2022 ഖത്തര്‍ ലോകകപ്പില്‍ കളിക്കുമോ എന്നറിയില്ല, പക്ഷേ ഇത് നിര്‍ണായകമാവും; പുതിയ നീക്കവുമായി എയ്ഞ്ചല്‍ ഡി മരിയ
Football
2022 ഖത്തര്‍ ലോകകപ്പില്‍ കളിക്കുമോ എന്നറിയില്ല, പക്ഷേ ഇത് നിര്‍ണായകമാവും; പുതിയ നീക്കവുമായി എയ്ഞ്ചല്‍ ഡി മരിയ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th June 2022, 9:09 am

വരാനിരിക്കുന്ന ലോകകപ്പില്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീമാണ് അര്‍ജന്റീന. കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമ കിരീടവും സ്വന്തമാക്കി അടുത്ത ലക്ഷ്യം ലോകകപ്പ് തന്നെയാണെന്ന് ഉറപ്പിച്ചുകൊണ്ടാണ് മെസിയും സംഘവും ഖത്തറിലേക്ക് വിമാനം കയറുന്നത്.

മെസിക്ക് വേണ്ടി കിരീടം നേടനുറച്ച് ഒരു പട തന്നെ അര്‍ജന്റൈന്‍ ടീമിനൊപ്പമുണ്ട്. അതില്‍ പ്രധാനിയാണ് ബ്ലൂ ആന്‍ഡ് വൈറ്റ്‌സിന്റെ മാലാഖയായ എയ്ഞ്ചല്‍ ഡി മരിയ. എന്നാല്‍ ഖത്തറിലേക്ക് താനുണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല എന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

എന്നാലിപ്പോള്‍ ഉറപ്പുള്ള ഒരു കാര്യത്തെ കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളാണ് ട്രാന്‍സ്ഫര്‍ ജാലകത്തിലെ ചൂടുള്ള ചര്‍ച്ചാ വിഷയം. ബാഴ്‌സലോണയില്‍ നിന്നുള്ള വിളി കാത്തിരുന്ന് മടുത്ത ഡി മരിയ, യുവന്റസിലേക്ക് കൂടുമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പി.എസ്.ജി വിടുന്ന ഡി മരിയക്ക് ബാഴ്സലോണയ്‌ക്കൊപ്പം കളിക്കണമെന്നായിരുന്നു ആഗ്രഹം. ഡി മരിയയെ സ്വന്തമാക്കാന്‍ ബാഴ്സലോണക്കും ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇതുവരെയും ബാഴ്സോലണ ഒരു തീരുമാനത്തിലെത്താത്തിന് പിന്നാലെയാണ് താരം യുവന്റസിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

യുവന്റസ് താരത്തിനായി നേരത്തെ രംഗത്തുണ്ടായിരുന്നെങ്കിലും ബാഴ്‌സയില്‍ കളിക്കണമെന്ന മോഹം മനസിലുണ്ടായിരുന്നതിനാല്‍ ഡി മരിയ തീരുമാനമെടുത്തിരുന്നില്ല. എന്നാലിപ്പോള്‍ ബാഴ്‌സ ഇക്കാര്യത്തില്‍ ഒരു നീക്കവും നടത്താതിരിക്കുന്നതിന് പിന്നാലെയാണ് ഡി മരിയയുടെ നിര്‍ണായക നീക്കം.

ബാഴ്‌സലോണയ്ക്കായി കാത്തിരുന്ന് മടുത്തിരിക്കുകയാണെന്നും, യുവന്റസുമായി കരാറിലെത്താന്‍ താരം തയ്യാറായെന്നും പ്രമുഖ മാധ്യമമായ ലാ ഗസാറ്റെ ഡെലോ സ്‌പോര്‍ട്‌സിന്റെ വാര്‍ത്തയെ ഉദ്ധരിച്ച് സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡി മരിയയെ ടീമിലെത്തിക്കാന്‍ ആഗ്രമുണ്ടായിട്ടും സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കറ്റാലന്‍സിനെ പിന്നോട്ട് വലിക്കുന്നത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെയും ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിലും കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കറ്റാലന്‍മാര്‍ക്കായിട്ടില്ല.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടാണ് ഡി മരിയ പാരീസിലെത്തിയത്. 2015 മുതല്‍ പി.എസ്.ജിയുടെ നെടുംതൂണുകളിലൊന്നായ താരം ടീമിനായി 295 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

പി.എസ്.ജിയുടെ മാത്രമായിരുന്നില്ല, അര്‍ജന്റീനയുടെ ജീവാത്മാക്കളില്‍ ഒന്നും ഡി മരിയ തന്നെയായിരുന്നു.

 

കഴിഞ്ഞ വര്‍ഷം നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ബ്രസീലിനെതിരെ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത് ഡി മരിയയായിരുന്നു. ഇറ്റലിക്കെതിരെ നടന്ന ഫൈനലിസിമയിലും താരം ഗോള്‍ നേടിയിരുന്നു.

ലയണല്‍ സ്‌കലോനിയുടെ കീഴിലുള്ള അര്‍ജന്റൈന്‍ സക്വാഡില്‍ സ്ഥിരാംഗമാണ് ഡി മരിയ.

Content highlight: Reports says Angel Di Maria may join Juventus