റിലീസ് ഡിസംബറില്‍, ഡിജിറ്റല്‍, മ്യൂസിക്കല്‍ റൈറ്റ്‌സ് അടക്കം 400 കോടി; ഒട്ടേറെ സവിശേഷതകളുമായി കിങ് ഖാന്റെ 'കിങ്'
Indian Cinema
റിലീസ് ഡിസംബറില്‍, ഡിജിറ്റല്‍, മ്യൂസിക്കല്‍ റൈറ്റ്‌സ് അടക്കം 400 കോടി; ഒട്ടേറെ സവിശേഷതകളുമായി കിങ് ഖാന്റെ 'കിങ്'
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 1st March 2026, 4:10 pm

വമ്പന്‍ ചിത്രങ്ങളുടെ വര്‍ഷമാണ് 2026. മാര്‍ച്ചില്‍ തിയേറ്ററിലെത്തുന്ന ടോക്‌സിക്കും ധുരന്ധറും മലയാളത്തിലെ ഒട്ടനവധി സീക്വലുകളുമടക്കം ഏറെ പ്രതീക്ഷയുളള ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായാണ് ഇതില്‍ മിക്കതും ഒരുങ്ങുന്നത്. അല്ലു അര്‍ജുന്‍ അറ്റ്‌ലി ചിത്രമായ AA22 വും പ്രഭാസിന്റെ സലാര്‍ പാര്‍ട്ട് 2വും വമ്പന്‍ കാസ്റ്റിലൊരുങ്ങുന്ന കല്‍ക്കി 2വും അടക്കം ഒട്ടനവധി ചിത്രങ്ങളാണ് വരാനിരിക്കുന്നത്.

ടോക്‌സിക്കും ധുരന്ധറും. Photo: Gulte.com

ഈ ലിസ്റ്റില്‍ പ്രധാനപ്പെട്ടതാണ് ഇന്ത്യന്‍ സിനിമയിലെ കിങ് ഖാനായ ഷാരൂഖ് ഖാന്‍ നായകനാവുന്ന കിങ്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പത്താന്‍ സമ്മാനിച്ച സംവിധായകന്‍ സിദ്ധാര്‍ത്ഥ് മേനോനൊപ്പം ഷാരൂഖ് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

റിലീസിന് ഇനിയും ഒട്ടേറെ മാസങ്ങള്‍ ശേഷിക്കെ റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഓരോ റൈറ്റ്‌സും വിറ്റുപോയിരിക്കുന്നത്. റിലീസിന് മുമ്പ് തന്നെ വമ്പന്‍ തുകക്ക് ചിത്രത്തിന്റെ ഡിജിറ്റല്‍, മ്യൂസിക്കല്‍, തിയേറ്ററിക്കല്‍ റൈറ്റ്‌സ് വിറ്റുപോയത് വലിയ ഹൈപ്പാണ് ചിത്രത്തിന് നല്‍കുന്നത്. വിശ്വസനീയമായ സിനിമാ പേജുകളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 350 കോടിക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് വില്‍ക്കാനൊരുങ്ങുന്നത്. വമ്പന്മാരായ നെറ്റ്ഫ്‌ളിക്‌സും സീ ഫൈവുമാണ് ചിത്രത്തിനായി രംഗത്തുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കിങിലെ ഗാനങ്ങളുടെ മ്യൂസിക്കല്‍ റൈറ്റ്‌സ് 40 കോടി രൂപക്ക് ടി-സിരീസ് ഏറ്റെടുത്തതായും വാര്‍ത്തകളുണ്ട്. ഇതിന് പുറമെ ചിത്രത്തിന്റെ തിയേറ്ററിക്കല്‍ റൈറ്റ്‌സ് ജിയോ സ്റ്റുഡിയോസ് ഏറ്റെടുത്തെന്നും സൂചനകളുണ്ട്. ഇതോടെ ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് ഇതിനോടകം 600 കോടി കടന്നിരിക്കുകയാണ്. ഈ വര്‍ഷം ഡിസംബര്‍ 24 ന് തിയേറ്ററുകളിലെത്തുന്ന ചിത്രം മറ്റ് ഒട്ടനവധി കാര്യങ്ങളാലും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറുന്നുണ്ട്.

പത്താന്‍

അടുത്തിടെ പിന്നണിഗാനരംഗത്ത് നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അരിജിത് സിങ് അവസാനമായി പാടിയ ചിത്രമാണ് കിങ് എന്നതിനൊപ്പം ലോകപ്രസിദ്ധ ഗായകന്‍ എഡ്ഷീരന്‍ ആദ്യമായി ഒരു ഇന്ത്യന്‍ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചെന്ന പ്രത്യേകതയുമുണ്ട്. നിലവിലെ ഇന്ത്യന്‍ സിനിമയിലെ സെന്‍സേഷന്‍ അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നതെന്നും ഹൈപ്പ് വര്‍ദ്ധിപ്പിക്കുന്നു.

Content Highlight: reports of sharukh Khans King rights sold for record amount

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.