എല്ലാവര്‍ക്കും ആസിഫിനെ മതി; അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രത്തില്‍ നായകന്‍ ആസിഫോ?
Malayalam Cinema
എല്ലാവര്‍ക്കും ആസിഫിനെ മതി; അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രത്തില്‍ നായകന്‍ ആസിഫോ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th December 2025, 10:38 pm

തന്റെതായ ഫിലിം മേക്കിങ് ശൈലിയിലൂടെ ഇന്ത്യന്‍ സിനിമയില്‍ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് അനുരാഗ് കശ്യപ്. ഇപ്പോഴിതാ അനുരാഗ് ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തില്‍ നായകനായി നടന്‍ ആസിഫ് അലി എത്തുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനി ലോക്കോ അടക്കമുള്ള എക്‌സ് ഹാന്‍ഡിലുകളാണ് ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.

അനുരാഗ് കശ്യപ്. Photo: screen grab/ think music / youtube.com

വാര്‍ത്ത പുറത്ത് വന്നതോടെ വലിയ ആവേശത്തോടെയാണ് ഒഫീഷ്യല്‍ കണ്‍ഫര്‍മേഷനായി ആരാധകര്‍ കാത്തിരിക്കുന്നത്. അനുരാഗ് കശ്യപിനെ പോലെ ഇന്ത്യന്‍ സിനിമയില്‍ തന്നെ പ്രഗല്ഭനായ സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് ആസിഫിന്റെ കരിയറിലെ തന്നെ വഴിത്തിരിവായിരിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം. എന്നാല്‍ അനുരാഗോ ആസിഫ് അലിയോ ഇക്കാാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

രോഹിത് വി.എസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടിക്കി ടാക്കയാണ് ആസിഫ് അലിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വാമിക ഖബ്ബിയും നെല്‍സനും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് തിയ്യതി നീട്ടി വെക്കുകയായിരുന്നു. ഈ വര്‍ഷം പ്രഖ്യാപിച്ച 55ാമത് കേരള ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച അഭിനയത്തിനുള്ള സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം താരത്തിന് ലഭിച്ചിരുന്നു.

ആസിഫ് അലി. Photo: screen grab/ goodwill entertainments/ youtube.com

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ അഭിനയ രംഗത്ത് സജീവമായ അനുരാഗ് 2024 ല്‍ പുറത്തിറങ്ങിയ ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബിലൂടെ മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുരാഗ് മലയാള ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

1998 ല്‍ രാംഗോപാല്‍ വര്‍മയുടെ സത്യ എന്ന ചിത്രത്തിന്റെ സഹ തിരക്കഥാക്യതായി കരിയര്‍ തുടങ്ങിയ അനുരാഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പാഞ്ച് ആണ്. 2012 ല്‍ പുറത്തിറങ്ങിയ ഗാങ്‌സ് ഓഫ് വാസെപുറിലൂടെ അനുരാഗ് എന്ന സംവിധായകന്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ സിനിമയിലെ കള്‍ട്ട് ഫിലിമായാണ് രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങിയ ഗാങ്‌സ് ഓഫ് വസെപുര്‍ അറിയപ്പെടുന്നത്.

Content Highlight: reports about anurag kashyap to direct a malayalam film casting asif ali