2027 ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് രോഹിത് ശർമ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. മുംബൈക്ക് അഞ്ച് ഐ.പി.എൽ കിരീടങ്ങൾ നേടിക്കൊടുത്ത രോഹിത്തിന് വീണ്ടും ക്യാപ്റ്റൻസി ചുമതല നൽകാൻ ഫ്രാഞ്ചൈസി താൽപര്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2024 ഐ.പി.എല്ലിൽ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കം ചെയത് പകരം ഹർദിക് പാണ്ഡ്യയെയാണ് നായകനായി നിയമിച്ചിരുന്നത്.
മുംബൈ ഇന്ത്യൻസുമായി പിണങ്ങിപ്പിരിഞ്ഞ ഹർദിക്കിനെ വീണ്ടും തങ്ങളുടെ തട്ടകത്തിൽ എത്തിച്ചുകൊണ്ട് മുംബൈ ക്യാപ്റ്റൻ സ്ഥാനം നൽകുകയായിരുന്നു. ക്യാപ്റ്റനായ ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ ചാമ്പ്യൻമാരാക്കിയ ഹർദിക് ക്യാപ്റ്റൻസി മികവ് തെളിയിച്ചിരുന്നു. ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ തോൽപിച്ചുകൊണ്ടാണ് പാണ്ഡ്യ കിരീടമുയർത്തിയത്.
രണ്ടാം തവണ ഫൈനലിലെത്തിയെങ്കിലും കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് മുമ്പിൽ വീണുപോകാനായിരുന്നു പാണ്ഡ്യയുടെയും കൂട്ടരുടെയും വിധി.
എന്നാൽ ഗുജറാത്തിനൊപ്പം ഉള്ള ക്യാപ്റ്റൻസി മികവ് ഹർദിക്കിന് മുംബൈയിൽ ആവർത്തിക്കാൻ സാധിക്കാതെ പോവുകയായിരുന്നു ടീമിന്റെ മോശം പ്രകടനങ്ങളിൽ രോഹിത്തിനെ ക്യാപ്റ്റൻസിൽ നിന്നും മാറ്റിയതിനെതിരെ ആരാധകരിൽ നിന്നും വലിയ വിമർശനങ്ങൾ മുംബൈ ഇന്ത്യൻസ് നേരിട്ടിരുന്നു.

ഹർദിക്കിന്റെ കീഴിൽ ഒറ്റത്തവണ മാത്രമാണ് മുംബൈ പ്ലേ ഓഫിൽ എത്തിയത്. ഹർദിക് ക്യാപ്റ്റൻസി ഏറ്റെടുത്ത ആദ്യ സീസണിൽ തന്നെ അവസാന സ്ഥാനത്തായിരുന്നു മുംബൈ ഫിനിഷ് ചെയ്തത്. 2020ന് ശേഷം ഒരിക്കൽ പോലും മുംബൈയ്ക്ക് ഫൈനലിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല.
ടീമിന്റെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് മുംബൈയുടെ ക്യാപ്റ്റൻസി മാറ്റാനുള്ള ചർച്ചകൾ സജീവമായത്. ഹർദിക് മുംബൈയുടെ ക്യാപ്റ്റൻസി പദവി ഒഴികെ ഒഴിയുകയാണെങ്കിലും സൂര്യകുമാർ യാദവ് തിലക് വർമയോ അടുത്ത ക്യാപ്റ്റനായി മാറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ രോഹിത്തിന്റെ പരിചയസമ്പത്ത് മുൻനിർത്തിയാണ് മാനേജ്മെന്റ് വീണ്ടും മുൻ നായകനിൽ ഈ ദൗത്യം ഏൽപ്പിക്കാൻ ഒരുങ്ങുന്നത്.

2013ലായിരുന്നു രോഹിത് ശർമ മുംബൈ ഇന്ത്യൻസിന്റെ നായക സ്ഥാനം ഏറ്റെടുത്തത്. രോഹിത്തിന്റെ വരവിന് പിന്നാലെ അഞ്ച് കിരീടങ്ങളാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. 2013, 2015, 2017, 2019, 2020 എന്നീ എന്നീ സീസണുകളിൽ ആയിരുന്നു മുംബൈ ഇന്ത്യൻസ് കിരീടം ചൂടിയത്.
സമീപകാലങ്ങളിൽ ഐ.പി.എല്ലിൽ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുക്കുന്ന മുൻ ചാമ്പ്യന്മാർക്ക് പഴയ ക്യാപ്റ്റന്റെ തിരിച്ചുവരവ് പുതിയ ഊർജ്ജമായിരിക്കും നൽകുക. രോഹിത് ശർമയെ വീണ്ടും മുന്നിൽ നിർത്തി ഐ.പി.എല്ലിലെ നഷ്ടപ്പെട്ട തങ്ങളുടെ ആധിപത്യം തിരിച്ചുപിടിക്കാനായിരിക്കും മുംബൈ ഇന്ത്യൻസ് ലക്ഷ്യം വെക്കുക.
Content Highlight: Report says Rohit Sharma will become the new captain of Mumbai Indians
