മോദിക്കെതിരെ ആഗോള മാധ്യമ സംഘടന; ലക്ഷ്യമിട്ടത് 55ലേറെ മാധ്യമപ്രവര്‍ത്തകരെ; കൊവിഡിനെ മറയാക്കി രാജ്യദ്രോഹക്കുറ്റവും
Freedom of the press
മോദിക്കെതിരെ ആഗോള മാധ്യമ സംഘടന; ലക്ഷ്യമിട്ടത് 55ലേറെ മാധ്യമപ്രവര്‍ത്തകരെ; കൊവിഡിനെ മറയാക്കി രാജ്യദ്രോഹക്കുറ്റവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd October 2020, 1:32 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ക്കെതിരെ ആഗോള മാധ്യമ സംഘടന.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഉപദ്രവങ്ങളും
അവസാനിപ്പക്കണമെന്ന് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടും ബെല്‍ജിയം ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റും
മോദിയോട് ആവശ്യപ്പെട്ടു.

പ്രതികാര നടപടിയുണ്ടാകുമെന്ന ഭയമില്ലാതെ ഉപദ്രവങ്ങളില്ലാതെ മാധ്യമപ്രവര്‍ത്തനം നടത്താനുള്ള അന്തരീക്ഷം രാജ്യത്ത് ഒരുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാനുള്ള മാര്‍ഗമായി കൊറോണ വൈറസ് വ്യാപനം മോദി സര്‍ക്കാര്‍ ഉപയോഗിച്ചുവെന്നും മാധ്യമ സംഘടന ചൂണ്ടിക്കാട്ടി.

പകര്‍ച്ചവ്യാധി പടര്‍ന്നതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തുന്ന കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണ്‍ സമയത്ത് 55 ഓളം മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ ഉന്നമിട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 124 എ പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതില്‍ വര്‍ദ്ധനവുണ്ടായതായും കത്തില്‍ പറയുന്നു.

സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്ത സംഭവവും കത്തില്‍ പറയുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ ഹാത്രാസ് ജില്ലയില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദിഖ് കപ്പനെ അറസ്റ്റു ചെയ്യുന്നത്. അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

സിദ്ദിഖ് കാപ്പന് പുറമെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ വിനോദ് ദുവ, ഗുജറാത്തി ന്യൂസ് പോര്‍ട്ടലായ ഫെയ്‌സ് ഓഫ് നേഷന്‍ എഡിറ്ററും ഉടമയുമായ ധവല്‍ പട്ടേല്‍, ഭുംകല്‍ സമാചാര്‍ എഡിറ്റര്‍ കമല്‍ ശുക്ല എന്നിവര്‍ക്കെതിരേയും രാജ്യദ്രോഹ കേസുകള്‍ ചുമത്തിയിരുന്നു.

2014 ല്‍ പ്രത്യേക സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ജഡ്ജി ബ്രിജ്ഗോപാല്‍ ലോയയുടെ ദുരൂഹമരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ നിരസിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തെ പരാമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഒരു കാര്‍ട്ടൂണ്‍ പങ്കിട്ടതിനാണ് ശുക്ലയ്ക്കെതിരെ കേസെടുത്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Report against Modi Government; BJP of using pandemic as an excuse to stifle criticism.