അമരന് സംവിധായകനൊപ്പം ധനുഷ്; കട്ടക്ക് പിടിച്ച് നില്‍ക്കാന്‍ മമ്മൂട്ടിയും?
Indian Cinema
അമരന് സംവിധായകനൊപ്പം ധനുഷ്; കട്ടക്ക് പിടിച്ച് നില്‍ക്കാന്‍ മമ്മൂട്ടിയും?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th December 2025, 5:31 pm

അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിനൊപ്പമാണെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. ധനുഷിന്റെ 55ാത്തെ സിനിമയായെത്തുന്ന ചിത്രത്തിന് D55 എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്.

സിനിമയില്‍ മമ്മൂട്ടിയും ധനുഷിനൊപ്പം ഒരു പ്രധാനവേഷത്തിലെത്തുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മമ്മൂട്ടി നായകനായെത്തി 2013ല്‍ പുറത്തിറങ്ങിയ കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന മലയാള ചിത്രത്തില്‍ ധനുഷ് ഗസ്റ്റ് റോളില്‍ എത്തിയിരുന്നു. മലയാളത്തില്‍ മികച്ച ചിത്രങ്ങളുമായി തിളങ്ങി നില്‍ക്കുമ്പോഴാണ് മമ്മൂട്ടി തമിഴില്‍ ഒരു ചിത്രത്തിന്റെ ഭാഗമാകുന്നത്.

അമരന്‍ പോലൊരു സിനിമ സംവിധാനം ചെയ്ത രാജ്കുമാര്‍ പെരിയസാമിയുടെ മറ്റൊരു മികച്ച ചിത്രമാകും D55 എന്നാണ് ആരാധകര്‍ കരുതുന്നത്. നേരത്തെ, പൂജ ഹെഗ്ഡെ നായികയായെത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ നിര്‍മാണത്തിലെ മാറ്റത്തിന് ശേഷം നായികാ തെരഞ്ഞെടുപ്പിലും വലിയ ട്വിസ്റ്റ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍, ധനുഷിനൊപ്പം സായ് പല്ലവി ജോഡിയാകുമെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ‘മാരി 2’ ന് ശേഷം ധനുഷും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ആദ്യം ചിത്രം നിര്‍മിച്ചിരുന്ന പ്രൊഡക്ഷന്‍ ഹൗസ് പദ്ധതിയില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറിയിരുന്നു. ധനുഷിന്റെ തന്നെ പ്രൊഡക്ഷന്‍ ഹൗസാണ് സിനിമ നിര്‍മിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആക്ഷന്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രം ബിഗ് ബജറ്റില്‍ എത്തുമെന്നാണ് വിവരം.

Content Highlight: Report: Mammootty to star alongside Dhanush in Rajkumar Periyasamy’s film