ഇന്ത്യയുടെ ടി-20 ക്യാപ്റ്റനാവാൻ സർപ്രൈസ് താരം; സഞ്ജുവിനും ശ്രേയസിനും തിരിച്ചടി
Cricket
ഇന്ത്യയുടെ ടി-20 ക്യാപ്റ്റനാവാൻ സർപ്രൈസ് താരം; സഞ്ജുവിനും ശ്രേയസിനും തിരിച്ചടി
സുദേവ് എ
Sunday, 24th May 2026, 6:08 pm

ഇന്ത്യയുടെ അടുത്ത ടി-20 നായകന്‍ ആരായിരിക്കുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. സൂര്യകുമാര്‍ യാദവിന്റെ പകരക്കാരനായി ശ്രേയസ് അയ്യരും മലയാളി താരം സഞ്ജു സാംസണും എത്തുമെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

ഇപ്പോള്‍ മറ്റൊരു താരത്തിന്റെ പേര് കൂടി ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. തിലക് വര്‍മ ഇന്ത്യയുടെ ടി-20 നായകനാവുമെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

സൂര്യകുമാര്‍ യാദവിന്റെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ താരത്തിന് 2028ല്‍ ലോസ് എയ്ഞ്ചല്‍സില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് സെലക്ടര്‍മാര്‍ ചിന്തിക്കുന്നുണ്ടെന്നും കഴിഞ്ഞ സീസണില്‍ 700ല്‍ കൂടുതല്‍ റണ്‍സ് നേടിയ സൂര്യക്ക് ഇത്തവണ റണ്‍സ് നേടാന്‍ സാധിച്ചിട്ടില്ലെന്നും അതിനാല്‍ തിലകിനെ ക്യാപ്റ്റനായി നിയമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നുമാണ് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ തിലക് ഈ സീസണില്‍ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ഈ സീസണില്‍ തന്റെ ഐ.പി.എല്‍ കരിയറിലെ ആദ്യ സെഞ്ച്വറി നേടാനും തിലകിന് സാധിച്ചിരുന്നു.

അതേസമയം ജൂണില്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ തിലക് വര്‍മയാണ് നയിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ റിയാന്‍ പരാഗാണ്. വൈഭവ് സൂര്യവംശിയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

ത്രിരാഷ്ട്ര പരമ്പരയില്‍ ആതിഥേയരായ ശ്രീലങ്ക എ, ഇന്ത്യ എ, അഫ്ഗാനിസ്ഥാന്‍ എ എന്നിവര്‍ പങ്കെടുക്കും. ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷം, ഇന്ത്യ എ ശ്രീലങ്ക എയ്‌ക്കെതിരെ രണ്ട് മള്‍ട്ടി-ഡേ മത്സരങ്ങളും കളിക്കും. വൈറ്റ്-ബോള്‍ പരമ്പര ദാംബുള്ളയില്‍ നടക്കും, മള്‍ട്ടി-ഡേ മത്സരങ്ങള്‍ ഗാലെയില്‍ നടക്കും.

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീം

തിലക് വര്‍മ (ക്യാപ്റ്റന്‍), പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവംശി, റിയാന്‍ പരാഗ് (വൈസ്-ക്യാപ്റ്റന്‍), ആയുഷ് ബധോണി, നിഷാന്ത് സിന്ധു, ഹര്‍ഷ് ദുബെ, സൂര്യാന്‍ഷ് ഷെഡ്ജെ, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), വിപ്രജ് നിഗം, യാഷ് താക്കൂര്‍, യുദ്ധ്വീര്‍ സിങ്, അന്‍ഷുല്‍ കംബോജ്, അര്‍ഷാദ് ഖാന്‍.

Content Highlight: Report says Tilak Varma will be the next indian t20 captain

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.