മുൻ രാജസ്ഥാൻ താരത്തെ റാഞ്ചാനൊരുങ്ങി സഞ്ജുവിന്റെ ചെന്നൈ; സീൻ മാറ്റാൻ സി.എസ്.കെ!
Cricket
മുൻ രാജസ്ഥാൻ താരത്തെ റാഞ്ചാനൊരുങ്ങി സഞ്ജുവിന്റെ ചെന്നൈ; സീൻ മാറ്റാൻ സി.എസ്.കെ!
Sudev A
Tuesday, 21st April 2026, 11:22 am

ഐ.പി.എല്ലില്‍ നിന്നും പരിക്കേറ്റ് പുറത്തായ ഖലീല്‍ അഹമ്മദിന്റെ പകരക്കാരനായി ഇന്ത്യന്‍ പേസര്‍ ആകാശ് മധ്വാള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. പുതിയ പേസറെ കണ്ടെത്താനായി ചെന്നൈ ട്രയല്‍സ് സംഘടിപ്പിച്ചിരുന്നുവെന്നും ഈ ട്രയൽസില്‍ മധ്വാളും പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. വൈകാതെ താരത്തെ ടീമിലെത്തിച്ചത് ചെന്നൈ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി മധ്വാള്‍ കളിച്ചിട്ടുണ്ട്. മുംബൈക്കൊപ്പം രണ്ട് സീസണുകളില്‍ കളിച്ച താരം 13 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു ആകാശ്.

എന്നാല്‍ രാജസ്ഥാനൊപ്പം വെറും നാല് മത്സരങ്ങളില്‍ മാത്രമാണ് മധ്വാളിന് കളിക്കാന്‍ സാധിച്ചത്. നാല് വിക്കറ്റുകളും താരം രാജസ്ഥാനായി വീഴ്ത്തി. 2025ല്‍ ടീമിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതിനാല്‍ രാജസ്ഥാന്‍ താരത്തെ റിലീസ് ചെയ്യുകയായിരുന്നു. ഐപിഎല്‍ താര ലേലത്തില്‍ താരം അണ്‍സോള്‍ഡ് ആവുകയും ചെയ്തു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് ഖലീല്‍ അഹമ്മദിന് പരുക്കേറ്റത്. തന്റെ ഓവറിലെ അവസാന പന്തെറിയുന്നതിനിടയില്‍ താരം കാലിന് പരിക്ക് പറ്റി കളത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. പന്തെറിയാനായി റണ്‍ അപ് എടുക്കുന്നതിനിടയില്‍ താരത്തിന് കാലിന് വേദന അനുഭവപ്പെടുകയും പകരം ഗുര്‍ജപ്നീത് സിങ് ഓവര്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.

ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഖലീലിന് ഗ്രേഡ് 2 പരിക്കാണുള്ളത്. ഇത്തരം പരിക്കുകള്‍ മാറണമെങ്കില്‍ 10 ആഴ്ച വരെ സമയമെടുക്കും. താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് മെഡിക്കല്‍ ടീമും സ്ഥിരീകരിച്ചു. ഇതോടെ താരം പുറത്താവുകയായിരുന്നു. ഈ സാഹചര്യത്തില്‍ ആകാശ് മധ്വാളിന്റെ വരവ് ചെന്നൈക്ക് ആശ്വാസമാവുമെന്നുറപ്പാണ്.

അതേസമയം ഈ സീസണിലെ ചെന്നൈയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും ചെന്നൈ പരാജയപ്പെട്ടിരുന്നു. ഹാട്രിക് തോല്‍വികള്‍ക്ക് ശേഷം തുടര്‍ച്ചയായ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ടൂര്‍ണമെന്റിലേക്ക് ചെന്നൈ തിരിച്ചുവരുകയായിരുന്നു. ദല്‍ഹി ക്യാപിറ്റല്‍സിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും വീഴ്ത്തിയാണ് ഡല്‍ഹി വിജയവഴിയില്‍ തിരിച്ചെത്തിയത്.

എന്നാല്‍ ഹാട്രിക് വിജയം ലക്ഷ്യം വെച്ചിറങ്ങിയ ചെന്നൈ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെടുകയും ചെയ്തു. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറ് മത്സരങ്ങളില്‍ നിന്നും നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ചെന്നൈ.

ഏപ്രില്‍ 23ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെയിലാണ് മത്സരം.

Content Highlight: Report says Chennai super kings will sign akash Madhwal

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.