പി.എസ്.സിയുടെ ഇന്റര്‍വ്യൂ ബോര്‍ഡുകളില്‍ നിന്ന് സി.എന്‍. വിജയകുമാരിയെ നീക്കണം; സര്‍ക്കാരിനോട് ടി.എസ്. ശ്യാംകുമാര്‍
Kerala
പി.എസ്.സിയുടെ ഇന്റര്‍വ്യൂ ബോര്‍ഡുകളില്‍ നിന്ന് സി.എന്‍. വിജയകുമാരിയെ നീക്കണം; സര്‍ക്കാരിനോട് ടി.എസ്. ശ്യാംകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th November 2025, 9:11 am

ആലപ്പുഴ: ഡോ. സി.എന്‍. വിജയകുമാരിയെ ഇന്റര്‍വ്യൂ ബോര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും പി.എസ്.സിയോടും ആവശ്യപ്പെട്ട് സാമൂഹിക നിരീക്ഷകന്‍ ടി.എസ്. ശ്യാംകുമാര്‍.

വിജയകുമാരിയുടെ ഇടപെടല്‍ വ്യവസ്ഥാപരവും സ്ഥാപനപരവുമായ പുറന്തള്ളല്‍ ഹിംസയാണെന്ന് തിരിച്ചറിഞ്ഞ് നടപടിയെടുക്കണമെന്നും ടി.എസ്. ശ്യാംകുമാര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഡോ. വിജയകുമാരിയുടെ ഹിന്ദുത്വ അജണ്ടക്കെതിരെ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണെന്നും ടി.എസ്. ശ്യാംകുമാര്‍ കുറിച്ചു.

‘താന്‍ പി.എസ്.സിയുടെ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗമാണ്, എതിര്‍ത്താല്‍ കാണിച്ചു തരാം’ എന്ന രീതിയിലാണ് അവകാശം ഉന്നയിക്കുന്ന വിദ്യാര്‍ത്ഥികളോട് വിജയകുമാരി ഇടപെടാറുള്ളതെന്ന് ഗവേഷകര്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അക്കാദമിക നൈതികതയെ വെല്ലുവിളിച്ചുകൊണ്ട് ഒരു ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത വിജയകുമാരിയുടെ പ്രവൃത്തികള്‍ ജനാധിപത്യ കേരളം അനുവദിച്ച് കൊടുക്കാന്‍ പാടില്ലാത്തതാണെന്നും ടി.എസ്. ശ്യാംകുമാര്‍ പറഞ്ഞു.

സി.എന്‍. വിജയകുമാരിയില്‍ നിന്ന് ജാതി അധിക്ഷേപം നേരിട്ട വിപിന്‍ വിജയന്റെ ഓപ്പണ്‍ ഡിഫന്‍സിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ച് കേരള സര്‍വകലാശാലയിലെ ഗവേഷകനായ അജിന്ത് അജയ് റിപ്പോട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണവും ശ്യാംകുമാര്‍ പങ്കുവെച്ചിട്ടുണ്ട്.

പയാഗ്‌രാജ സംസ്‌കൃത സര്‍വകലാശാലയിലെ പ്രൊഫസര്‍ അനില്‍ പ്രതാപ് ഗിരി ആയിരുന്നു ഓപ്പണ്‍ ഡിഫന്‍സിന്റെ ചെയര്‍മാന്‍. വിപിന്‍ വിജയന്റെ തീസിസ് ഡോക്ടറേറ്റിനായി താന്‍ ശുപാശ ചെയ്തതാണെന്നും ഇതില്‍ ഡീനിന് അനാവശ്യ ഇടപെടല്‍ നടത്തേണ്ടതില്ലെന്നുമാണ് പ്രൊഫസര്‍ അനില്‍ പ്രതാപ് ഓപ്പണ്‍ ഡിഫന്‍സില്‍ പറഞ്ഞതെന്ന് അജിന്ത് ചൂണ്ടിക്കാട്ടുന്നു.

ചെയര്‍മാന്‍ ഡോക്ടറേറ്റിനായി ശുപാശ ചെയ്താല്‍ അടുത്ത നടപടിക്രമം എന്നത് നന്ദി പ്രകാശിപ്പിക്കുക എന്നതാണ്. എന്നാല്‍ അത് തടസപ്പെടുത്തിക്കൊണ്ട് സംസ്‌കൃതം വിഭാഗം എച്ച്.ഒ.ഡി കൂടിയായ സി.എന്‍. വിജയകുമാരി സംസാരിക്കുകയായിരുന്നുവെന്നാണ് അജിന്ത് പറയുന്നത്.

വിഷയത്തില്‍ പ്രൊഫസര്‍ അനില്‍ പ്രതാപ് ഇടപെട്ടുവെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് ഓപ്പണ്‍ ഡിഫന്‍സിനെത്തിയവര്‍ കൈയടിക്കുകയാണ് ചെയ്തതെന്നും അജിന്ത് ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇതിനെ മുന്‍നിര്‍ത്തിയാണ് ടി.എസ്. ശ്യാംകുമാറിന്റെ പ്രതികരണം.

Content Highlight: Remove CN Vijayakumari from PSC interview boards; TS Syamkumar tells government