ജര്‍മനിയുടെ രക്ഷകനാവാന്‍ ഇതിഹാസമെത്തുന്നു; ലക്ഷ്യം 2028 യൂറോ കപ്പ്!
FIFA World Cup 2026
ജര്‍മനിയുടെ രക്ഷകനാവാന്‍ ഇതിഹാസമെത്തുന്നു; ലക്ഷ്യം 2028 യൂറോ കപ്പ്!
സുദേവ് എ
Sunday, 5th July 2026, 8:06 pm

ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി ഇതിഹാസ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് എത്തുമെന്ന് റിപ്പോര്‍ട്ട്. 2026 ഫിഫ ലോകകപ്പില്‍ നിന്നും ജര്‍മനി പുറത്തായതിന് പിന്നാലെ ജൂലിയന്‍ നെഗ്ലസ്മാന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. നെഗ്ലസ്മാന്റെ പകരക്കാരനായാണ് ക്ലോപ്പ് ജര്‍മനിയുടെ പരിശീലക കുപ്പായമണിയാന്‍ ഒരുങ്ങുന്നത്. ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

2024ല്‍ ലിവര്‍പൂള്‍ വിട്ടതിന് പിന്നാലെ ക്ലോപ്പ് മറ്റൊരു ടീമിന്റെയും പരിശീലകനായി പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ടുതന്നെ ജര്‍മനി ഫുട്‌ബോള്‍ അസോസിയേഷന്‍ ക്ലോപ്പിനെ പരിശീലകനാക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പരീശീലിപ്പിച്ച എല്ലാ ടീമുകളെയും ഉന്നതയില്‍ എത്തിച്ച ഇതിഹാസ പരിശീലകന്മാരില്‍ ഒരാളാണ് ക്ലോപ്പ്. 2001 മുതല്‍ 2008 വരെ എഫ്.സി മെയിന്‍സിനെ പരിശീലിപ്പിച്ച ക്ലോപ്പ് 2008 മുതല്‍ 2015 വരെ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചു.

ബുണ്ടസ് ലീഗയിലെ ബയേണ്‍ മ്യൂണിക്കിന്റെ ആധിപത്യം തകര്‍ത്ത് ഡോർട്മുണ്ടിനെ രണ്ട് തവണ ലീഗ് കിരീടത്തിലേക്ക് നയിക്കാന്‍ ക്‌ളോപ്പിന് സാധിച്ചിരുന്നു. ഡോര്‍ട്മുണ്ട് തങ്ങളുടെ അവസാന ലീഗ് കിരീടവും ക്ലോപ്പിന്റെ കാലത്തായിരുന്നു നേടിയിരുന്നത്.

2015ല്‍ ജര്‍മന്‍ ക്ലബ്ബ് വിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂളിന്റെ പരിശീലകനായാണ് ക്‌ളോപ്പ് ചുമതലയേറ്റത്. ക്ലോപ്പിന്റെ വരവോടുകൂടി ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പിന്നീട് മികച്ച മുന്നേറ്റമായിരുന്നു കാഴ്ചവെച്ചത്.

 

ടീമിനെ പുനര്‍നിര്‍മിക്കുകയും മികച്ച താരങ്ങളെ ടീമില്‍ എത്തിച്ചുകൊണ്ട് ലിവര്‍പൂളിനെ മികച്ച ടീമാക്കി മാറ്റാന്‍ ക്ലോപ്പിന് സാധിച്ചിരുന്നു. ലിവര്‍പൂളിനായി എട്ട് കിരീടങ്ങള്‍ ആണ് ക്ലോപ്പ് ഒമ്പത് വര്‍ഷത്തിനുള്ളില്‍ നേടികൊടുത്തത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്, എഫ്.എ കപ്പ്, എഫ്.എ കമ്മ്യൂണിറ്റി ഷീല്‍ഡ്, രണ്ട് കാരബാവോ കപ്പ് എന്നീ ട്രോഫികള്‍ ആണ് ക്ലോപ്പിന്റെ കീഴില്‍ ലിവര്‍പൂള്‍ ആന്‍ഫീല്‍ഡിന്റെ മണ്ണിലെത്തിച്ചത്.

ഇപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ക്‌ളോപ്പ് ദേശീയ ടീമിനെ കളി പഠിപ്പിക്കാനെത്തുമ്പോള്‍ 2028 യൂറോകപ്പിന് മുമ്പായി ജര്‍മനിയെ പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കുക എന്നതായിരിക്കും ക്ലോപ്പിന്റെ മുന്നിലുള്ള പ്രധാന ഉത്തരവാദിത്വം. ക്ലോപ്പിന്റെ വരവ് ജര്‍മന്‍ ഫുട്‌ബോളിന് ഒരു പുതുയുഗം സമ്മാനിക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം 2026 ലോകകപ്പില്‍ റൗണ്ട് ഓഫ് 32ല്‍ പരാഗ്വയോട് പരാജയപ്പെട്ടാണ് ജര്‍മനി പുറത്തായത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പുതുമുഖങ്ങളായ കുറസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വരവറിയിച്ചു ജര്‍മനി രണ്ടാം മത്സരത്തില്‍ ആഫ്രിക്കന്‍ ടീം ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും കീഴടക്കി.

എന്നാല്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇക്വാഡോറിനെതിരെ 2-1ന് ജര്‍മനി പരാജയപ്പെടുകയായിരുന്നു. എങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാരുന്നു ജര്‍മന്‍ പട അടുത്ത റൗണ്ടിലേക്ക് കടന്നത്. എന്നാല്‍ റൗണ്ട് ഓഫ് 32ല്‍ പരാഗ്വയോട് പെനാല്‍റ്റിയില്‍ വീണ് ജര്‍മനി പുറത്താവുകയായിരുന്നു.

2014ല്‍ ബ്രസീലിയന്‍ മണ്ണില്‍ നിന്നും ലോക കിരീടം നേടിയതിന് ശേഷം ജര്‍മനിക്ക് പിന്നീട് നടന്ന മേജര്‍ ടൂര്‍ണമെന്റുകളിലൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. 2018 റഷ്യന്‍ ലോകകപ്പിലും 2022 ഖത്തര്‍ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മ്മനി പുറത്തായിരുന്നു.

പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ യൂറോ കപ്പിലും ജര്‍മനി നിരാശപ്പെടുത്തി. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറാനായിരുന്നു ടീമിന് സാധിച്ചിരുന്നത്. 2020 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനോടും ജര്‍മനി പരാജയപ്പെട്ടിരുന്നു.

 

Content Highlight: Report says Jurgen Klopp will be the next coach of Germany football team

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.