ചെ ഗുവേരയുടെ പ്രശസ്ത ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ റെനെ ബറി അന്തരിച്ചു
Daily News
ചെ ഗുവേരയുടെ പ്രശസ്ത ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ റെനെ ബറി അന്തരിച്ചു
ന്യൂസ് ഡെസ്‌ക്
Thursday, 23rd October 2014, 8:59 am

reneജനീവ: മാര്‍ക്‌സിസ്റ്റ് വിപ്ലവകാരി ചെ ഗുവേരയുടെയും വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെയും അത്യപൂര്‍വ്വ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ റെനെ ബറി അന്തരിച്ചു. 81 വയസ്സായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

1933ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിക്കില്‍ ജനിച്ച റെനെ 13ാം വയസ്സില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ഫോട്ടോ എടുത്തു കൊണ്ടാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. 1955 മുതല്‍ പ്രശസ്ത ഫോട്ടോഗ്രഫി കമ്പനിയായ മാഗ്നം ഫോട്ടോസില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.

ലൈഫ്, ന്യൂയോര്‍ക്ക് ടൈംസ്, പാരീസ് മാച്ച് എന്നീ പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി ചിത്രങ്ങള്‍ പകര്‍ത്തിയിരുന്ന അദ്ദേഹം 1963ല്‍ ക്യൂബയില്‍ വെച്ചാണ് ചുരുട്ട് പുകക്കുന്ന ചെ യുടെ ഫോട്ടോ എടുത്തത്. മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോ, ചിത്രകാരന്‍ പിക്കാസോ, ആര്‍ടിസ്റ്റ് ലി കോര്‍ബൈസര്‍ എന്നിവരുടെ പ്രശസ്ത ചിത്രങ്ങളും റെനെയുടെ കാമറയില്‍ പതിഞ്ഞവയാണ്.

1962ല്‍ പാരീസിലെ മാഗ്നം ഗാലറി ആരംഭിച്ച അദ്ദേഹം “ദ ടു ഫേസസ് ഓഫ് ചൈന” എന്ന സിനിമയുടെ അണിയറയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റെനെയുടെ മരണത്തോടെ ലോക ഫോട്ടോഗ്രഫിക്ക് ശക്തനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടതെന്ന് മാഗ്നം ഫോട്ടോസ് പ്രസിഡന്റ് മാര്‍ടിന്‍ പാര്‍ പറഞ്ഞു.