കളി മുന്നേ തുടങ്ങിയവര്‍ ഏറെയുണ്ട്; റിപ്പോര്‍ട്ടറിന്റേത് ആദ്യ സ്പോര്‍ട്സ് ചാനലല്ല
Kerala
കളി മുന്നേ തുടങ്ങിയവര്‍ ഏറെയുണ്ട്; റിപ്പോര്‍ട്ടറിന്റേത് ആദ്യ സ്പോര്‍ട്സ് ചാനലല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th July 2025, 3:40 pm

കോഴിക്കോട്: കേരളത്തില്‍ ആദ്യത്തെ സ്‌പോര്‍ട്‌സ് ചാനല്‍ ആരംഭിക്കുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനലിന് ഇതര മാധ്യമങ്ങളുടെ മറുപടികളും സോഷ്യല്‍ മീഡിയ പരിഹാസവും. റിപ്പോര്‍ട്ടര്‍ ടി.വിയുടെ അവകാശവാദം പോലെ മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ചാനല്‍ അവരുടെ ‘സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍’ അല്ലെന്നാണ് മീഡിയ വണ്ണും ന്യൂസ് മലയാളം പോലുള്ള ടി.വി ചാനലുകളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പറയുന്നത്.

മീഡിയ വണ്ണിന്റെ സ്‌പോര്‍ട്‌സ് ചാനല്‍ ആരംഭിച്ച് ഇതിനകം നാല് വര്‍ഷം കഴിഞ്ഞു. യൂട്യൂബില്‍ ഈ ചാനലിന് നാല് കോടിയിലധികം കാഴ്ച്ചക്കാരുണ്ടെന്നും മീഡിയ വണ്ണിന്റെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റിപ്പോര്‍ട്ടറിന്റെ അവകാശവാദത്തെ തള്ളി മീഡിയ വണ്‍ തന്നെ രംഗത്ത് എത്തിയിരുന്നു.

കളി പറയല്ലേ എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ടി.വിയെ കളിയാക്കി കൊണ്ട്, അതിവേഗം ഒരുലക്ഷം പ്രേക്ഷകരെ സ്വന്തമാക്കിയ ആദ്യത്തെ മലയാളം സ്‌പോര്‍ട്‌സ് ചാനല്‍ തങ്ങളുടേതാണെന്ന് മീഡിയ വണ്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മരക്കുറ്റിയുടെ ചിത്രമുള്ള പോസ്റ്റര്‍ പങ്കുവെച്ചുകാണ്ടായിരുന്നു ചാനലിന്റെ പരിഹാസം. വേണമെങ്കില്‍ അനുകരിക്കാമെന്നും എന്നാല്‍ ആദ്യത്തേതാണ് എന്ന് പറയരുതെന്നും മീഡിയ വണ്ണിന്റെ താക്കീതുണ്ട്.

ന്യൂസ് മലയാളവും റിപ്പോര്‍ട്ടറിന്റെ അവകാശവാദത്തെ തള്ളി രംഗത്ത് എത്തി. തങ്ങള്‍ കളി തുടങ്ങിയിട്ട് കുറച്ചായി എന്നാണ് ന്യൂസ് മലയാളം അവകാശപ്പെടുന്നത്. എന്നാല്‍ റാഫ് ടോക്കസ്, പവലിയന്‍ എന്‍ഡ് തുടങ്ങി മലയാളത്തില്‍ തന്നെ നിരവധി സ്‌പോര്‍ട്‌സ് യൂട്യൂബ് ചാനലുകളുകള്‍ നിലവില്‍ ഉണ്ട് എന്നതും മറ്റൊരു വസ്തുതയാണ്.

സോഷ്യല്‍ മീഡിയയിലും റിപ്പോര്‍ട്ടര്‍ ടി.വിയുടെ വാദത്തിനെതിരെ വലിയ വിമര്‍ശനമുയരുന്നുണ്ട്. മീഡിയവണ്‍ നാലുവര്‍ഷം മുമ്പ് യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ടല്ലോ? ആദ്യത്തേത് ഇതല്ല. ഇതിന് മുമ്പ് ഏതോ കാലം മീഡിയവണ്‍ ചാനലില്‍ തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് റിപ്പോര്‍ട്ടറിന്റെ വാദത്തെ എതിര്‍ക്കുന്നവരുടെ എണ്ണവും ചെറുതല്ല. ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുതെന്ന് പറയുന്നവരുമുണ്ട്.

ഇതിന് പുറമെ ഭയം വേണ്ട ജാഗ്രത മതി ഈ ചാനലും നമ്മള്‍ അതിജീവിക്കും, വ്യാജ സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍ എന്ന പുതിയ രീതി മലയാളക്കരക്ക് സമ്മാനിക്കുമോ ആവോ, മെസി കേരളത്തില്‍ വരുമ്പോള്‍ ഉള്ള ഫുട്‌ബോള്‍ മത്സരം ഇതില്‍ ആയിരിക്കും പ്രക്ഷേപണം ചെയ്യുക എന്നിങ്ങനെ പറഞ്ഞ് പരിഹസിക്കുന്നവരുമുണ്ട്.

ദയവു ചെയ്ത് മുതലാളിയോട് പറയണം….. ഇവിടെ വന്നിരുന്ന് വിശകലനം ചെയ്യരുതെന്ന്‌. ചാനല്‍ നിങ്ങടെ ആണേലും സഹിക്കേണ്ടത് ഞങ്ങളാണ് എന്ന് മറ്റ് ചിലരും കമന്റിട്ടിട്ടുണ്ട്. അതേസമയം ആരംഭിക്കാന്‍ പോകുന്നത് യൂട്യൂബ് ചാനല്‍ ആണോ അതോ സാറ്റലൈറ്റ് ചാനല്‍ ആണോ എന്ന കാര്യത്തിലും റിപ്പോര്‍ട്ടര്‍ ടി.വി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

സാറ്റലൈറ്റ് ചാനല്‍ എന്ന പ്രതീതിയുണ്ടാക്കി ജനങ്ങളെ പറ്റിക്കുകയാണെന്നും യൂട്യൂബ് ചാനല്‍ ആണ് ലോഞ്ച് ചെയ്യാന്‍ പോകുന്നതെന്നും ഒരു വിഭാഗം പറയുന്നുണ്ട്.

‘സത്യത്തില്‍ ഒരു തെറ്റിദ്ധാരണ ആണ് ഇത്. റിപ്പോര്‍ട്ടര്‍ സ്‌പോര്‍ട്‌സ് ഒരിക്കലും ഒരു സാറ്റലൈറ്റ് ചാനല്‍ അല്ല. വെറും യൂട്യൂബില്‍ മാത്രം ആയിരിക്കും സ്ട്രീമിങ്. ഈ വീഡിയോ കാണുന്ന പലരുടെയും സംശയം ആയിരിക്കും നമുക്ക് കേബിള്‍ ടി.വി വഴി ഇത് കിട്ടുമോ എന്ന്? എന്നാല്‍ ഇത് യൂട്യൂബ് പോലുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമില്‍ മാത്രായിരിക്കും കിട്ടുന്നത്. ഞങ്ങളാണ് ഒന്നാമത് എന്ന് പറയുവാന്‍ വേണ്ടി കള്ളം പറയുകയാണ്’ എന്ന്‌ കമന്റ് ചെയ്തവരുമുണ്ട്.

ഇത് ഡിജിറ്റല്‍ ആണോ അതോ സാറ്റലൈറ്റ് ആണോ എന്നൊന്നും പറയുന്നില്ലെന്നും സാറ്റലൈറ്റ് ആണേല്‍ ചാനല്‍ നമ്പര്‍ വരണ്ടേയെന്നും മിക്കവാറും Sports Reporter എന്ന യൂട്യൂബ് ചാനല്‍ ആയിരിക്കും വരിക എന്ന് മറ്റൊരാളും പ്രതികരിച്ചു.

അതേസമയം ഇന്ന് (ബുധനാഴ്ച്ച) ഉച്ചയ്ക്കാണ് ചാനലിന്റെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്. കായിക മന്ത്രി വി. അബ്ദുറഹിമാന്‍, ഐ.എം. വിജയന്‍, യു. ഷറഫലി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Content Highlight: Reporter TV’S Sport’s Reporter is not first complete sports channel in Malayalam