ടെല്‍ അവീവ്: ഇസ്രഈല്‍ ജയിലില്‍ കഴിയുന്ന പ്രമുഖ ഫതഹ് നേതാവ് മര്‍വന്‍ ബര്‍ഗൂതി വരാനിരിക്കുന്ന ഫലസ്തീന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ 25 വര്‍ഷമായി ഇസ്രഈല്‍ തടവില്‍ കഴിയുന്ന അദ്ദേഹം, തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ യാതൊരു കാരണവശാലും മത്സരരംഗത്തുനിന്ന് പിന്മാറില്ലെന്ന് തന്റെ അഭിഭാഷകന്‍ മുഖേന വ്യക്തമാക്കിയിട്ടുണ്ട്.
ഫലസ്തീന്‍ അതോറിറ്റി (പി.എ) നേരിടുന്ന നേതൃശൂന്യത പരിഹരിക്കാനും ജനകീയ ഐക്യം പുനസ്ഥാപിക്കാനും ബര്‍ഗൂതിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയുമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നത്.
ഫലസ്തീന്‍ അതോറിറ്റിയില്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്താന്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും നിലവിലെ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഒരേ സമയം തന്നെ പാര്‍ലമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നാണ് അവരുടെ ആവശ്യം.
ഔദ്യോഗിക ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, 2024 നവംബറില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും 2027ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും നടത്തുമെന്ന് മഹ്‌മൂദ് അബ്ബാസ് പ്രഖ്യാപിച്ചിരുന്നു.
നേരത്തെ 2021ല്‍ നാസര്‍ അല്‍-ഖുദ്വയുമായി (യാസര്‍ അറഫാത്തിന്റെ അനന്തരവന്‍) ചേര്‍ന്ന് ‘ഫ്രീഡം’ എന്ന സഖ്യത്തിലൂടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബര്‍ഗൂതി നീക്കം നടത്തിയിരുന്നു.
എന്നാല്‍, ഇസ്രഈല്‍ കിഴക്കന്‍ ജെറുസലേമില്‍ വോട്ടെടുപ്പ് അനുവദിക്കാത്തത് ചൂണ്ടിക്കാട്ടി അബ്ബാസ് ആ തെരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുകയായിരുന്നു.
അടുത്തിടെ ഫലസ്തീന്‍ അതോറിറ്റി നഗരസഭാ തെരഞ്ഞെടുപ്പ് നടത്തിയിരുന്നു. 56 ശതമാനം പോളിങ് രേഖപ്പെടുത്തിയെങ്കിലും പ്രധാന രാഷ്ട്രീയ കക്ഷികള്‍ പങ്കെടുക്കാത്തതിനാല്‍ ഇതൊരു ‘ഔപചാരികത’ മാത്രമാണെന്ന് ഫതഹ് പ്രവര്‍ത്തകര്‍ തന്നെ വിലയിരുത്തുന്നു.
ഇസ്രഈല്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ തെരഞ്ഞെടുപ്പില്‍ പങ്കാളിത്തം നല്‍കൂ എന്ന നിലപാടിലാണ് അബ്ബാസ്.
ജയിലിലാണെങ്കിലും ഫലസ്തീന്‍ ജനതയ്ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ നേതാവാണ് മര്‍വാന്‍ ബര്‍ഗൂതി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഹമാസ് നേതാവ് ഖാലിദ് മഷാലിനെ പരാജയപ്പെടുത്താന്‍ ബര്‍ഗൂതിക്ക് കഴിയുമെന്നാണ് റാമല്ല കേന്ദ്രീകരിച്ച് നടന്ന ഒരു പ്രമുഖ സര്‍വേ ഫലം സൂചിപ്പിക്കുന്നത്.
അതേസമയം, പാര്‍ട്ടി തലത്തില്‍ ഫതഹിനേക്കാള്‍ കൂടുതല്‍ ജനപിന്തുണ ഹമാസിനുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. നിലവിലെ 88കാരനായ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് കേവലം 13 ശതമാനം വോട്ട് മാത്രമേ സര്‍വേയില്‍ ലഭിച്ചുള്ളൂ. 80 ശതമാനം ജനങ്ങളും മഹ്‌മൂദ് അബ്ബാസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് ആഗ്രഹിക്കുന്നു.
2002ല്‍ ഇസ്രഈല്‍ അറസ്റ്റ് ചെയ്ത ബര്‍ഗൂതിക്ക് നേരെ നാല് ഇസ്രഈലികളും ഒരു ഗ്രീക്ക് സന്യാസിയുടെയും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് കേസ്. അഞ്ച് ജീവപര്യന്തവും 40 വര്‍ഷത്തെ കഠിനതടവുമാണ് അദ്ദേഹത്തിന് കോടതി വിധിച്ചിരിക്കുന്നത്.
ജയിലിനുള്ളില്‍ കടുത്ത പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ബര്‍ഗൂതി നേരിടുന്നത്. 2026ല്‍ മാത്രം കുറഞ്ഞത് മൂന്ന് തവണയെങ്കിലും അദ്ദേഹം ജയിലിനുള്ളില്‍ ശാരീരികമായി ആക്രമിക്കപ്പെട്ടു.
ഇസ്രഈല്‍ നാഷണല്‍ സെക്യൂരിറ്റി മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ബര്‍ഗൂതി അതീവ ദുര്‍ബലനായി കാണപ്പെട്ടിരുന്നു.
കടുത്ത പീഡനങ്ങള്‍ അനുഭവിക്കുമ്പോഴും, ഇസ്രഈലിനൊപ്പം പരമാധികാരമുള്ള ഒരു ഫലസ്തീന്‍ രാഷ്ട്രം എന്ന ‘ദ്വിരാഷ്ട്ര പരിഹാരത്തെ’ ബര്‍ഗൂതി ഇപ്പോഴും പിന്തുണയ്ക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ ഇസ്രഈല്‍ സര്‍ക്കാര്‍ ഈ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഫലസ്തീനില്‍ ഒരു ജനാധിപത്യപരമായ നവീകരണത്തിനും ഐക്യത്തിനും നേതൃത്വം നല്‍കാന്‍ തന്റെ പിതാവിന് സാധിക്കുമെന്ന് മകന്‍ അറബ് ബര്‍ഗൂതി പ്രത്യാശ പ്രകടിപ്പിച്ചു. ഫലസ്തീന് ഇപ്പോള്‍ ശക്തവും ഐക്യമുള്ളതുമായ ഒരു നേതൃത്വമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബര്‍ഗൂതിയുടെ മോചനത്തിനായി അദ്ദേഹത്തിന്റെ ഭാര്യ ഫദ്വ ബര്‍ഗൂതി അന്താരാഷ്ട്ര തലത്തില്‍ സജീവമായ നയതന്ത്ര ശ്രമങ്ങള്‍ നടത്തുന്നുണ്ട്. യു.എസ്.എ, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍, അറബ് രാഷ്ട്രങ്ങള്‍ എന്നിവടങ്ങളിലെ നയതന്ത്രജ്ഞരുമായി അവര്‍ കൂടിക്കാഴ്ചകള്‍ നടത്തിവരികയാണ്.
Content Highlight: Reports indicate that Marwan Barghouti is preparing to run for the Palestinian presidency from an Israeli prison.