ന്യൂദല്‍ഹി: 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ ബി.ജെ.പി രാജ്യത്ത് അധികാരമേറ്റതിന് പിന്നാലെ പാര്‍ട്ടിയുടെ വരവുചെലവ് കണക്കുകളില്‍ വന്‍ വര്‍ധനവുമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ വാര്‍ഷിക വരവുചെലവ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍, 2014-15നെ അപേക്ഷിച്ച് 2023-24ലേക്കെത്തിയപ്പോള്‍ നാലിരട്ടിയിലധികമാണ് വര്‍ധനവ്.
ഇലക്ഷന്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളനുസരിച്ച് 2014-15ല്‍ ബി.ജെ.പിയുടെ വാര്‍ഷിക വരുമാനം 970 കോടിയായിരുന്നു. ചെലവ് 913 കോടിയും.
എന്നാല്‍ അത് 2023-24ലെക്കെത്തിയപ്പോള്‍ 4,340 കോടിയിലേക്കെത്തി. മുഴുവന്‍ തുകയും ചെലവഴിച്ചതായി പാര്‍ട്ടി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിനും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പും അവസാനിച്ച കാലയളവിലാണ് മുഴുവന്‍ തുകയും ചെലവഴിച്ചതായി പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്തത്.
2024-25ലും പാര്‍ട്ടിയുടെ വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 6769.14 കോടിയാണ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടിയുടെ വരുമാനം. 3,774.58 കോടിയാണ് ചെലവ്. ഇതില്‍ തെരഞ്ഞെടുപ്പുകളുടെ പ്രചരണത്തിനും പ്രൊപ്പഗാണ്ടകള്‍ക്കുമായി ചെലവഴിച്ച 3,335.36 കോടി രൂപയും ഉള്‍പ്പെടുന്നുവെന്ന് ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിച്ച പാര്‍ട്ടിയുടെ വരവ് ചെലവ് പ്രസ്താനവകളില്‍ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ (FY24) വരുമാനത്തിലും ചെലവിലും പാര്‍ട്ടിക്ക് ഗണ്യമായ വര്‍ധനവുണ്ടായി. മൊത്തം വരുമാനം 4,340.47 കോടിയും ചെലവ് 2,211.69 കോടിയുമായിരുന്നു. ഇതില്‍ തെരഞ്ഞെടുപ്പ്, പൊതു പ്രചാരണങ്ങള്‍ എന്നിവയ്ക്കായുള്ള 1,754.06 കോടിയും ഉള്‍പ്പെടുന്നു.
കഴിഞ്ഞ 11 വര്‍ഷത്തിനിടെ ബി.ജെ.പിയുടെ റിപ്പോര്‍ട്ട് ചെയ്ത വരുമാനം (ഇലക്ഷന്‍ കമ്മിഷന്‍ ഫയലിങ്ങുകള്‍ പ്രകാരം)
2014-15 – 970 കോടി
2015-16 – 570 കോടി
2016-17 – 1,034 കോടി
2017-18 – 1,027 കോടി
2018-19 – 2,410 കോടി
2019-20 – 3,623 കോടി
2020-21 – 752 കോടി
2021-22 – 1917 കോടി
2022-23 – 2360 കോടി
2023-24 – 4340 കോടി
2024-25 – 6769 കോടി
സംഭാവനകളിലൂടെയാണ് പാര്‍ട്ടി ഏറ്റവുമധികം തുക സമാഹരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 6,769.15 കോടിയില്‍ 6,124.85 കോടിയും സംഭാവനകളിലൂടെയാണ്. 2023-24ല്‍ 3,967.14 കോടിയാണ് പാര്‍ട്ടിക്ക് ഇത്തരത്തില്‍ സംഭാവനകളിലൂടെ ലഭിച്ചത്.
സ്വമേധയാ ഉള്ള സംഭാവനകളില്‍ 54 ശതമാനം വര്‍ധനവുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശയിനത്തില്‍ ലഭിച്ച 634.09 കോടിയാണ് സംഭാവനകള്‍ക്ക് ശേഷം 2025 സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടിയുടെ വരുമാനത്തില്‍ രണ്ടാമത്. പ്രതിനിധി ഫീസ്, സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് എന്നിവയിലൂടെ 5.70 കോടിയും പാര്‍ട്ടിക്ക് ലഭിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം അത് 369.03 കോടിയും 2.71 കോടിയുമായിരുന്നു.
2024-25 ലെ ചെലവ് കണക്കുകള്‍ പ്രകാരം, തെരഞ്ഞെടുപ്പ്, പൊതു പ്രചാരണങ്ങള്‍ എന്നിവയ്ക്കായി പരമാവധി 3,335.36 കോടി ചെലവഴിച്ചുവെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ ഭരണപരമായ ചെലവുകള്‍ക്കായി 323.05 കോടിയും ജീവനക്കാര്‍ക്കായി 74.34 കോടിയും ചെലവഴിച്ചു. ഇതില്‍ ശമ്പളം, ജീവനക്കാരുടെ ക്ഷേമ ചെലവുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
2023-24 ലെ ഇതേ കണക്കുകള്‍ തെരഞ്ഞെടുപ്പ്, പൊതു പ്രചാരണം എന്നിവയ്ക്കായി 1,754.06 കോടിയും, ഭരണപരമായ ചെലവുകള്‍ക്കായി 349.71 കോടിയും, ജീവനക്കാരുടെ ചെലവുകള്‍ക്കായി 73.52 കോടിയുമായിരുന്നു ചെലവുണ്ടായിരുന്നത്.
കോണ്‍ഗ്രസ് നേരത്തെ സമര്‍പ്പിച്ച 2024-25 വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടില്‍, പാര്‍ട്ടിയുടെ മൊത്തം വരുമാനം 918 കോടി രൂപയും ചെലവ് 1,112 കോടി രൂപയുമാണെന്ന് വ്യക്തമാക്കിയിരുന്നു.
Content Highlight: Report: BJP’s income has increased more than fourfold in a decade under Modi government