ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം സ്ഥാനം ഒഴിഞ്ഞ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറുടെ രാജിക്ക് പിന്നില്‍ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും ജെ.പി നദ്ദയുമാണെന്ന് റിപ്പോര്‍ട്ട്. ഉപരാഷ്ട്രപതിയുടെ നേതൃത്വത്തില്‍ നടന്ന ബിസിനസ് അഫയേഴ്‌സ് കമ്മിറ്റി യോഗത്തില്‍ ഇരുവരും പങ്കെടുക്കുന്നില്ലെന്ന് കാര്യം മുന്‍കൂട്ടി അറിയിക്കാത്തതാണ് രാജിക്ക് പിന്നിലെ കാരണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
തിങ്കളാഴ്ചത്തെ ബി.എ.സി യോഗത്തില്‍ സഭാനേതാവ് നദ്ദയും പാര്‍ലമെന്ററി കാര്യ മന്ത്രി റിജിജുവും ഇല്ലാത്തതില്‍ ധന്‍ഖര്‍ അസ്വസ്ഥനാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. എന്നിരുന്നാലും, പ്രധാനപ്പെട്ട പാര്‍ലമെന്ററി ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും മുന്‍കൂട്ടി ചെയര്‍മാനെ അറിയിച്ചിരുന്നതായും നദ്ദ പറഞ്ഞു.
ഉച്ചയ്ക്ക് 12.30 നാണ് ആദ്യ യോഗം നടന്നത്. ഈ യോഗത്തില്‍ നദ്ദയും റിജിജുവും ഉള്‍പ്പെടെ മിക്ക അംഗങ്ങളും പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കുറച്ച് ചര്‍ച്ചകള്‍ക്ക് ശേഷം, വൈകുന്നേരം 4.30 ന് വീണ്ടും യോഗം ചേരാന്‍ ബി.എ.സി തീരുമാനിച്ചു. എന്നാല്‍ യോഗം പുനരാരംഭിച്ചപ്പോള്‍ രണ്ട് മന്ത്രിമാരും ഹാജരായിരുന്നില്ല. അവരുടെ അഭാവത്തില്‍, രണ്ടാമത്തെ യോഗത്തില്‍ കേന്ദ്രമന്ത്രി എല്‍. മുരുകനെ സര്‍ക്കാരിന്റെ പ്രതിനിധിയായി നിയമിച്ചു.
എന്നാല്‍ പാര്‍ലമെന്റി ജോലികളില്‍ തിരക്കില്‍ ആയതിനാണ് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്ന് ആരോഗ്യമന്ത്രി ജെ.പി. നദ്ദ പ്രതികരിച്ചു. പാര്‍ലമെന്ററി കാര്യങ്ങളുമായി ബന്ധപ്പെട്ട് മറ്റ് പ്രധാന തിരക്കുകളില്‍ ആയിരുന്നതിലാണ് തനിക്കും കിരണ്‍ റിജിജുവിനും 4:30യ്ക്ക് ഉപരാഷ്ട്രപതി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്ന് നദ്ദ പറഞ്ഞു.
അതേസമയം നദ്ദ രാജ്യസഭയില്‍ പറഞ്ഞ കാര്യങ്ങളും ഉപരാഷ്ട്രപതിയുടെ രാജിയിലേക്ക് നയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യസഭയില്‍വെച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമെ റെക്കോഡ് ചെയ്യേണ്ടതുള്ളൂ എന്ന് നദ്ദ പറഞ്ഞത് ഉപരാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷം ആരോപിക്കുകയുണ്ടായി.
യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തക്കാത്തത് ധന്‍കറിനെ വ്യക്തിപരമായി അറിയിച്ചിരുന്നില്ലെന്നും മന്ത്രിമാര്‍ എത്തുന്നതുവരെ കമ്മിറ്റി അംഗങ്ങള്‍ കാത്തിരുന്നുവെന്നും ബി.എ.സിയുടെ ഭാഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. അതേസമയം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ശശി തരൂര്‍ അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ല.