വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നത് ഭീകരവാദത്തേക്കാള്‍ കുറ്റകരം; വോട്ടര്‍ അധികാര്‍ യാത്രയില്‍ സ്റ്റാലിന്‍
India
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നത് ഭീകരവാദത്തേക്കാള്‍ കുറ്റകരം; വോട്ടര്‍ അധികാര്‍ യാത്രയില്‍ സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th August 2025, 7:20 pm

മുസാഫര്‍പുര്‍: വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നത് ഭീകരവാദത്തേക്കാള്‍ കുറ്റകരമായ പ്രവൃത്തിയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കുകയാണെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു റിമോട്ട് കണ്‍ട്രോള്‍ പാവയായി മാറിയെന്നും സ്റ്റാലിന്‍ ആരോപിച്ചു. ബുധനാഴ്ച മുസാഫര്‍പുരില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിച്ച സ്റ്റാലിന്‍, ബീഹാറില്‍ നിന്ന് ഏകദേശം 65 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെ ‘ജനാധിപത്യപരമായ കൂട്ടക്കൊല’ എന്ന് വിശേഷിപ്പിച്ചു.

ബീഹാറിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി 2000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് താന്‍ ഇവിടെയെത്തിയതെന്നും സാധുവായ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നുവെന്നും ഇതിനേക്കാള്‍ അപകടകരമായ മറ്റൊരു കാര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

‘ബീഹാറിലെ ഓരോ വോട്ടും മോഷ്ടിക്കപ്പെട്ടതിന്റെ ഭാരം ഈ മണ്ണിനുണ്ട്.’ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി വിജയിച്ചാല്‍, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ താന്‍ വീണ്ടും ബീഹാറില്‍ എത്തുമെന്ന് വാഗ്ദാനം ചെയ്താണ് സ്റ്റാലിന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

യാത്രയില്‍ സ്റ്റാലിനൊപ്പം സഹോദരിയും എം.പിയുമായ കനിമൊഴി കരുണാനിധി, കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, സി.പി.ഐ (എം.എല്‍) ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യ എന്നിവരും പങ്കെടുത്തു.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും സ്റ്റാലിന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തപ്പോള്‍, സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ട ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധിയും സ്റ്റാലിനെ സ്വാഗതം ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചു. ‘വോട്ട് മോഷണത്തിനെതിരായ നമ്മുടെ പോരാട്ടത്തിന് താങ്കളുടെ സാന്നിധ്യം ശക്തി നല്‍കുന്നു,’ രാഹുല്‍ ഗാന്ധി കുറിച്ചു.

Content Highlight: Removing names from voter lists is more criminal than terrorism; Stalin in Voter Adhikar Yatra