ഷാരൂഖ് Vs പ്രഭാസ്; ഇന്ത്യന്‍ സിനിമ സാക്ഷ്യം വഹിക്കാന്‍ പോകുന്ന വലിയ ക്ലാഷ് ! ഡങ്കിയും സലാറും ?
Entertainment news
ഷാരൂഖ് Vs പ്രഭാസ്; ഇന്ത്യന്‍ സിനിമ സാക്ഷ്യം വഹിക്കാന്‍ പോകുന്ന വലിയ ക്ലാഷ് ! ഡങ്കിയും സലാറും ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th September 2023, 10:06 pm

ഇന്ത്യന്‍ സിനിമ സാക്ഷ്യം വഹിക്കാന്‍ പോകുന്ന വലിയ ക്ലാഷ് റിലീസ് 2023 ഡിസംബറില്‍ എന്ന് റിപ്പോര്‍ട്ട്.

രാജ് കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ഡങ്കിയും പ്രശാന്ത് നീല്‍ പ്രഭാസ് ചിത്രം സലാറും 2023 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡങ്കിയുടെ റിലീസ് 2023 ഡിസംബറില്‍ തന്നെ ഉണ്ടാകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്.

എന്നാല്‍ ഇപ്പോഴിതാ സലാറും ഡിസംബര്‍ 22ന് റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നതായിട്ടാണ് പ്രമുഖ സിനിമാ ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചില തിയേറ്ററുകള്‍ക്ക് ചിത്രത്തിന്റെ ഡിസംബര്‍ റിലീസിനെ സംബന്ധിച്ച് സലാറിന്റെ അണിയറ പ്രവര്‍ത്തകരുടെ സന്ദേശം ലഭിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇന്ത്യന്‍ സിനിമ സാക്ഷ്യം വഹിക്കാന്‍ പോകുന്ന വലിയ ക്ലാഷ് ആകും ഡങ്കിയും സലാറും.

വലിയ വിജയം സ്വന്തമാക്കി തിരിച്ചുവരവ് ആഘോഷിക്കുന്ന ഷാരൂഖിന്റെ ഡങ്കിക്കും ഒടുവില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ പരാജയങ്ങള്‍ ആണെങ്കില്‍ പോലും പ്രശാന്ത് നീല്‍ എന്ന സംവിധായകന്റെ കൂടെ ഒന്നിക്കുന്നു എന്ന കാരണത്താല്‍ പ്രഭാസിന്റെ സലാറിനും വലിയ പ്രതീക്ഷകളാണ് ഉള്ളത്.

ഇരു ചിത്രങ്ങളും സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നവയാണ്. ക്ലാഷ് റിലീസ് സംഭവിക്കുമോ, റിപ്പോര്‍ട്ടുകളില്‍ വസ്തുത ഉണ്ടോ എന്നാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍.

ക്ലാഷ് റിലീസിനെ എതിര്‍ത്തും അനുകൂലിച്ചും വലിയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. പ്രശാന്ത് നീലിന്റെ ഭാര്യ ലിഖിത റെഡി നീല്‍ സലാറിന്റെ റിലീസ് ഡിസംബറില്‍ തന്നെ എന്ന സൂചന നല്‍കുന്ന ഇന്‍സ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതിനെ സംബന്ധിച്ച് ഇതുവരെ ഒരു ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടില്ല.

കെ.ജി. എഫിന് ശേഷം സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് സലാര്‍. കെ.ജി.എഫിന്റെ നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് സലാറിന്റയും നിര്‍മാണം. അതേസമയം ഷാരൂഖ് അറ്റ്ലി കൂട്ടുകെട്ടില്‍ പുറത്തുവന്ന ജവാന്‍ 1000 കോടി ക്ലബ്ബില്‍ ഇടം നേടി കഴിഞ്ഞു.

മുമ്പ് റിലീസ് ചെയ്ത പത്താനും ഇപ്പോള്‍ ജവാനും 1000 കോടി നേടിയതോടെ അപൂര്‍വ റെക്കോഡാണ് ഷാരൂഖ് സ്വന്തമാക്കിയിരിക്കുന്നത്.

Content Highlight: Report says that salaar & dunki clash relase on 2023 december