ദുഷിച്ച മനസും വെച്ച് സ്വയം കാവല്‍ക്കാരനെന്ന് വിളിക്കുന്നവനെ പച്ചയ്ക്ക് കത്തിക്കണം; സംഘപരിവാറിന്റെ വായടപ്പിച്ച് നടി രേണുക ഷഹാന്‍
national news
ദുഷിച്ച മനസും വെച്ച് സ്വയം കാവല്‍ക്കാരനെന്ന് വിളിക്കുന്നവനെ പച്ചയ്ക്ക് കത്തിക്കണം; സംഘപരിവാറിന്റെ വായടപ്പിച്ച് നടി രേണുക ഷഹാന്‍
ന്യൂസ് ഡെസ്‌ക്
Thursday, 21st March 2019, 3:28 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച മേം ഭീ ചൗക്കീദാര്‍ ക്യാമ്പയിനില്‍ മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബറും പങ്കാളിയായതിനെ വിമര്‍ശിച്ച നടി രേണുക ഷഹാന് നേരെ അശ്ലീല പരാമര്‍ശവുമായി സംഘപരിവാര്‍ അനുകൂലികള്‍.

സജീന്ദ്ര ജാ എന്ന സംഘപരിവാര്‍ അനുകൂല പ്രൊഫൈലില്‍ നിന്നായിരുന്നു രേണുകയ്‌ക്കെതിരെ അശ്ലീല കമന്റ് ഇട്ടത്. “” നിങ്ങള്‍ സ്വയം തുണിയുരിയാന്‍ തയ്യാറായാല്‍ നിങ്ങളെ അവര്‍ വെറുതെ മണത്തിട്ട് പോകുമെന്ന് കരുതണ്ട. എം.ജെ അക്ബര്‍ ആരേയും ബലാത്സംഗം ചെയ്തിട്ടില്ല. ആ സ്ത്രീകള്‍ എല്ലാം നന്നായി ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹം അവരെ സന്തോഷിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ സല്‍മാന്‍ ഖാനൊപ്പം സന്തോഷിച്ച പോലെ. നിങ്ങള്‍ക്ക് അത് ഓര്‍മ്മയുണ്ടാകുമെന്ന് കരുതുന്നു””- എന്നായിരുന്നു ഇയാള്‍ ട്വിറ്ററില്‍ കുറിച്ചത്.

ഇതിന് പിന്നാലെ സംഘപരിവാര്‍ അനുകൂലകളുടെ വായടപ്പിച്ച് രേണുക ഷഹാന്‍ എത്തി. ടോയ്‌ലറ്റിന് പോലും യോജിക്കാത്ത ചിന്തകളാണല്ലോ താങ്കളുടേതെന്നും എത്രമോശമായാണ് നിങ്ങളുടെ ആലോചന പോകുന്നതെന്നും രേണുക ചോദിച്ചു. “”ഇത്രയും ദുഷിച്ച മനസുള്ള സ്വയം കാവല്‍ക്കാരനെന്ന് വിളിക്കുന്നവനെ കത്തിക്കുകയാണ് വേണ്ടത്. നിങ്ങളെയൊക്കെ കാവല്‍ക്കാരന്‍ എന്ന് വിളിക്കുന്നതിലൂടെ കാവല്‍ക്കാരെ അധിക്ഷേപിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. നിങ്ങളുടെ പേരിനപ്പുറം ട്രോള്‍ എന്നാണ് ചേര്‍ക്കേണ്ടത്. നിങ്ങള്‍ക്ക് അതാണ് ചേരുക- രേണുക കുറിച്ചു.


നിങ്ങള്‍ എവിടുത്തെ ചൗക്കിദാറാണ്; നിങ്ങളുടെ മൂക്കിന് താഴെയല്ലേ ഇതെല്ലാം സംഭവിക്കുന്നത്; മോദിയോട് ഒവൈസി


രേണുകയുടെ മറുപടിയെ കയ്യടിച്ചാണ് സോഷ്യല്‍മീഡിയ സ്വീകരിച്ചത്. ഇത്തരക്കാര്‍ അര്‍ഹിക്കുന്ന മറുപടി ഇതാണെന്നും ഇത്തരം വൃത്തികെട്ട വാക്കുകള്‍ ഇന്ത്യയുടെ ശബ്ദമായി ഇനി അധിക കാലം തുടരില്ലെന്നും അവ മാഞ്ഞുപോകുമെന്നുമായിരുന്നു കവി കുമാര്‍ വിശ്വാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

മോദിയുടെ ചൗക്കിദാര്‍ കാമ്പയിനെ പിന്തുണച്ചുകൊണ്ട് എം.ജെ അക്ബര്‍ ട്വിറ്ററില്‍ തന്റെ പേരിനൊപ്പം ചൗകിദാര്‍ എന്ന് ചേര്‍ത്തിരുന്നു.

“നിങ്ങളും ഒരു കാവല്‍ക്കാരനായിരുന്നെങ്കില്‍ ഒരു സ്ത്രീ പോലും ഇവിടെ സുരക്ഷിതരായിരിക്കില്ല ” എന്നായിരുന്നു അക്ബറിന്റെ ട്വീറ്റിന് മറുപടിയായി രേണുക കുറിച്ചത്

ലിമിറ്റ് ഓഫ് ഷെയിംലെസ്നെസ് എന്ന ഹാഷ്ടാഗോടുകൂടിയായിരുന്നു രേണുക ട്വീറ്റ് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ നിരവധി ആക്റ്റിവിസ്റ്റുകള്‍ അക്ബറിനെതിരെ രംഗത്തെത്തിയിരുന്നു. രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ അക്ബര്‍ ചൗകിദാര്‍ പ്രയോഗം പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണമായിരുന്നു രേണുകയ്‌ക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയത്.