ലെബനനിലെ വനിതാ കുടിയേറ്റ തൊഴിലാളികളില്‍ ഭൂരിഭാഗവും ലൈംഗിക പീഡനങ്ങളെ അതിജീവിക്കുന്നവര്‍; പഠനറിപ്പോര്‍ട്ട്
World News
ലെബനനിലെ വനിതാ കുടിയേറ്റ തൊഴിലാളികളില്‍ ഭൂരിഭാഗവും ലൈംഗിക പീഡനങ്ങളെ അതിജീവിക്കുന്നവര്‍; പഠനറിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th October 2022, 11:03 am

ബെയ്‌റൂട്ട്: ലെബനനിലെ വനിതാ കുടിയേറ്റ ഗാര്‍ഹിക തൊഴിലാളികളില്‍ മൂന്നില്‍ രണ്ട് ഭാഗവും ലൈംഗിക പീഡനങ്ങള്‍ നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. ലെബനീസ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി (Lebanese American University) പുറത്തുവിട്ട പുതിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മൈഗ്രേഷന്‍ സ്റ്റഡീസിന്റെയും (Institute for Migration Studies) കുടിയേറ്റ ഗാര്‍ഹിക തൊഴിലാളികള്‍ നടത്തുന്ന എഗ്‌ന ലെഗ്‌ന ബെസിഡെറ്റ് മൈഗ്രന്റ് റൈറ്റ്‌സ് ഓര്‍ഗനൈസേഷന്റെയും (Egna Legna Besidet migrant rights organisation) സഹകരണത്തോടെ നടത്തിയ ഗവേഷണത്തില്‍ ലൈംഗിക പീഡനം നടത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകള്‍ ജോലി ചെയ്യുന്ന വീട്ടിലെ പുരുഷ തൊഴിലുടമകളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീ കുടിയേറ്റ തൊഴിലാളികളില്‍ ഭൂരിഭാഗവും അവര്‍ തൊഴിലെടുക്കുന്ന വീടുകളില്‍ താമസിച്ചുവരികയാണ് എന്നതും ഇവര്‍ക്കെതിരായ പീഡനത്തിന്റെ സാഹചര്യം വര്‍ധിപ്പിക്കുന്നു. സ്ത്രീ തൊഴിലാളികളുടെ നേര്‍ക്ക് അനാവശ്യമായ ശാരീരിക സ്പര്‍ശനവും ശരീരത്തില്‍ കടന്നുപിടിക്കുന്നതും മറ്റുമുള്ള അതിക്രമങ്ങള്‍ സ്ഥിരം സംഭവമാണെന്നും പഠനത്തില്‍ പറയുന്നു.

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, നഗ്നതാ പ്രദര്‍ശനം തുടങ്ങിയ കേസുകളും ലെബനനിലെ കുടിയേറ്റ സ്ത്രീകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

”ലെബനനില്‍ കുടിയേറ്റ ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ നോര്‍മലൈസ് ചെയ്യപ്പെട്ടിരിക്കുന്നുവെന്നും ഇതൊരു പകര്‍ച്ചവ്യാധിയാണെന്നുമാണ് പുതിയ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയോടെ സ്ഥിതി വളരെ മോശമായിരിക്കുന്നു,” എഗ്‌ന ലെഗ്‌ന ബെസിഡറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന തരിക്വാ അബെബെ (Tarikwa Abebe) മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.

1980കള്‍ മുതല്‍ തന്നെ ആഫ്രിക്കയിലെയും ഏഷ്യയിലെയും ദരിദ്ര രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ജോലി ആവശ്യാര്‍ത്ഥവും മറ്റും കൂട്ടത്തോടെ വിവിധ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ കുടിയേറുന്ന രാജ്യങ്ങളിലൊന്നാണ് ലെബനന്‍.

രാജ്യത്ത് 2,50,000 കുടിയേറ്റ ഗാര്‍ഹിക തൊഴിലാളികളുണ്ടെന്നാണ് ലെബനനിലെ തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കില്‍ വ്യക്തമാക്കുന്നത്. ഇതില്‍ 80 ശതമാനവും എത്യോപ്യക്കാരാണ്. അതേസമയം, രേഖകളില്ലാത്ത തൊഴിലാളികള്‍ ഈ കണക്കുകളില്‍ പെടില്ല.

ദേശീയ തൊഴില്‍ സംരക്ഷണ നിയമത്തില്‍ (national labour protections) കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടാത്തതിനാല്‍ ഇവര്‍ നേരിടുന്ന ശാരീരിക- ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും പലപ്പോഴും നിയമപരമായി പരിഹരിക്കപ്പെടാറില്ല.

കുടിയേറ്റ തൊഴിലാളികളുടെ തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് രാജ്യത്തിന്റെ വിവേചനപരമായ കഫാല (kafala) അഥവാ സ്പോണ്‍സര്‍ഷിപ്പ് സിസ്റ്റമാണ്. ആധുനിക കാലത്ത അടിമത്ത സംവിധാനമാണ് ഇതെന്ന വിമര്‍ശനവും നേരത്തെ ഉയര്‍ന്നിട്ടുണ്ട്.

Content Highlight: Report says two thirds of female migrant workers in Lebanon are survivors of harassment