തിരുവനന്തപുരം: സ്‌കൂളുകളിലെ മതപ്രാര്‍ത്ഥന ഒഴിവാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. മതപ്രാര്‍ത്ഥനകള്‍ക്ക് പകരം സര്‍വമത പാര്‍ത്ഥനകളാണ് സ്‌കൂളുകളില്‍ വേണ്ടതെന്നും ഇതിനായി നിര്‍ദേശം നല്‍കാന്‍ ആലോചനകള്‍ നടന്ന് വരികയാണെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞതായി മാധ്യമം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
പല സ്‌കൂളുകളിലും പ്രത്യേക മതങ്ങളുടെ പ്രാര്‍ത്ഥനകള്‍ ചൊല്ലാറുണ്ടെന്നും ഒരു മതത്തിന്റേയും പ്രാര്‍ത്ഥനകള്‍ മറ്റൊരു മതത്തില്‍പ്പെട്ട കുട്ടികളെക്കൊണ്ട് നിര്‍ബന്ധിച്ച് ചൊല്ലിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഈ വിഷയം കേരളം ചര്‍ച്ച ചെയ്യണമെന്നും ഇത് പരിശോധിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്നും വി. ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
സ്‌കൂളുകളിലെ പ്രാര്‍ത്ഥനകള്‍ എല്ലാ മതത്തിലുംപെട്ട കുട്ടികള്‍ക്കും അംഗീകരിക്കാവുന്നതാണെന്നും എന്നാല്‍ ഇതിന് വിഭിന്നമായതാണ് നിലവില്‍ സ്‌കൂളുകളില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളെന്നും അത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇത് കുട്ടികള്‍ക്കിടയില്‍ മതേതരത്വം വളര്‍ത്താന്‍ തടസമാണെന്നും ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ ചിന്തകള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight: Religious prayers will be avoided in schools says V. Sivankutty