ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന് കാരണം മത-രാഷ്ട്രീയ പരിപാടികള്‍: ലോകാരോഗ്യ സംഘടന
World News
ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന് കാരണം മത-രാഷ്ട്രീയ പരിപാടികള്‍: ലോകാരോഗ്യ സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th May 2021, 10:16 am

ജനീവ: ഇന്ത്യയില്‍ കൊവിഡ് അതിവേഗം വ്യാപിക്കാന്‍ കാരണം മത, രാഷ്ട്രീയ പരിപാടികള്‍ നടത്തിയതാണെന്ന് ലോകാരോഗ്യ സംഘടന. മതചടങ്ങുകളിലും രാഷ്ട്രീയ പരിപാടികളിലും ആളുകള്‍ തിങ്ങി നിറഞ്ഞ് പങ്കെടുത്തതാണ് കൊവിഡ് വ്യാപിച്ചതിന് കാരണമായതെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്.

കൊവിഡ് വൈറസിന്റെ വകഭേദം പെട്ടെന്ന് വ്യാപിക്കാന്‍ ഇടയായതും, വിവിധ രാഷ്ട്രീയ മത പരിപാടികളില്‍ ആളുകള്‍ ഒരുമിച്ച് കൂടിയതും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് കാര്യമായ ശ്രദ്ധ നല്‍കാതിരുന്നതുമാണ് രാജ്യത്ത് കൊവിഡ് വര്‍ധിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ-കിഴക്കന്‍ ഏഷ്യയിലെ കൊവിഡ് രോഗികളില്‍ 95 ശതമാനം കൊവിഡ് കേസുകളും 93 ശതമാനത്തോളം കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡിന്റെ ബി.1.617 വകഭേദം ആദ്യം ആദ്യം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 2020 ഒക്ടോബറിലാണ്. അതിനുശേഷം വൈറസിന്റെ വിവിധ സാംപിളുകള്‍ കണ്ടെത്തി. ഏകദേശം 44 രാജ്യങ്ങളില്‍ ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ബ്രിട്ടണിലാണ് വൈറസ് സാന്നിദ്ധ്യം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ആദ്യ വൈറസിനെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് ജനിതകമാറ്റം സംഭവിച്ച വൈറസെന്നും വ്യാപനശേഷി കൂടുതലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം രാജ്യത്ത് പുതുതായി 3,62,727 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,52,181പേര്‍ കൊവിഡ് മുക്തരായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Religious, Political Events Among Factors Behind Covid Spike In India: WHO