ട്രംപിന് മറുപടി; അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുമെന്ന് കാനഡ
World News
ട്രംപിന് മറുപടി; അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുമെന്ന് കാനഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd February 2025, 7:25 pm

ഒട്ടാവ: 155 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം.

നികുതി ചുമത്തുമെന്ന് ട്രംപിന്റെ തീരുമാനം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്വതന്ത്ര വ്യാപാര കരാറിനെ ലംഘിക്കുന്നതാണെന്ന് ട്രൂഡോ ചൂണ്ടിക്കാട്ടി. നികുതി ചുമത്തുന്നത് അമേരിക്കന്‍ ജനതയ്ക്കകതും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും 21 ദിവസത്തിനുള്ളില്‍ 125 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തങ്ങള്‍ നികുതി ചുമത്തുമെന്നും ട്രൂഡോ പറഞ്ഞു.

അമേരിക്കയുടെ നടപടിയും തങ്ങളുടെ പ്രതികരണവും അതിര്‍ത്തിയുടെ ഇരുവശങ്ങളിലുമായുള്ള ജനങ്ങളിലും തൊഴിലാളികളിലുമാണ് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.

പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോമുമായി ഉടന്‍ സംസാരിക്കുമെന്നും നേരത്തെ ട്രൂഡോ അറിയിച്ചിരുന്നു.

ചൊവ്വാഴ്ച (4/02/25) മുതല്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുമുള്ള എല്ലാ ഇറക്കുമതികള്‍ക്കും 25 ശതമാനം നികുതി ചുമത്തുമെന്ന് നേരത്തെ ട്രംപ് അറിയിച്ചിരുന്നു.

ചൈനയില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും പത്ത് ശതമാനവും മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 25 ശതമാനവും നികുതി ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു.

കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ, പ്രകൃതി വാതകം, വൈദ്യുതി എന്നിവക്ക് പത്ത് ശതമാനം നികുതി ചുമത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു. യു.എസിനെതിരായ രാജ്യങ്ങള്‍ തീരുമാനങ്ങള്‍ സ്വീകരിച്ചാല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നും ട്രംപ് ഉത്തരവില്‍ പറയുന്നു.

മെക്‌സിക്കോയും കാനഡയും അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായത് കൊണ്ടുതന്നെ ട്രംപിന്റെ തീരുമാനം കാനഡയും മെക്‌സിക്കോയുമായുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: Reply to Trump; Canada to impose tariffs on American products