അത്‌ലറ്റിക്കോ ബില്‍ബാവോയുടെ സ്പാനിഷ് യുവതാരം നിക്കോ വില്യംസിനോട് റയല്‍ മാഡ്രിഡിലേക്ക് നീങ്ങാന്‍ നിര്‍ദേശിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നേഷന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തിന് ശേഷം റൊണാള്‍ഡോ നിക്കോ വില്യംസിനോട് ടീം മാറാന്‍ നിര്‍ദേശിച്ചുവെന്നും സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ മികച്ച പ്രകടനം നടത്താന്‍ വില്യംസിന് സാധിക്കുമെന്നുമാണ്‌റോണാള്‍ഡോ പറഞ്ഞത്.
റൊണാള്‍ഡോയെ ഉദ്ധരിച്ച് ഡിഫന്‍സ സെന്‍ട്രലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘നിന്റെ കളി ശൈലി സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിന് ഇണങ്ങുന്നതാണ്. നീ അവിടെ മികച്ച പ്രകടനം കാഴ്ചവെക്കും. നീ റയല്‍ മാഡ്രിഡിലേക്ക് പോകണം,’ എന്ന് റൊണാള്‍ഡോ നിക്കോ വില്യംസിനോട് പറഞ്ഞതായാണ് ഡിഫന്‍സ സെന്‍ട്രല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അത്‌ലറ്റിക്കോ ബില്‍ബാവോയ്ക്കായി മികച്ച പ്രകടനമാണ് ലാ റോജ മുന്നേറ്റ താരം പുറത്തെടുക്കുന്നത്. സീസണില്‍ കളിച്ച 45 മത്സരത്തില്‍ നിന്നും 11 ഗോളും ഏഴ് അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.
ദേശീയ ടീമിന് വേണ്ടിയും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. സ്‌പെയ്‌നിന്റെ യൂറോ കപ്പ് വിജയത്തിലും നേഷന്‍സ് ലീഗിലെ ഫൈനല്‍ കുതിപ്പിലും നിക്കോ വില്യംസ് നിര്‍ണായകമായിരുന്നു.
2024ഓടുകൂടി നിക്കോ വില്യംസ് ബില്‍ബാവോ വിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ താരം ടീമില്‍ തുടരുകയായിയരുന്നു. വിവിധ ക്ലബ്ബുകള്‍ താരത്തിന് പിന്നാലെയുണ്ടെങ്കിലും സ്പാനിഷ് താരത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് ഉറപ്പില്ല.
എന്നാല്‍ ബില്‍ബാവോ വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുകയാണെങ്കില്‍ എത്രത്തോളം മത്സരത്തില്‍ താരത്തിന് കളത്തിലിറങ്ങാന്‍ സാധിക്കുമെന്ന് ഉറപ്പില്ല.
നിക്കോ വില്യംസിന്റെ അതേ പൊസിഷനില്‍ കളിക്കുന്ന വിനീഷ്യസ് ജൂനിയര്‍ മികച്ച പ്രകടനവുമായി ടീമിനൊപ്പമുണ്ട്. കിലിയന്‍ എംബാപ്പെക്കൊപ്പമുള്ള താരത്തിന്റെ കെമിസ്ട്രിയും മികച്ചതാണ്. പുതിയ പരിശീലകന് കീഴില്‍ റയലിന്റെ മുന്നേറ്റ നിര കൂടുതല്‍ മൂര്‍ച്ചയേറിയതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.