കഥാപാത്രങ്ങള്‍ക്ക് പേരിടാതെ നമ്പറുകളിട്ട് സിനിമ ചെയ്യേണ്ട അവസ്ഥ വന്നേക്കാം; എല്ലാ പേരുകളും ദൈവനാമവുമായി ബന്ധമുണ്ട്: രണ്‍ജി പണിക്കര്‍
Film News
കഥാപാത്രങ്ങള്‍ക്ക് പേരിടാതെ നമ്പറുകളിട്ട് സിനിമ ചെയ്യേണ്ട അവസ്ഥ വന്നേക്കാം; എല്ലാ പേരുകളും ദൈവനാമവുമായി ബന്ധമുണ്ട്: രണ്‍ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th June 2025, 2:44 pm

കഴിഞ്ഞ ദിവസമായിരുന്നു ജാനകി എന്ന പേര് മാറ്റാതെ സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചതിന് എതിരെ ചലച്ചിത്ര സംഘടനകള്‍ രംഗത്ത് വന്നിരുന്നു.

സിനിമക്ക് പൂര്‍ണ പിന്തുണയുമായി ഫെഫ്കയും എത്തിയിരുന്നു. നാളെ കഥാപാത്രങ്ങള്‍ക്ക് മനുഷ്യന്റെ പേര് ഇടാതെ നമ്പര്‍ ഇടേണ്ടി വരുന്ന സാഹചര്യത്തിലേക്ക് പോയേക്കാമെന്ന് മാധ്യമങ്ങളോട് പറയുകയാണ് രണ്‍ജി പണിക്കര്‍.

സീതയുടെ മറ്റൊരു പേരായ ജാനകി എന്ന പേര് നല്‍കിയതിനാലാണ് ചിത്രത്തിന് അനുമതി നിഷേധിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നമ്മുടെ സംസ്‌കാരവും പാരമ്പര്യവും അനുസരിച്ച് എല്ലാ പേരുകളും ഏതെങ്കിലുമൊക്കെ അര്‍ത്ഥത്തില്‍ ദൈവ നാമങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നാണ് രണ്‍ജി പണിക്കര്‍ പറയുന്നത്.

ജാനകിയെന്നത് മുപ്പത്തിമുക്കോടി ദേവതകളില്‍ ഏതെങ്കിലും ഒന്നിന്റെ പേരാണെങ്കില്‍ എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകട സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന അന്തരീക്ഷത്തിന്റെ ഭീകരത എന്താണെന്ന് വിളിച്ചു പറയുന്ന ഏറ്റവും പുതിയ സംഭവമാണ് ഇതെന്നും രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

‘നമ്മളുടെ സംസ്‌കാരവും പാരമ്പര്യവും അനുസരിച്ച് ലഭിക്കുന്ന എല്ലാ നാമങ്ങളും ഏതെങ്കിലുമൊക്കെ അര്‍ത്ഥത്തില്‍ ദൈവ നാമങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് ഏത് മതമായാലും അങ്ങനെ തന്നെയാണ്.

ഒരു പേരിനെ സംബന്ധിച്ച് ഉണ്ടാകുന്ന തര്‍ക്കം കാരണം നാളെ കഥാപാത്രങ്ങള്‍ക്ക് മനുഷ്യന്റെ പേര് ഇടാതെ നമ്പര്‍ ഇടേണ്ടി വരുന്ന സാഹചര്യത്തിലേക്ക് പോയേക്കാം. ഏത് പേരിലും ഈ പ്രശ്‌നമുണ്ടാകുമല്ലോ. ജാനകി എന്നത് മുപ്പത്തിമുക്കോടി ദേവതകളില്‍ ഏതെങ്കിലും ഒന്നിന്റെ പേരാണെങ്കില്‍ എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകട സാധ്യതകളുണ്ട്.

വരാനിരിക്കുന്ന അന്തരീക്ഷത്തിന്റെ ഭീകരത എന്താണെന്ന് വിളിച്ചു പറയുന്ന ഏറ്റവും പുതിയ സംഭവമായിട്ട് വേണം നമ്മള്‍ ഇതിനെ കാണേണ്ടത്. നാളെ ഒരു പേരും ഇടാതെ എല്ലാ കഥാപാത്രങ്ങള്‍ക്കും നമ്പര്‍ ഇട്ട് സിനിമയും കഥകളും നാടകവും ഉണ്ടാക്കേണ്ട സാഹചര്യം ഉണ്ടാകും,’ രണ്‍ജി പണിക്കര്‍ പറയുന്നു.

Content Highlight: Renji Panicker Talks About Janaki Vs State Of Kerala Movie Issue