കൊല്ലത്തെ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് റിപ്പോർട്ട്
Kerala
കൊല്ലത്തെ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th July 2025, 12:20 pm

കൊല്ലം: തേവലക്കര സ്‌കൂൾ വിദ്യാർഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട്. ലൈനിന് താഴെ ഷെഡ് നിർമിച്ചതിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും ഷെഡ് നിർമിച്ചത് ശ്രദ്ധയിൽ പെട്ടപ്പോൾ നടപടി ഉണ്ടായില്ലെന്നും ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് ചീഫ് സുരക്ഷാ കമ്മീഷണർ സർക്കാരിന് കൈമാറിയിട്ടുണ്ട്. ജൂലൈ 18 നായിരുന്നു തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂളിൽ കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന് ഷോക്കേറ്റത്.

സംഭവത്തിൽ തേവലക്കര ബോയ്‌സ് ഹൈസ്‌കൂൾ മാനേജർ ജി. തുളസീധരൻപിള്ളയ്ക്ക് കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. ഐ. ലാൽ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പിന്നീട് സംഭവത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയ പശ്ചാത്തലത്തില്‍ സ്‌കൂൾ മാനേജ്‌മെന്റിനെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പിരിച്ചുവിട്ടിരുന്നു.

അപകടം ഉണ്ടായതിന് പിന്നാലെ തന്നെ കെ.എസ്.ഇ.ബിക്കെതിരെ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് കെ.എസ്.ഇ.ബിയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന റിപ്പോർട്ട് പുറത്ത് വന്നത്.

അതേസമയം കഴിഞ്ഞ ദിവസം കെ.ഇ.സി.ബിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്ക് പിന്നാലെ വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സംസ്ഥാന/ജില്ലാതല കമ്മിറ്റികള്‍ ആഗസ്റ്റ്‌ 15 നകം വിളിച്ചു കൂട്ടാനും മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചിരുന്നു.

സുരക്ഷാ പരിശോധനകളും തുടര്‍നടപടികളും ആഗസ്റ്റ്‌ 15 ന് മുമ്പ് പൂര്‍ത്തിയാക്കാനും, വൈദ്യുതി അപകടങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നടന്ന വൈദ്യുതി അപകടങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തിരുന്നു. വൈദ്യുതി അപകടം ഉണ്ടായാല്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്റ്ററുടെ നിര്‍ദേശപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

സ്കൂൾ, ആരാധനാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടെ പരിസരങ്ങളിലെ വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ അടിയന്തിര സുരക്ഷാ പരിശോധന ഈ മാസം തന്നെ പൂർത്തിയാക്കാനും, ആഗസ്റ്റ് 15നകം എല്ലാ ലൈനുകളുടെയും സുരക്ഷാ പരിശോധന പൂർത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.

പുതിയ വൈദ്യുതി ലൈൻ നിർമാണം കവചിത കണ്ടക്റ്ററുകൾ ഉപയോഗിച്ച് മാത്രം ചെയ്യാനുള്ള 2021ലെ കെ.എസ്.ഇ.ബിയുടെ തീരുമാനം കർശനമായി നടപ്പാക്കാൻ യോഗത്തിൽ തീരുമാനമായി. വൈദ്യുതി പോസ്റ്റുകളിൽ അനധികൃതമായി വലിച്ചിരിക്കുന്ന കേബിളുകൾ അടിയന്തിരമായി നീക്കം ചെയ്യാനും യോഗത്തിൽ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

 

Content Highlight: Report alleges lapses by KSEB officials in student’s death from shock