ തന്നെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരനാണ് പൊള്ളാര്‍ഡ്. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ 637 മത്സരങ്ങള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ടി-20യിലെ ഏറ്റവും മികച്ച സ്ട്രാറ്റജിസ്റ്റായും അദ്ദേഹം അറിയപ്പെടുന്നു.

വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യങ്ങളെ കുറിച്ച് പൊള്ളാര്‍ഡിന് വളരെ നന്നായി അറിയാം. ജൂണ്‍ നാലിന് ആരംഭിക്കുന്ന ടി-20 ലോകകപ്പിലെ പിച്ചുകള്‍ വിലയിരുത്താന്‍ ട്രിനിഡാഡിയന്‍ ക്രിക്കറ്റര്‍ ഇംഗ്ലണ്ടിനെ സഹായിക്കും,” ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

 

അടുത്ത വര്‍ഷം അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായാണ് ടി-20 ലോകകപ്പിന് ആതിഥ്യമരുളുന്നത്. വിന്‍ഡീസ് പിച്ചുകളില്‍ മറ്റു ടീമുകളേക്കാള്‍ അപ്പര്‍ഹാന്‍ഡ് നേടാന്‍ പൊള്ളാര്‍ഡിന്റെ സാന്നിധ്യം ഗുണകരമാകുമെന്നാണ് ഇംഗ്ലണ്ടിന്റെ വിലയിരുത്തല്‍.

അതേസമയം, നിലവിലെ ടി-20 ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ അത്ര കണ്ട് പന്തിയല്ല. അവസാനം നടന്ന ടി-20 പരമ്പരയില്‍ വിന്‍ഡീസിനോട് പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് തലകുനിച്ചുനില്‍ക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ വേദിയായ ടി-20 ലോകകപ്പിന്റെ ഫൈനലില്‍ ബാബര്‍ അസമിനെയും സംഘത്തെയും പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കപ്പുയര്‍ത്തിയത്. ഇതോടെ ഐ.സി.സി ലോകകപ്പും ഐ.സി.സി ടി-20 ലോകകപ്പും ഒരുമിച്ച് കൈവശം വെക്കുന്ന ആദ്യ ടീമാകാനും ഇംഗ്ലണ്ടിന് സാധിച്ചിരുന്നു.

 

എന്നാല്‍ ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നോക്ക് ഔട്ട് സ്‌റ്റേജില്‍ പോലും കടക്കാതെയാണ് ഇംഗ്ലണ്ട് പുറത്തായത്. വൈറ്റ് ബോളിലെ തങ്ങളുടെ ആധിപത്യം വീണ്ടെടുക്കാന്‍ കൂടിയാണ് ഇംഗ്ലണ്ട് പൊള്ളാര്‍ഡിനെ ടീമിന്റെ ഭാഗമാക്കുന്നത്.

 

Content Highlight: Reports Says England Eyeing Kieron Pollard for Consultant Role Ahead of 2024 T20 World Cup