പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പ്രധാന ചുമതലയിലുള്ളത് നെടുമ്പാശേരി സ്വർണക്കടത്ത് കേസിലെ പ്രതിയെന്ന് റിപ്പോർട്ട്. നെടുമ്പാശേരി സ്വർണക്കടത്ത് കേസിലെ പ്രതിയും അടൂർ ക്യാമ്പിലെ എസ്.ഐയുമായ ആർ കൃഷ്ണകുമാറാണ് സന്നിധാനത്ത് പൊലീസ് കൺട്രോളറായി ചുമതലയിലുള്ളതെന്നാണ് വിവരം.
റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ ശബരിമലയിൽ ഡ്യൂട്ടിയിലുള്ള മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ചും സമഗ്ര റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു.
2014 ൽ നെടുമ്പാശേരിയിൽ എമിഗ്രെഷൻ ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണകുമാർ ഉൾപ്പടെയുള്ളവർക്കെതിരെ 360 കിലോ സ്വർണം കടത്തിയതിന് സി.ബി.ഐ കേസെടുത്തിരുന്നു.
ആർ.കൃഷ്ണകുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് മൂന്ന് വര്ഷം ഇദ്ദേഹം സസ്പെൻഷനിലായിരുന്നു. ഗുരുതരമായ വീഴ്ചകൾ ഉണ്ടായ ഒരു ഉദ്യോഗസ്ഥനെയാണ് ശബരിമല സന്നിധാനത്ത് പൊലീസ് കൺട്രോളറായി ചുമതലപ്പെടുത്തിയത്.
ശബരിമലയിലെ സ്പെഷ്യൽ കമ്മീഷണർ ഈ വിഷയം സ്വമേധയാ അന്വേഷിക്കുകയും ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.
20 വർഷം വരെ ഉദ്യോഗസ്ഥനായിരുന്ന സുനിൽ എന്നയാളെ മാറ്റി പകരം ആർ.കൃഷ്ണകുമാറിനെ ചുമതലപ്പെടുത്തിയതിലെ വീഴ്ചയും 20 വർഷം വരെ ഒരു ഉദ്യോഗസ്ഥൻ എങ്ങനെയാണ് സന്നിധാനത്ത് തുടർന്നതിനെ സംബന്ധിച്ചും സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി പറഞ്ഞു.
നിലവിൽ സന്നിധാനത്ത് ചുമതലയിലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും കാലാവധിയടക്കമുള്ള കാര്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് ഉടൻ തന്നെ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
Content Highlight: Report: Accused in Nedumbassery gold smuggling case is in charge at Sabarimala Sannidhanam