'ഫുട്‌ബോള്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യ' ഫിഫയുടെ വിധിക്കായി കണ്ണുംനട്ട് ആരാധകര്‍
Cricket
'ഫുട്‌ബോള്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യ' ഫിഫയുടെ വിധിക്കായി കണ്ണുംനട്ട് ആരാധകര്‍
Sudev A
Saturday, 23rd May 2026, 7:17 pm

2026 ലോക കാല്‍പന്ത് മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. മെക്‌സിക്കോ, കാനഡ, യു.എസ്.എ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ്, ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചരിത്രത്തിലെ തന്നെ വലിയ ടൂര്‍ണമെന്റാണ്.

48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്. ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലോകകപ്പിന്റെ ഭാവിയെ സംബന്ധിച്ചുള്ള ഒരു വലിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

2030 ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 66 ആയി ഉയര്‍ത്താന്‍ ഫിഫ ഗൗരവമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ആദ്യം മുന്നോട്ട് വന്നത്. അമേരിക്കന്‍ ഫെഡറേഷന്റെ ഈ ആവശ്യം ഫിഫ ഔദ്യോഗികമായി ചര്‍ച്ച ചെയ്യാന്‍ മാറ്റിവെച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇതുവരെ 32 ടീമുകളായിരുന്നു ലോകകപ്പില്‍ മത്സരിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ ലോകകപ്പ് മുതലാണ് ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തിയത്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവാത്കരമായ മാറ്റമായിരിക്കും ഇതിലൂടെ തുടക്കമാവുക.

ലോകകപ്പില്‍ ടീമുകളുടെ എണ്ണം ഉയര്‍ത്തുകയാണെങ്കില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ലോക വിശ്വവേദിയില്‍ പന്ത് തട്ടാനുള്ള ഭാഗ്യം ലഭിക്കും. ഇതുവരെ ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യക്ക് അവസരം ലഭിച്ചിട്ടില്ല. ഫിഫ ഈ നീക്കം നടപ്പിലാക്കിയാല്‍ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളിലേക്ക് കൂടിയാണ് വെളിച്ചം വീശുന്നത്.

ടീമുകളുടെ എണ്ണം 66 ആയി ഉയര്‍ന്നാല്‍ ഏഷ്യയില്‍ നിന്നും ലോകകപ്പിലേക്ക് യോഗ്യത നേടാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാവും. യോഗ്യത മത്സരങ്ങളില്‍ മികച്ച പോരാട്ടം കാഴ്ചവെച്ചാല്‍ ഇന്ത്യയുടെ പതാകയും ലോകകപ്പില്‍ ഉയരുമെന്നുറപ്പാണ്. വരും ദിവസങ്ങളില്‍ ഫിഫയുടെ ഭാഗത്തുനിന്നും ടീമുകളുടെ എണ്ണം ഉയര്‍ത്തുന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

Content Highlight: Report says 68 countries to participate in 2030 FIFA World Cup

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.