'മെസി ലോണ്‍ അടിസ്ഥാനത്തില്‍ ബാഴ്‌സയിലേക്ക് പോകില്ല'
football news
'മെസി ലോണ്‍ അടിസ്ഥാനത്തില്‍ ബാഴ്‌സയിലേക്ക് പോകില്ല'
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th July 2023, 5:40 pm

പി.എസ്.ജിയില്‍ ഫ്രീ ഏജന്റായ സമയത്ത് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി തന്റെ മുന്‍ തട്ടകമായ എഫ്.സി ബാഴ്‌സലോണയിലേക്ക് പോകും എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് അമേരിക്കന്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് പോകാനായിരുന്നു താരം തീരുമാനിച്ചത്.

മെസിയുടെ ഈ പോക്ക് ബാഴ്‌സ ആരാധകരെ വലിയ നിരശരാക്കിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തെ കരാറില്‍ അമേരിക്കയിലെത്തിയ മെസി, ഇതിനിടയില്‍ ലോണ്‍ അടിസ്ഥാനത്തില്‍ ബാഴ്‌സയിലേക്ക് മടങ്ങും എന്നുള്ള സാധ്യതയിലാണ് ആരാധകര്‍ ആശ്വാസം കണ്ടെത്തിയിരുന്നത്.

എന്നാല്‍ ലോണില്‍ എഫ്.സി ബാഴ്സലോണയിലേക്ക് മെസി മടങ്ങില്ലെന്ന് സ്ഥിരീകരിക്കുകയാണ് ഇന്റര്‍ മയാമി. ഇന്റര്‍ മയാമി സഹ ഉടമ ജോര്‍ജ് മാസിനെ ഉദ്ധരിച്ച് ഫോബ്‌സ് വെബ്‌സൈറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘മെസി ലോണില്‍ ബാഴ്‌സയില്‍ പോകുന്നില്ല. അത് സംഭവിക്കുന്ന കാര്യമല്ല.
തീര്‍ച്ചയായും ബാഴ്‌സയില്‍ ശരിയായ വിടവാങ്ങലിന് മെസി അര്‍ഹനാണ്. അതിനുള്ള എല്ലാ സഹായവും മയാമിയുടെ ഭാഗത്തുനിന്ന് ഉണ്ടാകും. എന്നാല്‍ അത് ലോണില്‍ കളിച്ചുകൊണ്ടായിരിക്കില്ല,’ മാസ് പറഞ്ഞു.

രണ്ട് വര്‍ഷത്തെ കരാറുള്ള മെസിക്ക് ഓരോ സീസണിലും 50-60 ദശലക്ഷം ഡോളറാണ് പ്രതിഫലമായി മയാമിയില്‍ ലഭിക്കുക. ഇതുകൂടാതെ ആപ്പിള്‍, അഡിഡാസ് എന്നിവയിലൂടെ ഒരു ഓഹരിയും താരത്തിന് ലഭിക്കും.

ഇന്റര്‍ മയാമിയിലേക്കെത്തിയതിന് പിന്നാലെ ലയണല്‍ മെസി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. അരങ്ങേറ്റ മത്സരത്തില്‍ അവസാന നിമിഷം ഫ്രീകിക്കിലൂടെ ഗോള്‍ നേടിയ മെസി രണ്ടാം മത്സരത്തില്‍ ഡബിളടിച്ചിരുന്നു. മെസിയുടെ ഒരു അസിസ്റ്റിനും സാക്ഷിയായ ചൊവ്വാഴ്ച നടന്ന ലീഗ് കപ്പ് മത്സരത്തില്‍ അറ്റ്ലാന്റ യുണൈറ്റഡിനെതിരെ 4-0നാണ് ഇന്റര്‍ മയാമി വിജയിച്ചത്.

Content Highlight: Report says Messi will not go to Barcalona on a loan basis