ജമ്മു കശ്മീരില്‍ ഒരു മാസത്തിനിടെ അജ്ഞാതരോഗം കാരണം 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
national news
ജമ്മു കശ്മീരില്‍ ഒരു മാസത്തിനിടെ അജ്ഞാതരോഗം കാരണം 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th January 2025, 3:50 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അജ്ഞാത രോഗം കാരണം ഒരു മാസത്തിനിടെ 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ ബദല്‍ ഗ്രാമത്തില്‍ രോഗം ബാധിച്ച് പതിനാറ് പേര്‍ മരണപ്പെട്ടാതായും മുപ്പതിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചതായുമാണ് റിപ്പോര്‍ട്ട്.

അസുഖത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും സമ്പൂര്‍ണ ജാഗ്രതയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം രോഗകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗകാരണം കണ്ടെത്താനുള്ള മെഡിക്കല്‍ അന്വേഷണത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അജ്ഞാത രോഗം കാരണം ആളുകള്‍ മരിക്കുന്നതും രോഗബാധിതരാവുന്നതും ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

രോഗ കാരണം വ്യക്തമല്ലെന്നും ഇതുവരെ രോഗബാധിതരായത് ഒരു ഗ്രാമത്തിലെ മൂന്ന് വീടുകളിലെ ആളുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരസ്പര ബന്ധമുള്ള മൂന്ന് കുടുംബങ്ങളാണ് ഇവരെന്നും രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ അപര്യാപ്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നത് ഭീതി ഉണ്ടാക്കിയതായും അതേസമയം ആരോഗ്യ പ്രവര്‍ത്തകരും പൊലീസും അടക്കമുള്ള ഉദ്യോഗസ്ഥരുമെല്ലാം ഏകോപിപ്പിച്ച് നടപടികള്‍ സ്വീകരിക്കുന്നതായാണ് പ്രാഥമിക വിവരം.

അസുഖം ബാധിച്ച കുട്ടികളില്‍ രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ നില വേഗത്തില്‍ തന്നെ വഷളാവുന്നതായും ഇത് കോമയിലാവാനും മരണത്തിനും കാരണമാവുന്നു. പനി, തലകറക്കം, ബോധക്ഷയം എന്നിവ മൂലം ആശുപത്രിയില്‍ എത്തുന്നവരെല്ലാം മരണത്തിന് കീഴടങ്ങിയതായായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം രോഗം പകര്‍ച്ചവ്യാധിയാണോ എന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. പരസ്പര ബന്ധമുള്ള കുടുംബത്തിന്റെ ഇടയില്‍ മാത്രം ബാധിച്ചിട്ടുള്ളൂ എന്നത് കൊണ്ട് പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

വീടുകള്‍ തോറുമുള്ള കൗണ്‍സിലിങ്ങും നീരീക്ഷണവും തുടരുകയാണെന്നും കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമാകുമെന്നും ഡിസംബര്‍ ഏഴ് മുതല്‍ ഗ്രാമത്തിലുള്ളവര്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: report says that 16 people have died due to unknown disease in Jammu and Kashmir in one month