ഐ.പി.എല്ലിന് പുറമെ ഏഷ്യാ കപ്പും റദ്ധാക്കി ബി.സി.സി.ഐ; റിപ്പോര്‍ട്ട്
Sports News
ഐ.പി.എല്ലിന് പുറമെ ഏഷ്യാ കപ്പും റദ്ധാക്കി ബി.സി.സി.ഐ; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th May 2025, 2:07 pm

ഐ.പി.എല്‍ 2025 സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ റദ്ധാക്കിയിരിക്കുകയാണ്. ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്നാണ് മത്സരങ്ങള്‍ റദ്ധാക്കിയത്. ഇതിന് പിന്നാലെ ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളിലായി നടക്കാനിരുന്ന ഏഷ്യാകപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറി. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ പിന്‍മാറിയതോടെ ടൂര്‍ണമെന്റ് നടക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

അതേസമയം ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ് – പഞ്ചാബ് കിങ്‌സ് മത്സരവും ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ഐ.പി.എല്‍ മത്സരങ്ങള്‍ തുടരുമോയെന്ന അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു.

ഇന്ന് നടക്കാനിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് പോരാട്ടം ഉപേക്ഷിക്കുകയും പഞ്ചാബ് കിങ്‌സുമായുള്ള മുംബൈ ഇന്ത്യന്‍സ് മത്സരത്തിന്റെ വേദി അഹമ്മദാബാദിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് ഓസ്ട്രേലിയയില്‍ നിന്ന് അടക്കമുള്ള വിദേശ താരങ്ങള്‍ ഐ.പി.എല്‍ വിടാനൊരുങ്ങുന്നുവെന്ന് ദി സിഡിനി മോര്‍ണിങ്ങ് ഹെറാള്‍ഡാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പിന്നാലെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളുടെ സുരക്ഷയെ കുറിച്ച് ബി.സി.സി.ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് ഐ.പി.എല്‍ പൂര്‍ണമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പി.ടി.ഐ ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ചാണ് ഐ.പി.എല്‍ നിര്‍ത്തിവെച്ചത് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള പാകിസ്ഥാന്റെ ആക്രമണത്തിന് ഇന്ത്യ വലിയ പ്രതിരോധം തീര്‍ക്കുകയും പാകിസ്ഥാന്റെ എല്ലാ ആക്രമണ ശ്രമങ്ങളും ഇന്ത്യന്‍ സൈന്യം തകര്‍ക്കുകയും ചെയ്തു.

മാത്രമല്ല പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്ത്യ കനത്ത തിരിച്ചടിയും നല്‍കി. 67ഓളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടെന്നും പാകിസ്ഥാന്റെ എഫ് 16 വിമാനവും രണ്ട് ജെ.എസ് 17 വിമാനങ്ങളും ഇന്ത്യ തകര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Report: Asia Cup also canceled after Indian Premier League