കുട്ടികളുടെ ജാതി രഹസ്യമായി സൂക്ഷിക്കണം; സ്കൂളിന്റെ പേരിൽ ജാതി വേണ്ട; ജസ്റ്റിസ് ചന്ദ്രു റിപ്പോർട്ടിന്റെ വിശദാംശങ്ങൾ
Opinion
കുട്ടികളുടെ ജാതി രഹസ്യമായി സൂക്ഷിക്കണം; സ്കൂളിന്റെ പേരിൽ ജാതി വേണ്ട; ജസ്റ്റിസ് ചന്ദ്രു റിപ്പോർട്ടിന്റെ വിശദാംശങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2024, 1:07 pm

ചെന്നൈ: എല്ലാ സ്വകാര്യ സർക്കാർ സ്‌കൂളുകളുടെ പേരിൽ നിന്നും ജാതി നീക്കം ചെയ്യണമെന്ന് റിട്ടയേർഡ് ജഡ്ജി കെ. ചന്ദ്രുവിൻ്റെ റിപ്പോർട്ട്. 610 പേജുകളുള്ള റിപ്പോർട്ട് അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയും, ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന് കൈമാറി. സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ ജാതിപ്പേര് ഒഴിവാക്കുക തുടങ്ങി ജാതിയധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പൊളിച്ചു മാറ്റുന്നതിനുള്ള നിരവധി ശുപാർശകളാണ് ഇതിൽ വിശദീകരിക്കുന്നത്.

ജാതി ഐഡൻ്റിറ്റികളിലെ വ്യവസ്ഥാപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ, പ്രത്യേകിച്ച് സ്കൂളുകളിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ പരിഹരിക്കുന്നതിനുമുള്ള ടേം ശുപാർശകളാണ് ചന്ദ്രുവിന്റേത്.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജാതി മത അസമത്വങ്ങളെ ഇല്ലായ്മ ചെയ്യുന്ന നിർദേശങ്ങൾ പാഠ്യ മേഖലയിൽ ഉൾപെടുത്തേണ്ടതുണ്ട്. ചില അടിസ്ഥാന നിർദേശങ്ങളിലൂടെ ജാതിയുടെ വേർതിരിവുകൾ ഇല്ലാതാക്കാൻ സാധിക്കുമെന്ന് ചന്ദ്രു പറയുന്നു.

‘കല്ലാർ’, ‘ആദി ദ്രാവിഡർ’ തുടങ്ങിയ ജാതി ആപ്തവാക്യങ്ങൾ സ്‌കൂളുകളുടെ പേരുകളിൽ നിന്ന് ഒഴിവാക്കണമെന്നും അവയെ സർക്കാർ സ്‌കൂളുകൾ എന്ന് വിളിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്‌കൂളിൽ ഒരു വിദ്യാർത്ഥിയുടെ ജാതി റെക്കോർഡ് ഫയലായി സൂക്ഷിക്കും. എന്നാൽ അത്തരം ഒരു രേഖ പരിശോധിക്കാനുള്ള അവകാശം സ്കൂളിലെ പ്രധമാദ്ധ്യപകനും മറ്റ് പരിശോധനാധികാരികൾക്കും മാത്രമായി പരിമിതപ്പെടുത്തണമെന്നും, രേഖക്ക് രഹസ്യ സ്വഭാവം നിലനിർത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു.

വിദ്യാർത്ഥികൾ നിറമുള്ള റിസ്റ്റ് ബാൻഡ്, മോതിരം, നെറ്റിയിൽ ജാതി അടയാളങ്ങൾ എന്നിവ ധരിക്കുന്നത് വിലക്കണമെന്നും ജാതി പരാമർശിക്കുന്നതോ ജാതിയുമായി ബന്ധപ്പെട്ട വികാരങ്ങൾ പ്രകടിപ്പിക്കുന്നതോ ആയ വാഹനങ്ങളിൽ സ്‌കൂളിൽ വരുന്നത് ഒഴിവാക്കണമെന്നും സമിതി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒമ്പതാം ക്ലാസുകാരനെയും സഹോദരിയെയും സഹപാഠികൾ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഇങ്ങനെയൊരു പാനൽ രൂപീകരിക്കപ്പെട്ടത്. ജാതി പേരുകൾ സ്കൂളിന്റെ പേരിൽ നിന്ന് നീക്കം ചെയ്യണം. സർക്കാർ നടത്തുന്ന എല്ലാ തരം സ്‌കൂളുകളും വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കൊണ്ടുവരാനുള്ള സംസ്ഥാനത്തിൻ്റെ നയപരമായ തീരുമാനം അടിയന്തരമായി നടപ്പാക്കണം തുടങ്ങിയ കാര്യങ്ങളും നിർദേശങ്ങളിലുണ്ട്.

വിദ്യാഭ്യാസത്തിലെ കാവിവൽക്കരണവും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറുന്നവരെ കുറിച്ചും സാമുദായിക സൗഹാർദ്ദം തടസപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങളെകുറിച്ചുമുള്ള ആരോപണങ്ങൾ അന്വേഷിക്കാനും ഒരു വിദഗ്ധ സമിതിയെയോ ഏജൻസിയെയോ നിയോഗിക്കാവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എല്ലാ അധ്യയന വർഷത്തിൻ്റെയും തുടക്കത്തിൽ 6 മുതൽ 12 വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും പരിശീലനം ലഭിച്ച പ്രൊഫഷണലുകളും അദ്ധ്യാപകരും നൽകുന്ന ഒരു ഓറിയൻ്റേഷൻ പ്രോഗ്രാം നിർബന്ധമായും നൽകണം. സംസ്ഥാന സർക്കാരും സ്‌കൂൾ വിദ്യാഭ്യാസ വകുപ്പും തമിഴ്‌നാട്ടിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും വിദ്യാർത്ഥി അസോസിയേഷനുകൾ അനുവദിക്കണം. വിദ്യാർത്ഥികളെ വോട്ടുചെയ്യാൻ അനുവദിച്ചുകൊണ്ട് വർഷം തോറും തെരഞ്ഞെടുക്കപ്പെടുന്ന നേതൃത്വം ഉണ്ടാകേണ്ടത് അടിസ്ഥാന വിഷയമാണ്.

സ്‌കൂൾ കാമ്പസുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സർക്കാർ കർശനമായി നിരോധിക്കണമെന്ന് പറഞ്ഞ സമിതി, ഈ ഉത്തരവ് സംസ്ഥാന ബോർഡിന് കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല, മറ്റ് ബോർഡുകളുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്‌കൂളുകളിലും ബാധകമാക്കണമെന്ന് പറഞ്ഞു.

എല്ലാത്തരം സ്‌കൂളുകളിലും 6 മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മോറൽ ക്ലാസുകൾ നിർബന്ധമാക്കണമെന്ന് കമ്മിറ്റി പറഞ്ഞു. എല്ലാ ആഴ്ചയിലും അതിനായുള്ള പ്രത്യേക സമയം അനുവദിക്കേണ്ടതുണ്ട്. ഓരോ ബ്ലോക്കിലേക്കും പരിശീലനം ലഭിച്ച ഒരു കൗൺസിലറെ സർക്കാർ നിയമിക്കണം, അവർ ആ ബ്ലോക്കിലെ എല്ലാ സെക്കൻഡറി സ്കൂളുകളിലും പങ്കെടുക്കേണ്ടതുണ്ട്. ഏതെങ്കിലും വിദ്യാർത്ഥി മയക്കുമരുന്നിന് അടിമയാണെങ്കിൽ, സംസ്ഥാനത്തിൻ്റെ ചെലവിൽ ആ വിദ്യാർത്ഥിയെ ഡീ അഡിക്ഷൻ സെൻ്ററിൽ പ്രവേശിപ്പിക്കാൻ കൗൺസിലർ ശുപാർശ ചെയ്യുകയും വിദ്യാർത്ഥിയുടെ പുരോഗതി നിരീക്ഷിക്കുകയും ചെയ്യും.

500 ൽ അധികം കുട്ടികളുള്ള ഓരോ സെക്കന്ററി സ്കൂളുകളിലും ഒരു സ്കൂൾ വെൽഫെയർ ഓഫീസർ ഉണ്ടായിരിക്കണം. മത സാമുദായിക വിഷയങ്ങൾ രൂക്ഷമാകുന്ന സ്ഥലങ്ങളിൽ, ഒരു പ്രദേശം ജാതി അതിക്രമ ബാധിത പ്രദേശമായി പ്രഖ്യാപിക്കേണ്ടതുണ്ടോ എന്ന് സർക്കാർ വിലയിരുത്തണമെന്നും റിപ്പോർട്ട് പറയുന്നു. ജാതി അക്രമങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും ജാതി വിവേചനം വളർത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെയോ സംഘടനകളെയോ കണ്ടെത്തുന്നതിനും സംസ്ഥാന സർക്കാരിന് പ്രത്യേക രഹസ്യാന്വേഷണ വിഭാഗം രൂപീകരിക്കാമെന്നും ചൂണ്ടികാണിക്കുന്നു.

ജാതി പക്ഷപാതം തടയാൻ അദ്ധ്യാപകർക്ക് ഇടയ്ക്കിടെ സ്ഥലം മാറ്റം നിർദ്ദേശിക്കണമെന്ന മറ്റൊരു നിർദേശം കൂടിയുണ്ട്. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരെ കാലാനുസൃതമായി സ്ഥലം മാറ്റേണ്ടതുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർമാർ, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകർ എന്നിവരുടെ നിയമനത്തിൽ, ആ പ്രദേശത്തെ പ്രബല ജാതിയിൽപ്പെട്ടവരെ നിയമിക്കാതിരിക്കാൻ സർക്കാർ മാർഗനിർദേശങ്ങൾ രൂപീകരികേണ്ടതിന്റെ ആവശ്യകതക്കും ഊന്നൽ നൽകുന്നു.

എല്ലാത്തരം സ്‌കൂളുകളിലെയും കോളേജുകളിലെയും സർവ്വകലാശാലകളിലെയും അധ്യാപകർക്കും ജീവനക്കാർക്കും ഒരു പെരുമാറ്റച്ചട്ടം രൂപീകരിക്കുക എന്ന സുപ്രധാനമായ തീരുമാനവും ചന്ദ്രുവടങ്ങുന്ന ഈ പാനലിന്റെ ശുപാർശകളിലൊന്നാണ്.

നിരവധി അദ്ധ്യാപകരിൽ നിന്നും അദ്ധ്യാപക സംഘടനകളിൽ നിന്നും പാനൽ അഭിപ്രയം തേടിയിരുന്നു. ഏകദേശം 2741 പേരുടെയെങ്കിലും അഭിപ്രായം സമിതി ആരാഞ്ഞിരുന്നു. എന്നാൽ ഭൂരിപക്ഷം വരുന്ന വിദ്യാർത്ഥി സംഘടനകളും അദ്ധ്യാപക സംഘടനകളും തങ്ങളുടെ അഭിപ്രായം ഇതുവരെ അറിയിച്ചിട്ടില്ല. കത്തിലൂടെയും ഈമെയിലിലൂടെയും അവരുടെ അഭിപ്രയങ്ങളും തേടിയിരുന്നെങ്കിലും കാര്യമായ ഒരുത്തരവും അവരിൽ നിന്നും ഉണ്ടായിട്ടില്ലെന്നും ചന്ദ്രു പറഞ്ഞു. സി.പി.ഐ.എം, ഡി.എം.കെ തുടങ്ങിയ രാഷ്ട്രീയകക്ഷികളൊഴികെ ചില പാർട്ടികളൊന്നും തങ്ങളുടെ അഭിപ്രായമെന്തെന്ന് അറിയിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.