Administrator
Administrator
നികേഷ്‌കുമാറിന്റെ രണ്ടാം ദൗത്യം
Administrator
Wednesday 11th May 2011 5:45pm

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയിക്കാന്‍ ഊര്‍ജസ്വലനായ അവതാരകനായി നികേഷ് വീണ്ടുമെത്തുന്നു, നികേഷിന്റെ സ്വപ്‌നമായ റിപ്പോര്‍ട്ടര്‍ ചാനലില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഒറ്റയ്ക്കിരുന്നു വിളിച്ചു പറയുന്ന നികേഷിനെയാണ് നാം ഇതിനു മുമ്പ് കണ്ടത്. ഇന്ത്യാവിഷനില്‍, സാങ്കേതികസൗകര്യങ്ങളുടെ പരിമിതി വിളിച്ചോതുന്ന ഒരു ഫ്രെയിമില്‍. പല ഫലങ്ങളും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നികേഷ് അന്നു ദീര്‍ഘനേരം കണ്ണടയ്ക്കുന്നു പോലുമുണ്ടായിരുന്നു. ടെലിവിഷന്‍ നിയമാവലിയില്‍ ഒരിക്കലും അനുവര്‍ത്തിക്കാന്‍ പാടില്ലാത്ത ഒരു ചട്ടലംഘനം. അതു നന്നായി അറിയുമായിരുന്നിട്ടും നികേഷ് എന്തുകൊണ്ട് ആ തെറ്റ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു, അതും പലവട്ടം? തനിച്ചായി എന്ന തോന്നലാകാമോ? മറ്റു ന്യൂസ് ചാനലുകള്‍ സാങ്കേതിക മികവുകൊണ്ടും ഗ്രാഫിക് ശബളിമ കൊണ്ടും കാഴ്ചക്കാരനു വിരുന്നൊരുക്കുമ്പോഴായിരുന്നു അത്. ഒരു തെരുവോര കച്ചവടക്കാരന്റെ ആളെക്കൂട്ടല്‍ വിദ്യപോലെ നികേഷിന്റെ ഏകാംഗയത്‌നം.

ഫലപ്രഖ്യാപനത്തിന്റെ കുത്തൊഴുക്കു കഴിഞ്ഞു. പിന്നെയാണ് ന്യൂസ് ചാനലുകള്‍ക്ക് അഗ്‌നിപരീക്ഷ. ജനവിധി പ്രേക്ഷകനിലേയ്ക്ക് എത്തിച്ചവരില്‍ മുമ്പനാരെന്ന് അറിയാന്‍ ടാം റേറ്റിങ് റിപ്പോര്‍ട്ടിനായുള്ള കാത്തിരിപ്പ്. ഒടുവില്‍ റേറ്റിങ് വന്നു. നികേഷ് ഒന്നാമത്. ഒന്നുമില്ലായ്മയില്‍ നിന്ന് ഒന്നാമതെത്താന്‍ നികേഷിനേ ആകൂ എന്ന് നികേഷല്ല മറ്റുള്ളവര്‍ മനസിലാക്കിയ ദിവസമായിരുന്നു അത്. ചാനല്‍ തലവന്മാര്‍ വിസ്മയിച്ചു നിന്നുപോയ ദിവസം. കൂടുതല്‍ കാലവും വിപദിധൈര്യം മാത്രം കൂട്ടിനുണ്ടായിരുന്ന ഇന്ത്യാവിഷന്‍ എന്ന ന്യൂസ് ചാനല്‍ വിപ്ലവത്തിന്റെ ശില്‍പി ഒരിടവേളയ്ക്കു ശേഷം വീണ്ടും എത്തുമ്പോള്‍ അതൊരു വിപല്‍സന്ദേശമായി കരുതുന്നവര്‍ അതുകൊണ്ട് ചെറുതല്ല. ഇവന്‍ ഇനി എന്ത് അത്ഭുതം സൃഷ്ടിക്കാനെന്ന എഴുതിത്തള്ളലിനടിയിലെ മനശാസ്ത്രവും ഒരു നികേഷ് ഫോബിയ തന്നെ. ചുരുക്കത്തില്‍ മാധ്യമ മുതലാളിമാര്‍ ഭയക്കുന്നതും നികേഷിനെ ഇഷ്ടപ്പെടുന്നവര്‍ കാത്തിരിക്കുന്നതും ഒറ്റക്കാര്യം അറിയാനാണ്. ഒന്നാമതെത്തുമോ നികേഷും നികേഷിന്റെ സ്വന്തം ചാനല്‍ റിപ്പോര്‍ട്ടറും?

കഴിഞ്ഞ വര്‍ഷം സെപ്തംബറോടെയാണ് നികേഷ് ഇന്ത്യാവിഷന്‍ വിട്ടത്. നാലു മാസം കൊണ്ട് പുതിയ ചാനല്‍ തുടങ്ങാനായിരുന്നു തീരുമാനം. എന്നുവച്ചാല്‍ ജനുവരിയോടെ. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അപ്പോഴേക്കാവും. ന്യൂസ് ചാനലിനെ സംബന്ധിച്ച് പിറവിക്കു പറ്റിയ മുഹൂര്‍ത്തം. ഒറ്റയ്ക്കു കയറിയിറങ്ങി നികേഷ് ദഡല്‍ഹിയിലെ മന്ത്രാലയങ്ങള്‍. ഒറ്റ ലക്ഷ്യം. ലൈസന്‍സ് സമ്പാദിക്കല്‍. അതിന്റെ ക്ലേശം ഒരിക്കല്‍ക്കൂടി മനസിനെ മഥിച്ചതുകൊണ്ടാവാം നികേഷ് തുറന്നു പറഞ്ഞു അന്നു സഹായിച്ചത് ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മാത്രം.

ചാനലിനു പണംമുടക്കികളാകുന്നവരെപ്പറ്റി നികേഷിനു പോലുമറിയാത്ത കാര്യങ്ങള്‍ ആധികാരികതയോടെ ദല്‍ഹിയിലെ അകത്തളങ്ങളില്‍ വരെ എത്തിക്കാന്‍ നിരവധിപേര്‍ കച്ചകെട്ടിയിറങ്ങിയതും ഇതേ കാലത്തുതന്നെ. എന്തൊക്കെയായിരുന്നു. എന്‍.ഡി.എഫ് ബാന്ധവം. പാക്കിസ്ഥാനില്‍ നിന്നും ഗള്‍ഫ് മേഖലയില്‍ നിന്നും രാജ്യദ്രോഹികളുടെ സാമ്പത്തിക സഹായം. ഫലമോ? രാജ്യസുരക്ഷയെ കരുതി ഒരിക്കലും ലൈസന്‍സ് അനുവദിക്കരുതേ എന്ന് ആഭ്യന്തരമന്ത്രാലയത്തോട് അര്‍ഥിച്ചുകൊണ്ടുള്ള എഴുപതോളം കത്തുകള്‍.

അത്ഭുതം തോന്നിയെന്ന് നികേഷ് തന്നെ സമ്മതിക്കുന്നു തന്നോടുള്ള ആരുടെയൊക്കെയോ ശത്രുതയുടെ വ്യാപ്തി കണ്ടിട്ട്. നികേഷിന്റെ റിപ്പോര്‍ട്ടര്‍ ചാനലിന് എന്‍.ഡി.എഫ് ബന്ധമെന്ന കഥയുടെ കാരണവും ഇവിടെ പറഞ്ഞുപോകുന്നത് ഉചിതമാകും. ചാനല്‍ ഓഫീസ് ഉദ്ഘാടനത്തിനു ക്ഷണിക്കപ്പെട്ട മറ്റു പലര്‍ക്കുമൊപ്പം ചാനല്‍ ചര്‍ച്ചകളില്‍ സജീവമായ എന്‍.ഡി.എഫ് നേതാവ് നസറുദീന്‍ എളമരവും ഉണ്ടായിരുന്നു. വേദിയില്‍ അതിഥികള്‍ കുറവായിരുന്നതുകൊണ്ട് സദസില്‍ നിന്നു വേദിയിലേയ്ക്കു കയറിയിരുന്നവരില്‍ നസറുദീനും ഉള്‍പ്പെട്ടു. തീര്‍ത്തും യാദൃശ്ചികം. കല്ലുകടിയുടെ തുടക്കം പക്ഷെ അവിടെ നിന്നായിരുന്നു. നസറുദ്ദീന് വേദിയില്‍ കിട്ടിയ സ്വീകാര്യതയായി റിപ്പോര്‍ട്ടറിനുള്ള എന്‍.ഡി.എഫ് ബന്ധത്തിന്റെ ഉത്തമ തെളിവ്. ആ കഥ പറഞ്ഞു പോകുമ്പോള്‍ നികേഷിനു ചിരി. ദുഷ്പ്രചാരണം തെല്ലും ബാധിച്ചില്ലെന്ന കൂസലില്ലായ്മ.

കടമ്പകള്‍ കടന്നു പക്ഷെ മുന്നോട്ടു തന്നെ ചുവട്. ഒടുക്കം എട്ടുമാസത്തെ അവിരാമ യത്‌നത്തിന് ഫലശ്രുതി. റിപ്പോര്‍ട്ടറിന് ലൈസന്‍സ്. രാജ്ദീപ് സര്‍ദേശായിയെപ്പോലൊരു മാധ്യമപ്രമുഖന്് ടി.വി. 18 ഗ്രൂപ്പിനു താഴെ ആയിരുന്നിട്ടു പോലും എട്ടുമാസം വേണ്ടിവന്നതാണ് ഒറ്റയാനായ താനും അത്രതന്നെ കാലയളവുകൊണ്ടു നേടിയെടുത്തതെന്ന് നികേഷ് സാഭിമാനം പറയുന്നു കണ്ണടയ്ക്കാതെ ലോകത്തിന്റെ തുറന്ന ഫ്രെയിമില്‍ പുഞ്ചിരിയോടെ. ഇന്ത്യയില്‍ ഈ വര്‍ഷം ന്യൂസ് ചാനല്‍ തുടങ്ങാന്‍ ആദ്യ ലൈസന്‍സ് കിട്ടിയതും റിപ്പോര്‍ട്ടറിനാണ്. പിന്നെ മാതൃഭൂമിക്കും. നികേഷ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ എന്താണെന്ന് അറിയാന്‍ നികേഷിന്റെ ഇന്ത്യാവിഷന്‍ കാലത്തിലേയ്ക്ക് നമുക്ക് ആദ്യം സഞ്ചരിച്ചേ മതിയാകൂ.അടുത്ത പേജില്‍ തുടരുന്നു

Advertisement