കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി അവധിയെടുക്കാന്‍ പുടിന്‍? അധികാരം താല്‍ക്കാലികമായി ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്
World News
കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി അവധിയെടുക്കാന്‍ പുടിന്‍? അധികാരം താല്‍ക്കാലികമായി ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd May 2022, 1:38 pm

മോസ്‌കോ: കാന്‍സര്‍ ചികിത്സയ്ക്കായി പോകുന്നതിനാല്‍ താല്‍ക്കാലികമായി റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും വ്‌ളാഡിമിര്‍ പുടിന്‍ പടിയിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്.

അടിയന്തരമായി ഒരു സര്‍ജറി ചെയ്യണമെന്ന് പുടിന്റെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും ഇതേത്തുടര്‍ന്ന് ഭരണത്തില്‍ നിന്നും പുടിന്‍ കുറച്ചുകാലത്തേക്ക് അവധിയെടുക്കുകയാണെന്നുമാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.

മുന്‍ റഷ്യന്‍ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസ് ലഫ്റ്റനന്റ് ജനറല്‍ നടത്തുന്ന ഒരു ടെലഗ്രാം ചാനലിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

പകരം, റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പട്രുഷേവിന് (Nikolai Patrushev) താല്‍ക്കാലികമായി അധികാരം കൈമാറിയേക്കുമെന്നാണ് സൂചനകള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുടിനും പട്രുഷേവും തമ്മില്‍ രണ്ട് മണിക്കൂറോളം ചര്‍ച്ച നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ ഭരണതലത്ത് നിന്നും സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

കഴിഞ്ഞ കുറച്ച് കാലങ്ങളായി പുടിന്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട രീതി വിലയിരുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് പല ഊഹാപോഹങ്ങളും പുറത്തുവന്നിരുന്നു. പുടിന്‍ കാന്‍സര്‍ ബാധിതനാണന്നും അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍ രോഗവുമുണ്ട് എന്ന തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാല്‍, ഇത്തരം മാധ്യമ വാര്‍ത്തകള്‍ വിശ്വസനീയമല്ലെന്ന് യു.എസിന്റെ പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചു.

Content Highlight: Report says Russian president Vladimir Putin is going to undergo cancer treatment and will handover power temporarily